ambalapuzha-news
ഡി.വൈ.എഫ്.ഐ നേതൃത്വത്തിൽ ആലപ്പുഴ മെഡി. ആശുപത്രിയിൽ ഉച്ചഭക്ഷണം വിതരണം ചെയ്യുന്ന 'ഹൃദയപൂർവ്വം' പദ്ധതി 500 ദിവസം പിന്നിട്ടതിന്റെ ഉദ്ഘാടനം ആശുപത്രി വളപ്പിൽ മന്ത്രി ജി. സുധാകരൻ നിർവ്വഹിക്കുന്നു. സി.പി.എം ജില്ലാ സെക്രട്ടറി ആർ. നാസർ, ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡന്റ് അഡ്വ. എം.എം. അനസ് അലി, സെക്രട്ടറി മനു സി.പുളിക്കൽ, ബിപിൻ സി.ബാബു തുടങ്ങിയവർ സമീപം

 മെഡി. ആശുപത്രിയിലെ ഡി.വൈ.എഫ്.ഐ ഭക്ഷണ വിതരണം 500 ദിവസം പിന്നിട്ടു

അമ്പലപ്പുഴ: രോഗത്തിന്റെ വേദനയും പണത്തിന്റെ അപര്യാപ്തതയും മൂലം വിശപ്പെന്ന വികാരത്തെ അടക്കിനിറുത്തിയിരുന്ന ആലപ്പുഴ മെഡി. ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമായി ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റി ആവിഷ്കരിച്ച ഭക്ഷണ വിതരണ പദ്ധതി 500 ദിവസം പിന്നിട്ടു. ഹോട്ടലുകളിലെയും കാന്റീനിലെയുമൊക്കെ ഭക്ഷണവില സഹിക്കേണ്ടി വന്നിരുന്ന ആയിരങ്ങൾക്കാണ് യുവജന സംഘടനയുടെ മാനുഷിക സാമീപ്യം ആശ്വാസം പകരുന്നത്.

2017 ജൂൺ മൂന്നിന് മന്ത്രി ജി. സുധാകരനാണ് 'ഹൃദയപൂർവ്വം' എന്നപേരിലുള്ള ഭക്ഷണവിതരണ പദ്ധതി ഉദ്ഘാടനം ചെയ്തത്. ജില്ലയിലെ 148 മേഖലാ കമ്മിറ്റികൾ ഊഴമനുസരിച്ച് ഭക്ഷണം ആശുപത്രിയിൽ എത്തിക്കും. വീടുകളിൽ നിന്ന് ശേഖരിക്കുന്ന ഭക്ഷണപ്പൊതികൾ അതത് മേഖലകളിലെയും ജില്ലാ കമ്മിറ്റിയിലെയും നേതാക്കളും പ്രവർത്തകരും ചേർന്നാണ് ഉച്ചയ്ക്ക് 12.30ഓടെ വിതരണം ചെയ്യുന്നത്. ഒരാൾക്ക് ഒരു പൊതി എന്നാണ് നിബന്ധനയെങ്കിലും ആവശ്യാനുസരണം കൊടുക്കാൻ കഴിയുന്നത്ര ഭക്ഷണപ്പൊതികൾ എല്ലാദിവസവും ലഭ്യമാവാറുണ്ടെന്ന് ജില്ലാ പ്രസിഡന്റ് അഡ്വ. എം.എം. അനസ് അലി, സെക്രട്ടറി മനു സി.പുളിക്കൽ എന്നിവർ പറഞ്ഞു. ദിവസം ശരാശരി 3,500- 4,000 പൊതികളാണ് വിതരണം ചെയ്യുന്നത്. ഒരു പൊതിക്ക് കുറഞ്ഞത് 50 രൂപ വിലയിട്ടാൽപ്പോലും ഇതിനോടകം 10 കോടിയോളം രൂപയുടെ ഭക്ഷണം വിതരണം ചെയ്യാനായെന്നും നേതാക്കൾ അവകാശപ്പെട്ടു. ജില്ലയിലെ 148 മേഖലാ കമ്മിറ്റികളാണ് പദ്ധതിക്കു പിന്നിൽ പ്രവർത്തിക്കുന്നത്.

അഞ്ഞൂറു ദിവസമെന്ന നാഴികക്കല്ല് പിന്നിട്ടതിന്റെ ആഘോഷം കഴിഞ്ഞ ദിവസം ഭക്ഷണം വിതരണം ചെയ്തുകൊണ്ട് മന്ത്രി ജി. സുധാകരൻ ഉദ്ഘാടനം ചെയ്തു. മറ്റൊരു പ്രസ്ഥാനത്തിനും അവകാശപ്പെടാൻ കഴിയാത്ത പ്രവർത്തനമാണ് ഡി.വൈ.എഫ്.ഐ പ്രവർത്തകർ ഹൃദയപൂർവ്വം പദ്ധതിയിലൂടെ നിർവ്വഹിക്കുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ആശുപത്രി സൂപ്രണ്ട് ഡോ.ആർ.വി.രാംലാൽ, സി.പി.എം ജില്ലാ സെക്രട്ടറി ആർ.നാസർ, എച്ച്.സലാം, എ. ഓമനക്കുട്ടൻ, അമ്പലപ്പുഴ ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രജിത് കാരിക്കൽ, അഡ്വ. എം.എം. അനസ് അലി, മനു സി.പുളിക്കൽ, ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റി അംഗങ്ങളായ ലിജിൻ കുമാർ, ബിപിൻ സി.ബാബു, ആർ.രാഹുