30ന് മുൻപ് നീക്കിയില്ലെങ്കിൽ ഉദ്യോഗസ്ഥർക്കും പണി
ആലപ്പുഴ: പാതയോരങ്ങളിൽ അനധികൃതമായി സ്ഥാപിച്ചിട്ടുള്ള ചെറുതും വലുതുമായ ഫ്ളക്സ് ബോർഡുകളും കമാന ഭാഗങ്ങളും 30ന് മുൻപ് നീക്കം ചെയ്യണമെന്ന കോടതി ഉത്തരവ് നടപ്പായാലുണ്ടാവുന്ന ആശ്വാസം അത്ര ചെറുതല്ല. ഇക്കാര്യത്തിൽ ഉദ്യോഗസ്ഥർ വീഴ്ച വരുത്തിയാൽ, ഇവ നീക്കം ചെയ്യാനുള്ള ചെലവ് അവരിൽ നിന്ന് ീടാക്കണമെന്ന നിർദ്ദേശമാണ് പ്രതീക്ഷയ്ക്ക് വക നൽകുന്നത്.
പഞ്ചായത്തീ രാജ്, നഗരപാലികാ നിയമങ്ങൾ അനുസരിച്ച് മുൻകൂട്ടി അനുവാദം വാങ്ങാതെയാണ് പാതയോരങ്ങളിൽ കാൽനട യാത്രക്കാർക്കും ഒപ്പം വാഹനങ്ങൾക്കും വലിയ ശല്യമുണ്ടാക്കും വിധം ബോർഡുകളും കമാനങ്ങളും സ്ഥാപിക്കുന്നത്. നിരത്ത് വിഭാഗത്തിന്റെ മുൻകൂർ അനുമതി വാങ്ങണമെന്ന ഉത്തരവും സംഘാടകർ പാലിക്കാറില്ല. ഗതാഗതത്തിന് തടസമുണ്ടാകുന്നവിധം ഇവ സ്ഥാപിക്കാൻ പാടില്ലെന്ന ഉത്തരവ് ലംഘിച്ചാൽപ്പോലും പലപ്പോഴും നടപടിയില്ല.
റോഡിനു കുറുകെ ഇപ്പോൾ കമാനങ്ങൾ സ്ഥാപിക്കുന്ന പതിവില്ല. പകരം കമാനത്തിന്റെ പാതി വീതം ഒരു വശത്തുമായി സ്ഥാപിക്കും. വിവിധ രാഷ്ട്രീയ പാർട്ടികളും സംഘടനകളും നടത്തുന്ന ജാഥകളുമായി ബന്ധപ്പെട്ട് വ്യാപകമായി ഫ്ളക്‌സുകൾ ഗ്രാമ, നഗര വ്യത്യാസമില്ലാതെ റോഡരികുകളിൽ സ്ഥാപിച്ചിട്ടുണ്ട്. തടി ഫ്രെയിമിൽ തീർത്ത ഫ്ളക്‌സ് ബോർഡുകൾ ഇലക്ട്രിക് പോസ്റ്റുകളിലും മറ്റും കെട്ടിവച്ചിരിക്കുകയാണ്. വളവുകളിലും പാലങ്ങളിലും ഇത്തരത്തിലുള്ള ഫ്ളക്‌സ് ബോർഡുകൾ ഡ്രൈവർമാരുടെ കാഴ്ച മറയ്ക്കുകയും ചെയ്യുന്നു.
ആലപ്പുഴ നഗരത്തിലെ ജില്ലാക്കോടതി പാലം, ഇരുമ്പുപാലം, ശവക്കോട്ടപ്പാലം, കല്ലുപാലം എന്നിവയുടെ ഇരു കൈവരികളും മറ്റ് തിരക്കേറിയ സ്ഥലങ്ങളും ഫ്ളക്സ് ബോർഡുകളും ബാനറുകളും നിറഞ്ഞു നിൽക്കുകയാണ്. ഇത്തരത്തിൽ നഗരത്തിലെ പാലങ്ങളുടെ കൈവരികളിലും നഗരസഭ സ്ഥാപിച്ച തെരുവുവിളക്കുകളുടെ കാലുകളിലും ഫ്ളക്സുകൾ നിറഞ്ഞതോടെ ഇവ നീക്കാൻ ജില്ലാ ഭരണകൂടം മുൻപ് നടപടി സ്വീകരിച്ചിരുന്നു. കുറച്ചു നാളത്തേക്ക് ശല്യം അകന്നുനിന്നെങ്കിലും പതിയെ തലപൊക്കിത്തുടങ്ങുകയായിരുന്നു. വൻകിട പരസ്യ കമ്പനികൾ പോലും കാഴ്ചയും ശ്രദ്ധയും തെറ്റിക്കുംവിധം പരസ്യബോർഡുകൾ സ്ഥാപിക്കുന്നുണ്ട്.
പരസ്യബൈലാ പാസാക്കണം
പഞ്ചയാത്തുകളിലും നഗരസഭകളിലും പരസ്യ ബോർഡുകൾ സ്ഥാപിക്കാൻ സർക്കാർ നൽകിയിട്ടുള്ള പൊതുമാനദണ്ഡം ഉൾപ്പെടുത്തി പ്രത്യേക പരസ്യബൈലാ തയ്യാറാക്കി പഞ്ചായത്ത്-നഗരസഭാ ഡയറക്ടർമാരിൽ നിന്ന് അംഗീകാരം വാങ്ങണം. ഭരണസമിതികളാണ് ബോർഡുകളുടെ വലിപ്പം അനുസരിച്ച് ഫീസ് നിശ്ചയിക്കുന്നത്. ഭൂരിപക്ഷം പഞ്ചായത്തുകളിലും ഇത്തരം ബൈലാ പാസാക്കിയിട്ടുില്ല. ീ സാഹചര്യത്തിൽ പരസ്യക്കാർക്ക് യഥേഷ്ടം റോഡ് കൈയേറാമെന്ന അവസ്ഥയായി.