 പദ്ധതി ജില്ലയിൽ അടുത്ത മാസം മുതൽ

ആലപ്പുഴ :സ്കൂൾ വാഹനങ്ങൾ നിരീക്ഷിക്കാൻ സർക്കാർ നടപ്പാക്കുന്ന സുരക്ഷമിത്ര പദ്ധതി ജില്ലയിൽ അടുത്ത മാസം ആരംഭിക്കും. സീഡാക്കിനും മോട്ടോർ വാഹന വകുപ്പിനുമാണ് ചുമതല. രാവിലെയും വൈകിട്ടും കുട്ടികളുമായി പോകുന്ന വാഹനങ്ങൾ ഏത് ദിശയിലൂടെയാണ് കടന്നുപോകുന്നതെന്ന് ആർ.ടി ഒാഫീസിലെ ജി.പി.എസ് സംവിധാനത്തിലൂടെ അറിയാൻ കഴിയും. മോട്ടോർ നാഷണൽ എമർജൻസി റസ്പോൺസ് ടീം,സ്കൂൾ അധികൃതർ എന്നിവർക്കും വാഹനം സഞ്ചരിക്കുന്ന വഴി ,വേഗം ,സമയം എന്നിവ നിരീക്ഷിക്കാം.

ഇൗ മാസം ആദ്യം വാഹനങ്ങളിൽ ജി.പി.എസ് ഘടിപ്പിക്കാനായിരുന്നു തീരുമാനിച്ചത്. എന്നാൽ വില കൂടുതലാണെന്ന് ചില സ്കൂൾ അധികൃതർ പരാതിപ്പെട്ടിരുന്നു. ആദ്യ ഘട്ടത്തിൽ സ്കൂൾ വാഹനങ്ങൾക്ക് മാത്രമാണെങ്കിലും രണ്ടാംഘട്ടത്തിൽ കുട്ടികളെ കയറ്റുന്ന സ്വകാര്യ വാഹനങ്ങൾക്കും ജി.പി.എസ് നിർബന്ധമാക്കും.

.......................

 ഉടൻ മുഴങ്ങും

സ്കൂൾ വാഹനങ്ങൾ 40 ഡിഗ്രിയിലധികം ചരിഞ്ഞാൽ അടിയന്തര അപായ സന്ദേശങ്ങൾ സെൻസറുകൾ വഴി കൺട്രോൾ റൂമിൽ ലഭ്യമാകും. ഒാരോ വാഹനത്തിലും ഒാരോ നമ്പർ ഉണ്ടാകും. ഇത് ഉപയോഗിച്ചാണ് വാഹനം നിരീക്ഷിക്കുന്നത്. ഇതിലൂടെ അപകടം കുറയ്ക്കാനും കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പിക്കാനും കഴിയും.

.........................

 പിടി വീഴും

അമിതവേഗം,കുട്ടികൾക്ക് നേരെയുണ്ടാകുന്ന അതിക്രമണങ്ങൾ എന്നിവയെല്ലാം കൺട്രോൾ റൂമിൽ ഇനി മുതൽ അറിയാൻ സാധിക്കും.അമിത വേഗത്തിൽ പോകുന്ന വാഹനങ്ങളെ നിയന്ത്രിക്കാൻ സൈറൺ സംവിധാനമുണ്ട്. വാഹനത്തിലും തൊട്ടടുത്ത സ്ഥലങ്ങളിലും കൺട്രോൾ റൂമിലും ഇത് മുഴങ്ങും. ഇതോടെ വാഹനത്തിന്റെ വേഗം നിയന്ത്രിക്കാനാവും . സ്പീഡ് ഗവർണറിൽ കൃത്രിമത്വം കാണിച്ചാലും പിടി വീഴും. വാഹനത്തിന്റെ വേഗം കൂട്ടിയാൽ ഡ്രൈവർക്കെതിരെ നടപടിയും സ്വീകരിക്കും.

..............................

 12 കമ്പനികൾക്ക് അംഗീകാരം

കേന്ദ്ര സർക്കാരിന്റെ അംഗീകാരമുള്ള 12 കമ്പനികൾക്കാണ് ജി.പി.എസ് വിതരണത്തിന് അനുമതി. . ഉത്തരവ് പ്രാബല്യത്തിൽ വന്നശേഷം ഘടിപ്പിച്ചില്ലെങ്കിൽ ശിക്ഷാനടപടികൾ സ്വീകരിക്കേണ്ടി വരും.