vella

ആലപ്പുഴ: ശബരിമല സ്ത്രീ പ്രവേശനത്തിൽ യാതൊരുവിധ പ്രത്യക്ഷ സമരപരിപാടികളിലേക്കും പോകേണ്ടതില്ലെന്ന് എസ്.എൻ.ഡി.പി യോഗം തീരുമാനിച്ചു. ചേർത്തല അശ്വിനി റസിഡൻസിയിൽ യൂണിയൻ പ്രസിഡന്റുമാർ, വൈസ് പ്രസിഡന്റുമാർ, സെക്രട്ടറിമാർ, ഡയറക്ടർ ബോർഡ് അംഗങ്ങൾ എന്നിവർ പങ്കെടുത്ത യോഗം ജനറൽ സെക്രട്ടറിയും കൗൺസിലുമെടുത്ത തീരുമാനത്തെ പൂർണമായി അംഗീകരിക്കുകയായിരുന്നു. യോഗം ഭക്തർക്കൊപ്പമാണ്. മതസൗഹാർദ്ദം കാത്തുസൂക്ഷിക്കുന്ന കേരളത്തെ വിശ്വാസത്തിന്റെ പേരിൽ കലാപഭൂമിയാക്കാനുള്ള ശ്രമങ്ങൾ ആർക്കും ഭൂഷണമല്ല. അത് താങ്ങാനുള്ള ശക്തി പ്രളയാനന്തര കേരളത്തിനില്ലെന്ന് യോഗം വിലയിരുത്തി.

പ്രശ്നം ശാന്തമായി പരിഹരിക്കാൻ സർക്കാരും സന്നദ്ധസംഘടനകളും തയ്യാറാകണമെന്ന് യോഗത്തിനുശേഷം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ വാർത്താലേഖകരോട് പറഞ്ഞു. ആരൊക്കെയാണ് സമരത്തിന് നേതൃത്വം കൊടുക്കുന്നതെന്ന് അറിയില്ല. എത്ര സമരഷെഡുകളാണ് പമ്പയിൽ. വോട്ട് ബാങ്ക് രാഷ്ട്രീയമാണ് കളിക്കുന്നത്. ഇതിന് ഞങ്ങളില്ല. സ്ത്രീകൾ ശബരിമലയിൽ പോകാൻ പാടില്ല. ഭക്തരുടെ താത്പര്യം സംരക്ഷിക്കണം. ഇതിന് നിയമപരമായി എന്തെല്ലാം ചെയ്യാൻ കഴിയുമെന്ന് നോക്കണം. ശബരിമല കലാപഭൂമിയാക്കരുത്. ചിലരുടെ വാശിയും ദുർവാശിയുമാണ് ഇതിനുപിന്നിൽ. കബളിപ്പിക്കപ്പെട്ട സമുദായമായി നിൽക്കാൻ ഞങ്ങളില്ല. വെള്ളാപ്പള്ളി മലക്കംമറിഞ്ഞു എന്ന് എന്റെ കഴിഞ്ഞ വാർത്താസമ്മേളനത്തെ വളച്ചൊടിച്ച് മാദ്ധ്യമങ്ങൾ വാർത്ത നൽകി. എനിക്ക്‌ മലക്കം മറിയേണ്ട കാര്യമില്ല. ഞങ്ങൾ ഭക്തർക്കൊപ്പമാണെന്ന് എസ്.എൻ.ഡി.പി യോഗത്തിന്റെ മുഖപത്രമായ യോഗനാദത്തിൽ മുഖപ്രസംഗമെഴുതി. നിഴലിനുവേണ്ടി സമരം ചെയ്യാതെ സമന്വയത്തിലൂടെ ചർച്ച നടത്തുകയാണ് വേണ്ടത്. ആരെയും ജാതി പറഞ്ഞ് ആക്ഷേപിക്കാൻ പാടില്ല'- വെള്ളാപ്പള്ളി പറഞ്ഞു. യോഗം പ്രസിഡന്റ് ഡോ. എം.എൻ. സോമൻ അദ്ധ്യക്ഷതവഹിച്ചു. വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി അടക്കമുള്ളവർ പങ്കെടുത്തു.