കുട്ടനാട്: പുഞ്ചക്കൃഷി സ്വപ്നം കണ്ടിറങ്ങിയ കുട്ടനാട്ടിലെ കർഷകർക്ക് നെൽവിത്ത് ക്ഷാമമാണ് ഭീഷണിയായിരിക്കുന്നത്. കുട്ടനാട്, അപ്പർകുട്ടനാട് മേഖലകളിലേക്കുള്ള നെൽവിത്ത് ഉറപ്പ് നൽകിയിരുന്ന സംസ്ഥാന വിത്ത് വികസന ഏജൻസി, ആവശ്യമായ അളവിലുള്ള വിത്ത് വിതരണം ചെയ്യാത്തതാണ് ക്ഷാമത്തിന് പിന്നിൽ.
പ്രളയത്തിൽ എല്ലാം നശിച്ച കർഷകർക്ക് ഏക്കറിന് 50 കിലോ നെൽവിത്ത് സൗജന്യമായി നൽകുമെന്നു കൃഷിമന്ത്രി വി.എസ്. സുനിൽകുമാർ കുട്ടനാട്ടിലെത്തി കർഷകർക്ക് ഉറപ്പ് നൽകിയിരുന്നു. ചമ്പക്കുളം,രാമങ്കരി, അമ്പലപ്പുഴ ബ്ലോക്ക്, ആലപ്പുഴ നഗരസഭ എന്നിവിടങ്ങളിലായുള്ള പാടശേഖരങ്ങളിൽ പുഞ്ചക്കൃഷിക്കായി നിലം ഒരുങ്ങിവരുന്ന സാഹചര്യത്തിൽ നെൽവിത്ത്ക്ഷാമം കർഷകരെ വെട്ടിലാക്കും. കർഷകർക്ക് ആവശ്യമായ വിത്ത് വിതരണാവസ്ഥയിലാണെന്നും നവംബർ 15ഓടെ മുഴുവൻ കർഷകർക്കും നൽകാനാവുമെന്നും വിത്ത് വികസന ഏജൻസി അറിയിച്ചതായി ഉന്നത കൃഷി വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. ഈ മാസം ആദ്യവാരം നെൽവിത്ത് ആവശ്യപ്പെട്ടിരുന്ന നെടുമുടി, കൈനകരി, തലവടി കൃഷിഭവനുകളുടെ പരിധിയിൽ വരുന്ന പാടശേഖരങ്ങൾക്കായി 40 ടൺ വിത്ത് എത്തിയിട്ടുണ്ട്. ചമ്പക്കുളം, രാമങ്കരി ബ്ലോക്ക് പരിധിയിലുള്ള പാടശേഖരങ്ങളിലേക്കായി 2,300 ടൺ വിത്താണ് ആവശ്യം. അതിൽ 250 ടൺ വിത്ത് ഏതാനും ദിവസങ്ങൾക്കുള്ളിൽ നൽകാനാവും. വിത്ത് വികസന ഏജൻസിയുടെ പക്കൽ 1000 ടണ്ണോളം ജ്യോതി നെൽവിത്ത് ഉടൻ വിതരണത്തിന് സജ്ജമാണെന്നും താൽപ്പര്യമുള്ള കർഷകർക്ക് ലഭ്യമാക്കാമെന്നും കൃഷിവകുപ്പിനെ അറിയിച്ചിട്ടുണ്ട്.
ചമ്പക്കളം ബ്ലോക്കിന്റെ പരിധിയിൽ വരുന്ന തലവടി, എടത്വ, ചമ്പക്കുളം, കൈനകരി, നെടുമുടി കൃഷിഭവനുകൾക്ക് കീഴിലുള്ള പാടശേഖരങ്ങളിൽ ഈ മാസം അവസാനത്തോടെയോ അടുത്ത മാസം ആദ്യവാരമോ വിത നടത്താനായിരുന്നു കർഷകരുടെ തീരുമാനം. നിലം ഒരുക്കാനുള്ള അവസാന വട്ട തയ്യാറെടുപ്പിനിടെ, നെൽവിത്ത് കർഷകർ തന്നെ കണ്ടെത്തണമെന്ന അറിയിപ്പ് കൃഷി വകുപ്പിൽ നിന്ന് കിട്ടിയതോടെ ഇനി മറ്റ് ഏജൻസികളേയോ സ്വകാര്യ വ്യക്തികളേയോ ആശ്രയിക്കേണ്ട ഗതികേടിലാണ് കർഷകരെല്ലാം. കബളിപ്പിച്ചെന്നാരോപിച്ച് വിവിധ സംഘടനകളുടെ നേതൃത്വത്തിൽ 18ന് സമരത്തിനൊരുങ്ങുകയാണ് കർഷകർ. അന്യസംസ്ഥാനങ്ങളിൽ നിന്ന് നെൽവിത്ത് കർഷകർ തന്നെ കണ്ടെത്തണമെന്ന കൃഷിവകുപ്പിന്റെ തീരുമാനം ചെറുകിട കർഷകർ ഉൾപ്പെടെയുള്ളവർക്ക് നെൽവിത്ത് ലഭിക്കാത്ത സാഹചര്യമുണ്ടാക്കും.