ആദ്യ റോഡ് ഈ മാസം പൂർത്തീകരിക്കും-എം.എൽ.എ
മാവേലിക്കര: നിയോജകമണ്ഡലത്തിൽ 23.92 കോടി രൂപ വിനിയോഗിച്ച് പണികഴിപ്പിക്കുന്ന നാല് പ്രധാന റോഡുകളിൽ ആദ്യ പാതയുടെ നിർമ്മാണം ഈ മാസം പൂർത്തീകരിക്കുമെന്ന് ആർ.രാജേഷ് എം.എൽ.എ അറിയിച്ചു. പുതിയകാവ്-ശ്രീകൃഷ്ണക്ഷേത്രം-പുളിമൂട് റോഡിന്റെ നിർമ്മാണമാണ് പൂർത്തീകരിക്കുന്നത്. ബി.എം മാതൃകയിൽ ഒന്നാം ഘട്ട ടാറിംഗ് പൂർത്തിയായി . രണ്ടാം ഘട്ടമായ ബി.സി മാതൃകയിലെ നിർമ്മാണമാണ്ഇപ്പോൾ നടക്കുന്നത്.
2.02 കോടി രൂപ മുടക്കിയുള്ള നിർമ്മാണത്തിൽ പുതിയകാവ് മുതൽ ശ്രീകൃഷ്ണ ക്ഷേത്രം വഴി പുളിമൂട് വരെയും, ക്ഷേത്രം മുതൽ എ.ആർ ജംഗ്ഷൻ വരെയും, ബോയ്സ് സ്കൂൾ മുതൽ പൂക്കട ജംഗ്ഷൻ വരെയുമുള്ള ടാറിംഗാണ് നടക്കുന്നത്. 18.15 കോടി രൂപ ഉപയോഗിച്ച് നിർമ്മിക്കുന്ന പുതിയകാവ്-കറ്റാനം റോഡിന്റെ നിർമ്മാണ ജോലികളുംആരംഭിച്ചു . പുതിയകാവ്-കല്ലുമല റോഡിന്റെ ഒന്നാം ഘട്ടം പൂർത്തീകരിച്ച ശേഷം ബുദ്ധ ജംഗ്ഷൻ-കല്ലുമല റോഡിന്റെ ടാറിംഗ് ആരംഭിക്കും. തുടർന്ന് കല്ലുമല -കറ്റാനം റോഡിന്റെ നവീകരണവും നടക്കും.
പ്രളയത്തെ തുടർന്ന് നിറുത്തിവച്ച 3.75 കോടിചിലവഴിച്ചുള്ള കണ്ടിയൂർ ബൈപാസ് നിർമ്മാണം പുനഃരാരംഭിച്ചു. ഗ്രാവൽ ഫില്ലിംഗ് കഴിഞ്ഞതിനാൽ കലുങ്ക് നിർമ്മാണമാണ് നടക്കുന്നത്. ഇവയ്ക്കു പുറമേ, ടൗൺ വൈഡനിംഗ് ഭരണാനുമതി 25 കോടി രൂപ ലഭ്യമായി. സ്ഥലമേറ്റെടുപ്പിന് തുടർ നടപടികൾ ആരംഭിച്ചു . ഈ പ്രവർത്തി ഒരു വർഷം കൊണ്ട് പൂർത്തീകരിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും എം.എൽ.എ പറഞ്ഞു.