അമ്പലപ്പുഴ: ഹർത്താലിന് കടകൾ പൂട്ടുന്ന ലാഘവത്തോടെയാണ് തന്ത്രി ശബരിമല നട അടച്ചിടുമെന്ന് പറയുന്നതെന്ന് മന്ത്രി ജി. സുധാകരൻ പറഞ്ഞു. തന്ത്രിയുടെ നിലപാട് കേരളം ചർച്ച ചെയ്യണം. കേരളത്തിലെ ഫ്യൂഡൽ പൗരോഹിത്യത്തിന്റെ തകർച്ചയുടെ മണിമുഴക്കമാണ് ശബരിമലയിലുണ്ടായത്. സ്ത്രീകൾ മല ചവിട്ടാതെ തിരിച്ചു പോയത് ദൗർഭാഗ്യകരമാണ്. ശബരിമലയിൽ പോകുന്നവരുടെ പൂർവ ചരിത്രം നോക്കേണ്ടതില്ലെന്നും അദ്ദേഹം മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞു. ആക്ടിവിസ്റ്റുകൾക്കും ഭക്തി ഉണ്ടാകാം. യേശു ക്രിസ്തുവിനെ കുരിശിൽ തറച്ച് തെരുവീഥികളിൽക്കൂടി നടത്തിയപ്പോൾ ഓടിയെത്തി കണ്ണുനീർ കൊണ്ട് മുറിവു കഴുകിത്തുടച്ചത് മഗ്‌ദലനമറിയമാണ്. നവോത്ഥാന നായകരുടെ തുടർച്ചയാണ് സർക്കാർ നടപ്പാക്കുന്നത്. താൻ ദേവസ്വം മന്ത്രി ആയിരിക്കുമ്പോഴാണ് ഗുരുവായൂർ ക്ഷേത്രത്തിൽ സ്ത്രീകൾക്ക് ചുരിദാർ ധരിച്ച് പ്രവേശിക്കാൻ അനുമതി നൽകിയത്. മല ചവിട്ടണമെന്നോ, പോകരുതെന്നോ സർക്കാർ പറയില്ല. ധൈര്യമുള്ളവർക്ക് കയറാം. മുസ്ലിം വർഗീയത പ്രചരിപ്പിച്ച് സമാധാന അന്തരീക്ഷം തകർക്കാനാണ് ബി.ജെ.പി നേതാവ് ശ്രീധരൻപിള്ള ശ്രമിക്കുന്നത്. വിശ്വാസികളും, സർക്കാരും ജയിക്കുമെന്നും സുധാകരൻ പറഞ്ഞു.