 പൊലീസ് സ്ഥലത്തെത്താൻ വേണ്ടിവരുന്നത് മണിക്കൂറുകൾ

കുട്ടനാട്: അധികാര പരിധിയുടെ തൊണ്ണൂറു ശതമാനവും 'വെള്ള'ത്തിലായ പുളിങ്കുന്ന് സ്റ്റേഷനിലെ പൊലീസുകാർക്ക് ഒരാവശ്യമേയുള്ളൂ; സ്വന്തമായൊരു ബോട്ട്. അത്യാഹിതമോ, അക്രമമോ ഉണ്ടായാൽ സ്റ്റേഷനിൽ നിന്നുള്ള സംഘം സ്ഥലത്തെത്തുമ്പോഴേക്കും പൊടിപോലുമില്ല കണ്ടുപിടിക്കാൻ എന്നതാണ് അവസ്ഥ!

വേമ്പനാട്ടു കായലിലെ ആർ ബ്ലോക്ക്, സി ബ്ലോക്ക്, റാണി, ചിത്തിര, മാർത്താണ്ഡം കായലുകൾ, നെഹ്രുട്രോഫി വാർഡ്, വട്ടക്കായൽ, കൈനകരി, കുട്ടമംഗലം തുടങ്ങി വാഹനങ്ങൾ എത്തിനോക്കിയിട്ടില്ലാത്ത നിരവധി പ്രദേശങ്ങളുടെ ചുമതലക്കാരായ സർക്കിൾ ഇൻസ്പെക്ടർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരാണ് കണ്ണെത്താ ദൂരത്തോളമുള്ള കായലിലേക്കു നോക്കി കണ്ണുമിഴിച്ചു നിൽക്കുന്നത്. കഴിഞ്ഞ പ്രളയകാലത്ത് ഈ ദുരവസ്ഥ വലിയൊരു വെല്ലുവിളിയായി സ്റ്റേഷനിൽ നിറഞ്ഞുനിന്നു.

പ്രളയത്തിൽ വീടുകളിൽ ഒറ്റപ്പെട്ട് രക്ഷപ്പെടാൻ മാർഗ്ഗമില്ലാതെ കുടുങ്ങിക്കിടന്നവരെ കണ്ടെത്താനും രക്ഷപ്പെടുത്താനും സ്വകാര്യ വ്യക്തികളുടെ മോട്ടോർ ബോട്ടുകളും സ്പീഡ് ലോഞ്ചുകളും വാടകയ്ക്ക് വാങ്ങേണ്ട ഗതികേടിലായിരുന്നു പൊലീസ് സംഘം. ഭക്ഷണവും വെള്ളവും ഉൾപ്പെട‌െ എത്തിക്കാനും ഇത്തരം ബോട്ടുകൾ വേണ്ടിവന്നു. വെള്ളത്താൽ ചുറ്റപ്പെട്ട പ്രദേശങ്ങളില്ലാത്ത സമീപത്തെ സ്റ്റേഷനുകൾക്കെല്ലാം വേണ്ടരീതിയിലുള്ള സംവിധാനങ്ങൾ ഉള്ളപ്പോഴാണ് പുളിങ്കുന്ന് സ്റ്റേഷന് മാത്രം ബോട്ട് അന്യമാവുന്നത്. വിളവെടുപ്പിനു ശേഷം കായൽ നിലങ്ങളിൽ വെള്ളം കയറ്റിക്കഴിഞ്ഞാൽ ചാരായം വാറ്റുകാരുടെ വിളനിലമാണ് ഈ പ്രദേശങ്ങളൊക്കെ. അവരെ കസ്റ്റഡിയിലെടുക്കാനും വാറ്റ് കേന്ദ്രങ്ങൾ അമർച്ച ചെയ്യാനും വേഗത്തിൽ എത്തിച്ചേരണമെങ്കിൽ ബോട്ടുകൾ അനിവാര്യമാണ്. പുളിങ്കുന്ന് സ്റ്റേഷൻ പരിധിയിൽ ഹൗസ്ബോട്ടുകളിൽ നിന്നുള്ള അപകടങ്ങളുണ്ടായാലും പൊലീസിന് വേഗം എത്തിച്ചേരാൻ കഴിയില്ല. നൂതന സൗകര്യങ്ങളോടെയുള്ള ജല ആംബുലൻസുകളും കുട്ടനാട്ടിലെ പൊലീസ് സ്റ്റേഷനുകളിൽ അനിവാര്യമാണെന്നിരിക്കെ ഇക്കാര്യത്തിൽ ഗൗരവതരമായ യാതൊരു നടപടിയും ഉണ്ടാവുന്നില്ല.