ആലപ്പുഴ:കുട്ടനാട് പതിയെ ഉയർത്തെഴുന്നേൽക്കുകയാണ്.പ്രളയാനന്തര പുനരുജ്ജീവനം അത്രകണ്ട് എളുപ്പമല്ലെന്ന് പ്രവചിച്ച സകലരെയും സാക്ഷിനിറുത്തി അതിജീവനത്തിന്റെ പാതയിലാണ് ഈ കാർഷിക മേഖല.
പ്രളയ നാളുകളിൽ താലൂക്കിലെ 11 പഞ്ചായത്തുകളിൽ നിന്ന് അരലക്ഷം കുടുംബങ്ങളെയാണ് വിവിധ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിയത്. രണ്ടാഴ്ച മുതൽ ഒന്ന്, ഒന്നേകാൽ മാസത്തോളം ക്യാമ്പുകളിൽ കഴിഞ്ഞവരുണ്ട്. അടിയന്തര സഹായമെന്നോണം സർക്കാർ പ്രഖ്യാപിച്ച പതിനായിരം രൂപ 98 ശതമാനം കുടുംബങ്ങൾക്കും ലഭിച്ചു. കുട്ടനാട് താലൂക്കിലെ മുഴുവൻ കുടുംബങ്ങൾക്കും ഈ തുക ലഭ്യമാക്കുമെന്ന് സർക്കാർ നേരത്തേതന്നെ പ്രഖ്യാപിച്ചിരുന്നു. അക്കൗണ്ട് നമ്പരിലെ വ്യത്യാസമടക്കമുള്ള സാങ്കേതിക വിഷയങ്ങളാണ് ചിലർക്ക് തലവേദനയായി മാറിയത്. കുട്ടനാട്ടിൽ മൊത്തം 500 പേർ ധനസഹായ ലിസ്റ്റിൽ നിന്ന് പുറത്തായെന്നാണ് ഇതുവരെയുള്ള വിവരം. ഇതു സംബന്ധിച്ച് വില്ലേജ് ഓഫീസർമാരുടെ നേതൃത്വത്തിൽ പുനരന്വേഷണം നടക്കുന്നുണ്ട്. തകർന്ന വീടുകൾ സംബന്ധിച്ചുള്ള പരിശോധനയും പുരോഗമിക്കുകയാണ്. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാവും പുതിയ വീടുകൾ അനുവദിക്കുന്നത്.
താലൂക്കിലെ സർക്കാർ ഓഫീസുകൾ പൂർണമായും വെള്ളത്തിൽ മുങ്ങിയതിനാൽ പ്രധാനപ്പെട്ട രേഖകളെല്ലാം നശിച്ചു. ഇത് തുടർ പ്രവർത്തനങ്ങളെ കാര്യമായി ബാധിക്കും. പഞ്ചായത്ത്, വില്ലേജ് ഓഫീസുകൾ, മാവേലിസ്റ്റോർ, വിദ്യാലയങ്ങൾ എന്നിവിടങ്ങളിലെല്ലാം കാര്യങ്ങൾ ഒന്നുമുതൽ തുടങ്ങേണ്ട അവസ്ഥയിലാണ്. പഞ്ചായത്തുകളുടെ പദ്ധതി നിർവഹണത്തെയും പ്രളയം ബാധിച്ചിട്ടുണ്ട്. പ്രളയത്തിന് മുമ്പാണ് പഞ്ചായത്തുകൾ പദ്ധതിരേഖ പ്ളാനിംഗ് ബോർഡിന് നൽകിയത്. പ്രളയാനന്തരം റോഡുകൾ പൊട്ടിപ്പൊളിഞ്ഞതോടെ കരാറെടുക്കാൻ ആളില്ലാത്ത അവസ്ഥയായി. നിലവിലെ എസ്റ്റിമേറ്റ് പുനർ നിർണ്ണയിച്ചാൽ മാത്രമേ പദ്ധതി ഏറ്റെടുക്കാൻ കരാറുകാർ തയ്യാറാകൂ. പരിമിതമായ ഫണ്ട് എസ്റ്റിമേറ്റ് പുനർ നിർണ്ണയത്തെ ബാധിക്കും. കുട്ടനാട്ടിലെ റോഡ് വികസനത്തിന് സർക്കാർ പദ്ധതിയും പഞ്ചായത്ത് പദ്ധതിയും സമന്വയിപ്പിച്ച് പുതിയ പദ്ധതിക്ക് രൂപം നൽകണം. സർക്കാരിന്റെ നിലവിലുള്ള മാനദണ്ഡങ്ങളിൽ ഇളവ് വരുത്തണമെന്നും ത്രിതല പഞ്ചായത്തംഗങ്ങൾ അഭിപ്രായപ്പെടുന്നു.
..............................................
കൊയ്ത്തല്ല, വിതയാണ് ചർച്ച
ആലപ്പുഴ: പ്രളയം വഴിമുടക്കിയില്ലായിരുന്നെങ്കിൽ കുട്ടനാട്ടിൽ കൊയ്ത്ത് കൊട്ടിക്കയറേണ്ട സമയമായിരുന്നു ഇത്. പക്ഷേ, വിതയെപ്പറ്റിയാണ് ഇപ്പോൾ ചർച്ച. കണക്കുകൂട്ടലുകളെല്ലാം പ്രളയം തകർത്തുകളഞ്ഞു. കാലംതെറ്റിയുള്ള കൃഷിയുടെ അനന്തരഫലം എന്താവുമെന്ന് കണ്ടറിയേണ്ടിയിരിക്കുന്നു. ആലപ്പുഴയിലെ ഗോഡൗണിൽ എത്തിച്ച വിത്ത് ശരിയായി ഉണങ്ങാത്തതിനാൽ വിതരണം ചെയ്തിട്ടില്ല. കരിനില മേഖലയിൽ കർഷകരുടെ പ്രതിഷേധത്തെത്തുടർന്ന് ഇതര സംസ്ഥാനങ്ങളിൽ നിന്നാണ് വിത്ത് എത്തിച്ചത്.
