ആലപ്പുഴ: ദേശീയപാത നാലുവരിയാക്കുന്നതിന്റെ ഭാഗമായി സ്ഥലം ഏറ്റെടുത്ത് കല്ലിടുന്ന ജോലികൾ പുനരാരംഭിച്ചു. ഇന്നലെ പട്ടണക്കാട്, പൊന്നാംവെളി ഭാഗങ്ങളിലാണ് കല്ലിടീൽ നടന്നത്. രണ്ടുമാസം മുമ്പ് തുറവൂരിൽ കല്ലിടീൽ ആരംഭിച്ചെങ്കിലും അതിർത്തി നിശ്ചയിച്ചതിനെപ്പറ്റി പരാതിയും പ്രതിഷേധവും ഉയർന്നതിനെ തുടർന്നാണ് നിറുത്തിവച്ചത്.
സാറ്റലൈറ്റ് സംവിധാനം ഉപയോഗിച്ച് ഓച്ചിറ വരെയുള്ള ഭാഗങ്ങൾ പരിശോധിച്ചതിനുശേഷമാണ് കല്ലിടീൽ പുനരാംഭിച്ചതെന്ന് അധികൃതർ പറഞ്ഞു. സ്ഥലമേറ്റെടുത്ത് കല്ലിടുന്നതിനുള്ള വിജ്ഞാപനം ഫെബ്രുവരിയിൽ പുറത്തിറങ്ങിയെങ്കിലും ആറുമാസത്തോളം കഴിഞ്ഞാണ് തുടർനടപടികളുണ്ടായത്.
രണ്ടുമാസം മുൻപ് ഡെപ്യൂട്ടി കളക്ടറുടെ നേതൃത്വത്തിൽ രണ്ടുകിലോമീറ്ററോളം നീളത്തിൽ കല്ലിടീൽ നടന്നെങ്കിലും പ്രതിഷേധത്തെത്തുടർന്ന് നിർത്തിവയ്ക്കേണ്ടിവന്നു. അർഹമായ നഷ്ടപരിഹാരം ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി വ്യാപാരികൾ കടകൾ അടച്ച് പ്രതിഷേധവുമായിരംഗത്തെത്തി. ഒാരോ അൻപതു മീറ്ററിലും കല്ലു സ്ഥാപിക്കാനാണ് നിർദേശം നൽകിയത്.
നിലവിൽ 30 മീറ്റർ വീതിയുള്ള ദേശീയപാത 45 മീറ്ററാക്കും. ഇരുവശത്തുനിന്നും തുല്യമായി സ്ഥലം എടുക്കുമെന്നാണു പറഞ്ഞതെങ്കിലും ചിലയിടങ്ങളിൽ ഇതു പാലിച്ചില്ലെന്ന് സ്ഥലമുടമകളുടെ ആക്ഷേപമുയർന്നിരുന്നു. അംഗീകരിച്ച അലൈൻമെന്റിൽ പിശകുകളുണ്ടെങ്കിൽ അത് പരിഹരിച്ചാണ് ഇപ്പോൾ കല്ലിടുന്നത്.