p1
പ്രതികളായ അഷറഫും ഷെർവിനും

ആലപ്പുഴ: വിദ്യാലയങ്ങൾ കേന്ദ്രീകരിച്ചുള്ള വില്പനയ്ക്കായി കൊണ്ടുവന്ന, അഞ്ചു ലക്ഷം രൂപയുടെ 15,000 പായ്ക്കറ്റ് സിഗരറ്റുകളുമായി ആലപ്പുഴ നഗരസഭ വട്ടയാൽ വാർഡ് അരയൻ പറമ്പ് വീട്ടിൽ അഷറഫ് (33), ചങ്ങനാശേരി പെരുന്ന പള്ളിവീട്ടിൽ ഷെർവിൻ (39) എന്നിവരെ എക്സൈസ് സംഘം പിടികൂടി. കൂട്ടുപ്രതിയായ ചങ്ങനാശേരി മഞ്ചാടിക്കര മുറിയിൽ സാദിഖ് (32) ഒളിവിലാണ്. അഷ്റഫിന്റെ വീട്ടിൽ നിന്ന് 300 പായ്ക്കറ്റ് സിഗരറ്റും ഷെർവിന്റെ വീട്ടിൽ നിന്ന് 50 പായ്ക്കറ്റും സാദിഖിന്റെ വീട്ടിൽ നിന്ന് 150 പായ്ക്കറ്റുമാണ് പിടികൂടിയത്.

നഗരത്തിലെ സ്‌കൂൾ, കോളേജുകൾ കേന്ദ്രീകരിച്ച് വില കുറഞ്ഞ സിഗരറ്റുകൾ വ്യാപകമായി വില്പന നടത്തിവരുന്നതായി രഹസ്യ വിവരം ലഭിച്ചതിനെത്തുടർന്ന് എക്‌സൈസ് സ്‌പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ വി. റോബർട്ടിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. അഷ്റഫിൽ നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഷെർവിന്റെയും സാദിഖിന്റെയും വീടുകളിൽ പരിശോധന നടത്തിയത്. നികുതി അടയ്ക്കാത്ത ഈ സിഗരറ്റുകൾ കേരളത്തിൽ കേരളത്തിൽ പ്രചാരത്തിലുള്ളവയല്ല. സാദിഖാണ് വ്യാജസിഗരറ്റ് കച്ചവടത്തിലെ പ്രധാനി. പ്രവാസിയായിരുന്ന ഷെർവിൻ ഗൾഫിൽ നിന്ന് മടങ്ങിയെത്തിയശേഷമാണ് ഈ ബിസിനസിലേക്ക് തിരിഞ്ഞത്. സ്‌കൂൾ കുട്ടികളാണ് മുഖ്യ ഇടപാടുകാരെന്നാണ് വിവരം. ഒരു സിഗരറ്റിന് മൂന്ന് രൂപയാണ് വില. 500 കെട്ടുകളായിട്ടാണ് ഇവ സിഗരറ്റ് കൊണ്ടുവന്നത്. എക്‌സൈസ് ഇൻസ്‌പെക്ടർ അമൽ രാജൻ, പ്രിവന്റീവ് ഓഫീസർ എ.കുഞ്ഞുമോൻ, സിവിൽ എക്‌സൈസ് ഓഫീസർമാരായ കെ.ജി. ഓംകാർനാഥ്, പി. അനിലാൽ, എസ്.ആർ.റഹിം, എൻ.പി. അരുൺ, ടി. ജിയേഷ്, എസ്. അരുൺ എന്നിവരും പരിശോധനയിൽ പങ്കെടുത്തു.

............................

 രുചികൾ വ്യത്യസം

ആൾ ഇൻ വൺ, ഒാൾഡ് സ്പൈസ്, ഇ.എസ്.എസ്.ഇ ലൈറ്റ്, ഗോൾഡ് കിംഗ്, പാരിസ്, ദജുറം ബ്ലാക്,സിഗറോൺ എന്നീ പേരുകളിലുള്ള സിഗരറ്റുകളാണ് പിടികൂടിയത്. സ്‌ട്രോബറിയുടെ രുചിയാണ് ഗോൾഡ് സ്പൈസ് സിഗരറ്റിന്. പുതിനയിലയുടെ രുചിയാണ് പാരിസ് സിഗരറ്റിന്. ഗ്രാമ്പു രുചിയുള്ളതാണ് ദാജുറംബ്ലാക്. ഐസ് ക്രീമിന്റെ രുചിയാണ് ആൾ ഇൻ വണ്ണിന്. കനം കുറഞ്ഞ ഇ.എസ്.എസ്.ഇ ലൈറ്റ് സിഗരറ്റ് സ്ത്രീകളും ഉപയോഗിക്കാറുണ്ടെന്ന് പ്രതികൾ എക്സൈസിനോടു പറഞ്ഞു.