മാവേലിക്കര: ചെട്ടികുളങ്ങരയിൽ സി.പി.എമ്മിന്റെ നിർദ്ദേശപ്രകാരം ആര്‍.എസ്.എസ്-ബി.ജെ.പി പ്രവർത്തകരുടെ വീടുകളിൽ അര്‍ദ്ധരാത്രിയിൽ പൊലീസ് രാജ് നടപ്പാക്കുകയാണെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് കെ.സോമൻ പത്രസമ്മേളനത്തിൽ ആരോപിച്ചു. സി.പി.എം-ഡി.വൈ.എഫ്.ഐ പ്രദേശിക നേതാക്കളുടെ ഒത്താശയോടെ നടക്കുന്ന നാടകമാണ് ചെട്ടികുളങ്ങരയിൽ കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ അക്രമ സംഭവങ്ങൾ. ചെട്ടികുളങ്ങരയിലെ ഹൈന്ദവ ഏകീകരണത്തിൽ വിറളി പൂണ്ടിരിക്കുന്ന സി.പി.എം പൊലീസിനെക്കൊണ്ട് കള്ളക്കേസുകളെടുപ്പിച്ചും രാത്രികാലങ്ങളിൽ വീടുകളിൽ കയറ്റിയുമാണ് സംഘപരിവാർ പ്രവർത്തകരെ ഭയപ്പെടുത്തുന്നത്. സ്വന്തം അണികളുടെ വീടുകൾ തകർത്തും പാർട്ടിക്കാരെ ആക്രമിച്ചും ഹർത്താലിന് ആഹ്വാനം ചെയ്ത് അക്രമമുണ്ടാക്കിയും ആർ.എസ്.എസുകാരെ പ്രതിയാക്കാനാണ് സി.പി.എം ശ്രമിക്കുന്നത്. കേസിൽ കുടുങ്ങിയവരോട് ആർ.എസ്.എസ്-ബി.ജെ.പി ബന്ധം വിട്ടാൽ കേസിൽ നിന്ന് ഒഴിവാക്കാമെന്ന വാഗ്ദാനം നൽകുന്നതുപോലും പൊലീസാണ്.

ശബരിമല വിധിയോടുള്ള സി.പി.എം നിലപാട് കാരണം പ്രദേശത്തെ യുവാക്കൾ ഭരണത്തിനെതിരാണ്. കൊഴിഞ്ഞുപോക്കിന്റെ വക്കിലെത്തിയ സാഹചര്യം ഒഴിവാക്കാനാണ് ആക്രമണങ്ങൾ അഴിച്ചുവിട്ട് ചെറുപ്പക്കാരെ പിടിച്ചുനിറുത്താനുള്ള നീക്കം സി.പി.എം നടത്തുന്നതെന്നും സോമൻ പറഞ്ഞു. ഹിന്ദു ഐക്യവേദി ജില്ലാ വൈസ് പ്രസിഡന്റ് ആർ.പ്രഭാകരൻ, നിയോജക മണ്ഡലം ജനറൽ സെക്രട്ടറി രാജേഷ് ഉണിച്ചേത്ത്, വി.എച്ച്.പി താലൂക്ക് സെക്രട്ടറി കെ.ജി.മഹേഷ് എന്നിവരും കേസില്‍ പ്രതി ചേർക്കപ്പെട്ടിരിക്കുന്ന യുവാക്കളുടെ ബന്ധുക്കളും പത്രസമ്മേളനത്തിൽ പങ്കെടുത്തു.