അമ്പലപ്പുഴ : മെഡിക്കൽ കോളേജ് ആശുപത്രി ഫാർമസിയിൽ എത്തുന്ന രോഗികളോട് മോശമായി പെരുമാറുന്ന ജീവനക്കാർക്കെതിരെ നടപടിയെടുക്കണമെന്നാവശ്യം ശക്തമാകുന്നു. മണിക്കൂറുകളോളം ക്യൂ നിന്ന് ക്ഷീണിച്ച് എത്തുന്നവരോട് നിസാരകാര്യത്തിനു പോലും ജീവനക്കാർ തട്ടിക്കയറുകയാണെന്ന് രോഗികൾ പറയുന്നു.
ആശുപത്രിയിൽ ഒ.പി വിഭാഗത്തിൽ ഡോക്ടറെ കാണാനെത്തുന്നവർ രാവിലെ നേരത്തെ എത്തി ചീട്ടെടുത്ത് കാത്തിരിക്കണം. ഇവിടെ മണിക്കൂറുകളുടെ കാത്തിരിപ്പിന് ശേഷമാണ് ഡോക്ടറെ കാണാൻ കഴിയുക. ഇതിനുശേഷം ഉച്ചയോടെ ഡോക്ടറുടെ കുറിപ്പടിയുമായി മരുന്നു വാങ്ങാൻ ഫാർമസിക്കു മുന്നിലെത്തുമ്പോഴേക്കും അവിടെയും കാണും നീണ്ട ക്യൂ. മണിക്കൂറുകൾ കാത്ത് നിന്ന് കൗണ്ടറിലെത്തി ഡോക്ടറുടെ കുറിപ്പടി നൽകുമ്പോഴാണ് അടുത്ത പ്രതിസന്ധി. ഡോക്ടർ കുറിച്ച മരുന്നുകളിൽ പകുതി പോലും ഫാർമസിയിൽ കാണില്ല. ഇതേപ്പറ്റി ജീവനക്കാരോട് ചോദിച്ചാൽ തട്ടിക്കയറും. രോഗികളും ജീവനക്കാരും തമ്മിലുള്ള തട്ടിക്കയറൽ പലപ്പോഴും സംഘർഷത്തിന്റെ വക്കുവരെ എത്താറുണ്ട്.
നിലവിൽ 14 ജീവനക്കാർ ഫാർമസിയിലുണ്ടെങ്കിലും ഇതിൽ 3 പേർ മാത്രമാണ് സ്ഥിരം ജീവനക്കാർ.ബാക്കിയുള്ളവർ താത്ക്കാലിക ജീവനക്കാരാണ്. തിങ്കൾ, വെള്ളി ദിവസങ്ങളിലാണ് ആശുപത്രിയിൽ കൂടുതൽ തിരക്കനുഭവപ്പെടുന്നത്. എല്ലാ വിഭാഗങ്ങളുടെയും ഒ.പി ഈ ദിവസങ്ങളിൽ പ്രവർത്തിക്കുന്നതാണ് കാരണം. 1500 മുതൽ 2000 രോഗികൾ വരെ ഈ ദിവസങ്ങളിൽ എത്താറുണ്ടെന്നാണ് കണക്ക്.ഫാർമസിയിൽ കൂടുതൽ കൗണ്ടറുകൾ ഏർപ്പെടുത്തി രോഗികളുടെ ബുദ്ധിമുട്ട് മാറ്റണമെന്നും, ജീവനക്കാരുടെ സമീപനത്തിൽ മാറ്റമുണ്ടാകണമെന്നുമാണ് രോഗികളുടെ ആവശ്യം.
'' ജീവനക്കാർ രോഗികളോട് തട്ടികയറുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ആവശ്യമായ നടപടി സ്വീകരിക്കും. കൂടുതൽ കൗണ്ടറുകൾ തുറക്കാനുള്ള നടപടിയെടുക്കും
ഡി. മുറാദ്. സ്റ്റോർ സൂപ്രണ്ട്.