ആലപ്പുഴ: കാലപ്പഴക്കം ചെന്ന സിലിണ്ടറുകളും അശ്രദ്ധ നിറഞ്ഞ കൈകാര്യം ചെയ്യലും കൂടിച്ചേർന്നപ്പോൾ ഈ വർഷം കഴിഞ്ഞ മാസം വരെ ജില്ലയിൽ തലനാരിഴയ്ക്ക് ദുരന്തമായി മാറാതിരുന്നത് 30 കേസുകൾ. അഗ്നിശമന സേനയുടെ സമയോചിതമായ ഇടപെടലാണ് പലപ്പോഴും തുണയായി മാറിയത്.
വേണ്ടത്ര വായു സഞ്ചാരം ഇല്ലാത്തതിനാൽ അടുക്കളയിൽ പാചകവാതകം ചോർന്നാലും അന്തരീക്ഷത്തിൽ അത്രവേഗം ലയിച്ചു ചേരില്ല. സിലിണ്ടറിൽ നിന്ന് അടുപ്പിലേക്ക് വരുന്ന ട്യൂബിൽ തീ പിടിക്കുകയോ തീ ഉള്ളിലേക്ക് കടക്കുകയോ ചെയ്താൽ മാത്രമേ പൊട്ടിത്തെറിക്കാൻ സാദ്ധ്യതയുള്ളൂ.വാതക ചോർച്ചയാണ് ജില്ലയിൽ കൂടുതലായി റിപ്പോർട്ട് ചെയ്തിട്ടുള്ളത്. കഴിഞ്ഞ ഒക്ടോബറിൽ മണ്ണഞ്ചേരി കായിച്ചിറയിൽ സാബുവിന്റെ വീട്ടിൽ മരണാന്തര ചടങ്ങുകൾ നടക്കുന്നതിനിടയിലാണ് പാചക വാതകം ചോർന്ന് തീപിടിച്ചത്. ആലപ്പുഴയിൽ നിന്നുള്ള അഗ്നിശമന സേനയാണ് അപകടം ഒഴിവാക്കിയത്. സിലണ്ടറിന്റെ മുകൾ ഭാഗത്തെ നോബിൽ നിന്നായിരുന്നു ചോർച്ച.
ശ്രദ്ധിക്കേണ്ടത്
# പാചക വാതക സിലിണ്ടർ തുറന്ന സ്ഥലത്തും ഗ്യാസ് അടുപ്പ് അടഞ്ഞ സ്ഥലത്തും സൂക്ഷിക്കുക
# സിലിണ്ടറിൽ നിന്നും അടുപ്പിലേക്ക് വരുന്ന ട്യൂബിൽ പൊട്ടൽ ഇല്ലെന്ന് ഉറപ്പു വരുത്തണം
# അടുപ്പിലെ നോബ് തിരിച്ച് ഗ്യാസ് പ്രവഹിക്കാൻ തുടങ്ങിയാൽ ഉടൻ തന്നെ അടുപ്പ് കത്തിക്കണം
# ഉപയോഗം കഴിഞ്ഞ് സിലിണ്ടറിലെ വാൽവ് അടയ്ക്കണം.
ഗ്യാസ് ചോർന്നാൽ
# എത്രയും വേഗം സിലിണ്ടറിലെ വാൽവ് ഒഫ് ചെയ്യുക
# ചോർച്ചയുള്ള സ്ഥലത്തെ ഇലക്ട്രിക് ഉപകരണങ്ങൾ പ്രവർത്തിപ്പിക്കാനോ സ്വിച്ചുകൾ ഓൺ ചെയ്യാനോ ഓൺ ആയി കിടക്കുന്ന സ്വിച്ചുകൾ ഓഫാക്കാനോ പാടില്ല. മെയിൻ സ്വിച്ച് ഒാഫ് ചെയ്യുക
# ചോർച്ചയുള്ള റൂമിലെ ജനാലകളും വാതിലുകളും തുറന്നിട്ട് വായു കടത്തുക. വേഗതയിൽ ഓടാനോ നടക്കാനോ ശ്രമിക്കരുത്
# തറയിൽ വെള്ളം ഒഴിക്കുകയോ, നനഞ്ഞ ചാക്കുകളോ തുണികളോ വിരിച്ചിടുകയോ ചെയ്യുക.
സിലിണ്ടറുകളിലെ തിരിമറി
കാലപ്പഴക്കം ചെന്ന സിലിണ്ടറുകൾ ഏജൻസികൾ നൽകുന്നതും അപകടത്തിന് വഴിയൊരുക്കുന്നു. വർഷങ്ങൾ പഴക്കമുള്ള സിലിണ്ടറുകൾ അറ്റകുറ്റപ്പണി നടത്താതെ വീണ്ടും പെയിന്റടിച്ചാണ് പുതിയതെന്ന പേരിൽ നൽകുന്നതെന്ന് ഉപഭോക്താക്കൾ ആരോപിക്കുന്നു. 2016ൽ പൂച്ചാക്കലിൽ അപകടത്തിൽപ്പെട്ട സിലിണ്ടറുകളിൽ 2018 വരെ ഉപയോഗിക്കാമെന്നാണ് രേഖപ്പെടുത്തിയിരുന്നത്.
................................................
''ജില്ലയിൽ കഴിഞ്ഞ മാസം വരെ 30 കേസുകൾ പരിഹരിച്ചു. വലിയ അപകടം നടക്കേണ്ട സ്ഥലത്തും അഗ്നിശമന സേനയുടെ സമയോചിതമായ സമീപനമാണ് ദുരന്തങ്ങൾ ഒഴിവാക്കുന്നത്'
(അഗ്നിശമന സേന അധികൃതർ, ആലപ്പുഴ)