ഹരിപ്പാട്: പ്രളയത്തിൽ നിന്ന് ഉയർത്തെഴുന്നേറ്റ കുട്ടനാട്, അപ്പർകുട്ടനാട് മേഖലകളിലെ പാടശേഖരങ്ങൾ അടുത്ത കൃഷിക്ക് സജ്ജമായി. തുലാം പതിനഞ്ചോടെ കൃഷിയാരംഭിക്കും.
ഒരു മാസം മുൻപുതന്നെ പ്രാഥമിക ജോലികൾ ആരംഭിച്ചിരുന്നു. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയിൽപ്പെടുത്തി മിക്ക പാടശേഖരങ്ങളിലെയും പായലും പോളയും ഉൾപ്പടെയുള്ള മാലിന്യങ്ങൾ നീക്കം ചെയ്തുകഴിഞ്ഞു. ഒട്ടുമിക്ക പാടശേഖരങ്ങളിലെയും കർഷകർ വിത്തിന് പണം മുൻകൂറായി പാടശേഖര സമിതികളെ ഏൽപ്പിച്ചിരുന്നു. ഇതിനു പുറമെ ഏക്കറിന് 24 പായ്ക്കറ്റ് എന്ന കണക്കിൽ പായ്ക്കറ്റിന് 32 രൂപ പ്രകാരം നീറ്റു കക്കയ്ക്കും കർഷകർ പണം നൽകി കാത്തിരിക്കുകയാണ്.
അപ്പർകുട്ടനാട്ടിലെ പ്രയാറ്റേരി മണിയങ്കേരി, പാമ്പനം വെള്ളക്കുഴി, കട്ടക്കുഴി തേവേരി, മുപ്പായിക്കേരി മുട്ടുംപാട്, അച്ചനാരി കുട്ടങ്കേരി, താമരപ്പുള്ളി, വാരിയത്ത് പോച്ച, മുണ്ടുതോട് പോളത്തുരുത്ത് തുടങ്ങിയ പാടശേഖരങ്ങളിൽ മുന്നൊരുക്കങ്ങൾ ഏറെക്കുറെ പൂർത്തിയായിട്ടുണ്ട്. എന്നാൽ നദികളിൽ ജലനിരപ്പ് ഉയർന്നതും കലങ്ങി മറിഞ്ഞ് കിഴക്കൻ വെള്ളം ഒഴുകിയെത്താൻ തുടങ്ങിയതും കർഷകരെ ആശങ്കയിലാക്കിയിട്ടുണ്ട്. പടശേഖരത്തിന്റെ പുറം മടകൾ ശക്തമാക്കിയതിനു ശേഷമാണ് പമ്പിംഗ് ആരംഭിച്ചതെങ്കിലും നദികളിലെ ജലനിരപ്പ് ഉയർന്നാൽ അതിസമ്മർദ്ദത്തിൽ മടകൾ തകരുമോയെന്ന ആശങ്കയും കർഷകർക്കുണ്ട്.
.......................................................
പുഞ്ചക്കൃഷി ഏകദേശം 30,000 ഹെക്ടറിൽ
കൃഷിക്ക് സംരക്ഷണം വേണമെന്ന് കർഷകർ
നദികളിൽ ജലനിരപ്പ് കൂടുന്നത് ഭീഷണി
വിത്തിനും നീറ്റുകക്കയ്ക്കും കാത്തിരിപ്പ്