ചേർത്തല: നൂതന സാങ്കേതിക വിദ്യയും ആസൂത്രണവും പരിചയ സമ്പത്തും നിർമ്മാണ നൈപുണ്യവും കൊണ്ട് കെട്ടിട നിർമ്മാണ രംഗത്ത് തരംഗം സൃഷ്ടിക്കാൻ ഒരുങ്ങുന്ന 'ആർദ്ര ഹാബി​റ്റാ​റ്റ്‌സി'ന്റെ ഉദ്ഘാടനം നാളെ നടക്കും. സർക്കാർ ആസൂത്രണം ചെയ്യുന്ന നവകേരളം പുനർ നിർമ്മാണ പ്രക്രിയയിൽ ഭാഗഭക്കായിക്കൊണ്ടാണ് കമ്പനിയുടെ പ്രവർത്തനം.

പരിസ്ഥിതി ആഘാതം ലഘൂകരിച്ച് സ്ഥലപരിമിതിയും സാമ്പത്തിക സാഹചര്യവും കണക്കിലെടുത്ത് കുറഞ്ഞ ചെലവിൽ പ്രകൃതിക്ക് ഇണങ്ങിയ രീതിയിൽ കെട്ടിടങ്ങൾ നിർമ്മിക്കുകയാണ് ലക്ഷ്യം.കുറഞ്ഞ നിരക്കിലുള്ള വീടുകൾ മുതൽ വ്യാവസായിക അടിസ്ഥാനത്തിലുള്ള കെട്ടിട സമുച്ചയങ്ങൾ വരെ നിർമ്മിച്ച് നൽകും. നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെ പ്രകൃതി ദുരന്തങ്ങളെ അതിജീവിക്കാൻ കഴിയുന്ന തരത്തിലാണ് വീടുകൾ നിർമ്മിക്കുന്നത്. വിദഗ്ദ്ധരായ എൻജിനിയർമാരും പ്രഗത്ഭരായ ഡിസൈനർമാരുമാണ് രൂപരേഖ തയാറാക്കുന്നതും നിർമ്മാണത്തിന് മേൽനോട്ടം വഹിക്കുന്നതും.സമയബന്ധിതമായി നിർമ്മാണം പൂർത്തിയാക്കും. നാല് പതി​റ്റാണ്ട് പ്രവർത്തന പരിചയമുള്ള തൊഴിലാളികളാണ് നിർമ്മാണ ജോലികൾക്ക് നേതൃത്വം നൽകുന്നത്.

ഉദ്ഘാടനത്തോടനുബന്ധിച്ച് അഞ്ചു ലക്ഷം രൂപ ചെലവഴിച്ച് നിർദ്ധന കുടുംബത്തിന് വീട് നിർമ്മിച്ച് നൽകുമെന്നും ഇതിനായി ജനമൈത്രി പൊലീസിന്റെ സഹകരണം തേടിയതായും ചെയർമാൻ റിട്ട. ഡി.ജി.പി പി. ചന്ദ്രശേഖരൻ, മാനേജിംഗ് ഡയറക്ടർ പി.ഡി.ലക്കി, ഓപ്പറേഷൻസ് മാനേജർ അഖില ലക്കി,പി.ആർ.ഒ ബിൻസി മാത്യു എന്നിവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. നാളെ വൈകിട്ട് മൂന്നിന് നഗരസഭ ടൗൺഹാളിൽ ചേരുന്ന സമ്മേളനം ഭക്ഷ്യമന്ത്രി പി. തിലോത്തമൻ ഉദ്ഘാടനം ചെയ്യും. പി. ചന്ദ്രശേഖരൻ അദ്ധ്യക്ഷത വഹിക്കും. മന്ത്രി ഡോ. ടി.എം തോമസ് ഐസക് മുഖ്യാതിഥിയാകും. ഇന്നസെന്റ് എം.പി മുഖ്യപ്രസംഗം നടത്തും. എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ആദ്യ നിർമ്മാണ കരാർ ഏ​റ്റുവാങ്ങലും ജി. ശങ്കർ, ജോർജ് ജോസഫ് എന്നിവരെ ആദരിക്കലും നിർവ്വഹിക്കും. സൗജന്യമായി നിർമ്മിച്ച് നൽകുന്ന വീടിന്റെ സമ്മതപത്രം റിട്ട.ഡി.ജി.പി ടി.പി. സെൻകുമാർ കൈമാറും. അഡ്വ.എ.എം ആരിഫ് എം.എൽ.എ വിദ്യാഭ്യാസ ആനുകൂല്യ വിതരണവും അനുമോദിക്കലും, നഗരസഭ ചെയർമാൻ പി. ഉണ്ണിക്കൃഷ്ണൻ പുതുതായി ആരംഭിക്കുന്ന വില്ല പ്രോജക്ടുകളുടെ ഉദ്ഘാടനവും നിർവഹിക്കും. വൺനെസ് ചാരി​റ്റബിൾ ട്രസ്​റ്റിന്റെ ക്യാഷ് അവാർഡ് വിതരണം രക്ഷാധികാരി പി.ഡി.ലക്കി നിർവഹിക്കും.വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും ചടങ്ങിൽ പങ്കെടുക്കും. കലാപരിപാടികളും അരങ്ങേറും.