രണ്ടു പേർ അറസ്റ്റിൽ

ചേർത്തല : ഓട്ടോറിക്ഷയിലെത്തിയ മൂന്നംഗസംഘം ദമ്പതികളെ വീട്ടിൽ കയറി ആക്രമിച്ചു. സംഭവത്തിൽ രണ്ട് പേരെ പൊലീസ് അറസ്​റ്റ് ചെയ്തു.

നഗരസഭ എട്ടാം വാർഡിൽ കുളത്രക്കാട് തകിടിവെളി സലേഷ്‌കുമാർ (36), ഭാര്യ ജ്യോതിലക്ഷ്മി (31) എന്നിവർക്കാണ് പരിക്കേറ്റത്. ഇവർ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. നഗരസഭ 22-ാം വാർഡിൽ ചെറുവീട്ടിൽ രതീഷ് (35),പുത്തൻപുരയ്ക്കൽ അരുൺ (30) എന്നിവരെയാണ് പൊലീസ് പിടികൂടിയത്.

ഇന്നലെ ഉച്ചയോടെ ഓട്ടോറിക്ഷയിൽ എത്തിയ മൂന്നംഗ സംഘവും സലേഷുമായി വാക്കുതർക്കമുണ്ടായി. തുടർന്ന് ഇവർ സലേഷിനെ ആക്രമിക്കുകയും വീടിന്റെ ജനാലകളും കസേരകളും തല്ലി തകർക്കുകയും ചെയ്തു.തടയാനെത്തിയ ജ്യോതിലക്ഷ്മിയെ തള്ളി താഴെയിട്ടു. ഇവിടെ നിന്ന് മടങ്ങിയ സംഘം പിന്നീട് അനുരഞ്ജന ചർച്ചയ്ക്കായി വട്ടവെളി പാലത്തിന് സമീപം എത്താൻ സലേഷിനോട് ആവശ്യപ്പെട്ടു. സലേഷ് വിവരം അറിയിച്ചതോടെ മഫ്തിയിൽ ഇവിടെ എത്തിയ പൊലീസ് ഉദ്യോഗസ്ഥരെ അക്രമി സംഘം കൈയേറ്റം ചെയ്തു. തുടർന്ന് കൂടുതൽ പൊലീസുകാരെത്തിയാണ് അക്രമികളെ കീഴ്പ്പെടുത്തിയത്.സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ കൂടി പിടികൂടാനുണ്ട്.സാമ്പത്തിക ഇടപാടാണ് ആക്രമണത്തിന് കാരണമെന്നും പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കുമെന്നും എസ്.ഐ ജി. അജിത്ത്കുമാർ പറഞ്ഞു.