 വിത്തിന് കാത്തിരുന്ന കർഷകർക്ക് ഇരുട്ടടി

കുട്ടനാട്: നെൽവിത്തിന്റെ കാര്യത്തിൽ ആശങ്കവേണ്ടെന്ന് കർഷകരെ പറഞ്ഞു വിശ്വസിപ്പിച്ച അധികൃതർ അവസാന നിമിഷം കൈമലർത്തിയതോടെ കുട്ടനാട്ടിലെ പുഞ്ചക്കൃഷി അവതാളത്തിലായി. ഈമാസം 25 മുതലും അടുത്ത മാസം ആദ്യവാരവും കൃഷിയിറക്കാൻ ലക്ഷ്യമിട്ടിരുന്ന പാടശേഖരങ്ങളിലാണ് നെൽവിത്ത് ക്ഷാമം പ്രതിസന്ധി സൃഷ്ടിക്കുന്നത്. പ്രളയത്തിൽ എല്ലാം നശിച്ച കുട്ടനാടൻ കർഷകർക്ക് ആവശ്യത്തിന് വിത്ത് സൗജന്യമായി നൽകുമെന്ന് ഇന്നലെ വരെ പറഞ്ഞിരുന്നവരാണ് ഇപ്പോൾ കൈയൊഴിയുന്നതെന്ന് കർഷകർ ആരോപിക്കുന്നു.

ഇനി എവിടെനിന്ന് വിത്ത് സംഘടിപ്പിക്കുമെന്നറിയാതെ വലയുകയാണ് കർഷകർ. നെൽവിത്ത് വിതരണം ചെയ്യാമെന്നേറ്റിരുന്ന സംസ്ഥാന വിത്ത് വികസന ഏജൻസിക്ക് വിത്ത് സംസ്കരണത്തിന് കൂടുതൽ സമയം വേണ്ടിവരുന്നതാണ് ക്ഷാമത്തിന് കാരണം. ഈ മാസം വിത നടക്കേണ്ട എടത്വ, ചമ്പക്കുളം, തലവടി, കൈനകരി, നെടുമുടി, തകഴി തുടങ്ങിയ കൃഷിഭവനുകൾക്ക് കീഴിൽ വരുന്ന ഇരുന്നൂറോളം പാടശേഖരങ്ങൾ നിലമൊരുക്കി കാത്തിരിക്കുമ്പോഴാണ് കൂനിൻമേൽ കുരുവെന്ന പോലെ വിത്തില്ലന്ന് അറിയുന്നത്. പാടശേഖരങ്ങളിലെ വെള്ളം തീർത്ത് വറ്റിച്ച് അധിക ദിവസം കാത്തിരുന്നാൽ വ്യാപകമായ രീതിയിൽ കളകൾ കിളിർക്കുമെന്നതുകൊണ്ട് അതും തലവേദനയാവും. ഇതിന്റെ പേരിൽ വീണ്ടും വെള്ളം കയറ്റിയാൽ അത് അധികബാദ്ധ്യതയായി മാറുകയും ചെയ്യും.

നെൽവിത്ത് ക്ഷാമം വിളവെടുപ്പ് താമസിപ്പിക്കുമെന്നതും കർഷകരുടെ നെഞ്ചിടിപ്പ് വർദ്ധിപ്പിക്കുന്നു. നവംബർ ആദ്യവാരം വിളവിറക്കാൻ കഴിഞ്ഞാൽ മാർച്ച് ആദ്യവാരത്തോടെ വിളവെടുപ്പ് നടത്താനാവും. ഇത് സാദ്ധ്യമായാൽ വേനൽ മഴയിൽ നിന്നും കടുത്ത വേനലിന് മുമ്പും കൊയ്ത്ത് നടക്കുന്നതുവഴി മറ്റ് കീടബാധകളിൽ നിന്നു നെൽച്ചെടികളെ രക്ഷപ്പെടുത്തി കൂടുതൽ വിളവ് ലഭ്യമാക്കാമായിരുന്നു. ഈ കണക്കുകൂട്ടലുകളെല്ലാം തകിടം മറിയുന്ന ലക്ഷണമാണ് കാണുന്നത്.

 ചൂഷണത്തിന് വഴിയൊരുങ്ങും

കർഷകർ ഓരോരുത്തരും നെൽവിത്ത് സ്വയം കണ്ടെത്തണമെന്നു പറയുന്നത് മനസിലാവുന്നില്ലെന്നാണ് കർഷകരുടെ പക്ഷം. ഇത് ചെറുകിട കർഷകരെയാണ് ഏറെ വലയ്ക്കുന്നത്. ഒന്നും രണ്ടും ഏക്കറുള്ള കർഷകർ അൻപതോ നൂറോ കിലോ വിത്തിനായി ഏജൻസികളെ സമീപിച്ചാൽ അമിത ചൂഷണത്തിന് ഇരയാവുകയും ഗുണനിലവാരമുള്ള നെൽവിത്ത് കിട്ടാതെ വിളവ് നാശത്തിലേക്ക് നീങ്ങുകയും ചെയ്യും.