ഇനി പരമാവധി ഇരുപത് ദിവസത്തിനുള്ളിൽ വിത നടന്നില്ലെങ്കിൽ വിളവിനെ സാരമായി ബാധിക്കും. ചൂട് രൂക്ഷമാവുന്നതോടെ പാടത്ത് ശുദ്ധജലത്തിന്റെ കുറവ് അനുഭവപ്പെടും. വിതയ്ക്ക് തീരുമാനിച്ചിട്ടുള്ള പാടങ്ങളിൽ കള നശീകരണ ജോലികൾ പൂർത്തിയായി.
...............................................................
കുടിവെള്ളം, അതാണ് വിഷയം...
ആലപ്പുഴ: പ്രളയാനന്തര കുട്ടനാട്ടിൽ കുടിവെള്ളമാണ് മുഖ്യ വിഷയമായി മുന്നേറുന്നത്. നീരേറ്റുപുറം ശുചീകരണ പ്ളാന്റിനുപുറമേ 26 കുഴൽ കിണറുകളും കുട്ടനാടിനുവേണ്ടി ഉണ്ടെന്ന് അധികൃതർ പറയുന്നുണ്ടെങ്കിലും തുള്ളികുടിക്കാൻ തെക്കുവടക്ക് പായേണ്ട ഗതികേടിലാണ് നാട്ടുകാർ. പ്രളയക്കെടുതിക്കുശേഷം കുട്ടനാട്ടിലെ 13 പഞ്ചായത്തുകളിലും കുടിവെള്ളം പൊതുടാപ്പിലൂടെ വിതരണം ചെയ്യാൻ ജല അതോറിട്ടിക്ക് കഴിയുന്നില്ല. പലയിടത്തും പൈപ്പുകൾ പൊട്ടിപ്പൊളിഞ്ഞു. കുട്ടനാട്ടിലെ കുടിവെള്ളക്ഷാമം പരിഹരിക്കാൻ പദ്ധതികൾ പലത് ആവിഷ്കരിച്ചെങ്കിലും ഒന്നും ഫലവത്തായില്ല. തിരുവല്ലയിൽ കമ്മിഷൻ ചെയ്ത കുട്ടനാട് കുടിവെള്ള പദ്ധതിയാണ് ആദ്യത്തേത്. പ്രതിദിനം ഒരുകോടി ലിറ്റർ വെള്ളം എത്തിക്കുകയായിരുന്നു ലക്ഷ്യം. 2002-03 വർഷത്തിൽ ലഭിച്ച വെള്ളത്തിന്റെ അളവ് 60ലക്ഷം ലിറ്റർ മാത്രം.
14 ദശലക്ഷം ലിറ്റർ കപ്പാസിറ്റിയുള്ള നീരേറ്റുപുറം ശുദ്ധീകരണ പ്ളാന്റ് 2014 ഫെബ്രുവരിയിൽ കമ്മിഷൻ ചെയ്തു. പ്രതിദിനം ഒരുകോടി ലിറ്ററിന് താഴെയാണ് വിതരണം ചെയ്തിരുന്നത്. തലവടി, എടത്വ, മുട്ടാർ, രാമങ്കരി, കുവാലം, വെളിയനാട്, പുളിങ്കുന്ന്, ചമ്പക്കുളം പഞ്ചായത്തുകളാണ് പദ്ധതിയുടെ ഗുണഭോക്താക്കൾ.
മറ്റ് പഞ്ചായത്തുകളിൽ കുഴൽ കിണറുകളിലെ വെള്ളമാണ് വിതരണം ചെയ്യുന്നത്. ഈ പഞ്ചായത്തുകളിൽ വെള്ളമെത്തിക്കാനായി തിരുവല്ലയിലെ ശുദ്ധജല വിതരണ കുഴലുമായി ബന്ധിപ്പിക്കാൻ 300എം.എം വ്യാസമുള്ള കുഴൽ 1450 മീറ്റർ നീളത്തിൽ വലിക്കുന്നതിന് നാലുകോടിയുടെ പദ്ധതി പാതിവഴിയിലായതും പ്രതിസന്ധിക്ക് വഴിയൊരുക്കി.
ഒരു കുടുംബത്തിന് പ്രതിദിനം 15 ലിറ്റർ വെള്ളമാണ് ജല അതോറിട്ടി നിജപ്പെടുത്തിയിട്ടുള്ളത്. എന്നാൽ ഇത്രയും ശുദ്ധജലം വിതരണം ചെയ്യാൻ അതോറിട്ടിക്ക് കഴിയുന്നുമില്ല. വെളിയനാട് പഞ്ചായത്ത് രണ്ടാം വാർഡിൽ ആഴ്ചയിൽ ഒരുദിവസം കേവലം മൂന്നു മണിക്കൂർ മാത്രമാണ് കുടിവെള്ളം എത്തുന്നത്. കുളിക്കാനും തുണികൾ കഴുകാനും പമ്പയാറ്റിലെ വെള്ളമാണ് ഉപയോഗിക്കുന്നത്. പൊതുടാപ്പിൽ നിന്ന് ലഭിക്കുന്ന കുടിവെള്ളം ഒരാഴ്ചത്തേക്കുപോലും തികയില്ലെന്ന് പ്രദേശവാസികൾ പറയുന്നു.