ആലപ്പുഴ: നഗരസഭ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനായി യു.ഡി.എഫിലെ മുസ്‌ലിംലീഗ് അംഗം അഡ്വ. എ.എ. റസാഖിനെ തിരഞ്ഞെടുത്തു. കോൺഗ്രസിന്റെ കൈവശമായിരുന്ന സ്ഥാനം ഒഴിയാൻ തയ്യാറാവാതിരുന്ന ജില്ലാക്കോടതി വാർഡംഗം ബി. മെഹബൂബ്, കൗൺസിലർ പദവിയും കോൺഗ്രസ് അംഗത്വവുമടക്കം രാജിവച്ച സംഭവ വികാസങ്ങൾക്കിടെയാണ് റസാഖിനെ തിരഞ്ഞെടുത്തത്.
സി.പി.എമ്മിലെ വി.എൻ. വിജയകുമാറിനെയാണ് പരാജയപ്പെടുത്തിയത്. മുസ്‌ലിംലീഗ് ജില്ലാ സെക്രട്ടറിയായ റസാഖ് ലോയേഴ്സ് ഫോറം ജില്ലാ പ്രസിഡന്റും അമ്പലപ്പുഴ നിയോജക മണ്ഡലം യു.ഡി.എഫ് ചെയർമാനുമാണ്. ഭാര്യ: ഷൈല. മക്കൾ: റമീസ്, റിസ്‌വാൻ, റോഷൻ.