crime
അഖിൽ

ചേർത്തല: മോഷ്ടിച്ച ബൈക്കിൽ സഞ്ചരിച്ച് വഴിയാത്രക്കാരിയുടെ സ്വർണമാല പൊട്ടിച്ചെടുത്ത കേസിൽ പള്ളിത്തോട് പുതുവൽ നികർത്ത് അഖിൽ (23), അന്ധകാരനഴി തറയിൽ വീട്ടിൽ ദിനു (20) എന്നിവരെ ചേർത്തല പൊലീസ് പിടികൂടി.

കഴിഞ്ഞ ദിവസം കാപ്പ ചുമത്തി സെൻട്രൽ ജയിലിൽ അടച്ച നെബുവിനൊപ്പം നിരവധി ബൈക്ക് മോഷണക്കേസിലും മറ്റ് മോഷണ കേസുകളിലും പ്രതിയായ അഖിൽ ജയിൽശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയതാണ്. കഴിഞ്ഞ 10ന് രാവിലെ ഒ​റ്റപ്പുന്ന തവണക്കടവ് റോഡിലൂടെ നടന്നു പോകുകയായിരുന്ന കെ.ആർ പുരം അരുണാലയം വീട്ടിൽ ശോഭനയുടെ (51) രണ്ടര പവന്റെ മാലയാണ് ഇവർ പൊട്ടിച്ചെടുത്ത് കടന്നത്. നേരത്തെ ചേർത്തല റെയിൽവേ സ്​റ്റേഷനു സമീപത്തു നിന്നു മോഷ്ടിച്ച കുറുപ്പം കുളങ്ങര മാലിയിൽ വീട്ടിൽ ജോർജിന്റെ ബൈക്കിലെത്തിയായിരുന്നു കവർച്ച. പിന്നീട് തങ്കി പള്ളിക്ക് സമീപം ബൈക്ക് ഉപേക്ഷിക്കുകയും ചെയ്തു.സി.സി.ടിവി ദൃശ്യങ്ങളിൽ നിന്ന് പ്രതികളെ കുറിച്ച് സൂചന ലഭിച്ച പൊലീസ് ഇവരെ നിരീക്ഷിച്ചു വരുകയായിരുന്നു. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കുമെന്ന് എസ്‌.ഐ ജി.അജിത് കുമാർ പറഞ്ഞു.

മ​റ്റൊരു ബൈക്കും മോഷ്ടിച്ച് മാല പൊട്ടിക്കാൻ ഇവർ മുമ്പു ശ്രമിച്ചതായി പൊലീസ് കണ്ടെത്തി. ചേർത്തല റെയിൽവേ സ്​റ്റേഷന് പിന്നിൽ പാർക്ക് ചെയ്തിരുന്ന തണ്ണീർമുക്കം കണ്ണൻകര വെളി അനിൽകുമാറിന്റെ ബൈക്ക് മോഷ്ടിച്ച ശേഷം പാല മേഖലയിൽ മാല പൊട്ടിക്കലിന് ശ്രമിച്ചെങ്കിലും ശ്രമം പരാജയപ്പെട്ടു. പിന്നീട് ബൈക്ക് ചേർത്തല റെയിൽവേ സ്‌​റ്റേഷനു മുന്നിൽ ഉപേക്ഷിക്കുകയായിരുന്നു.