അമ്പലപ്പുഴ : പട്ടാപ്പകൽ ബൈക്കിലെത്തിയ സംഘം വീട്ടമ്മയെ ആക്രമിച്ച് സ്വർണമാലയുമായി കടന്നു. ഇന്നലെ രാവിലെ 11 ഓടെ അമ്പലപ്പുഴയിലായിരുന്നു സംഭവം. അമ്പലപ്പുഴ ഗവ.മോഡൽ ഹയർ സെക്കന്ററി സ്കൂളിലെ മുൻ പ്രധാന അദ്ധ്യാപിക ശാസ്തമംഗലം വീട്ടിൽ സരോജിനിയമ്മ (75)യുടെ രണ്ട് പവൻ തൂക്കം വരുന്ന സ്വർണമാലയാണ് കവർന്നത്. ആക്രമണത്തിൽ സരോജിനിയമ്മയുടെ കൈയൊടിഞ്ഞു.
അമ്പലപ്പുഴ കച്ചേരി മുക്കിന് കിഴക്ക് ചിറപ്പറമ്പ് റോഡിന് സമീപത്തുകൂടെ നടന്നു വരികയായിരുന്ന സരോജിനിയമ്മയെ ബൈക്കിലെത്തിയ രണ്ടംഗസംഘം ആക്രമിച്ച ശേഷം കഴുത്തിൽ കിടന്ന മാല പൊട്ടിച്ചെടുത്ത് കടന്നു കളയുകയായിരുന്നു. നിലത്തുവീണ് കൈയൊടിഞ്ഞ സരോജിനിയമ്മയെ നാട്ടുകാർ ഉടൻ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.അമ്പലപ്പുഴ പൊലീസ് അന്വേഷണം തുടങ്ങി.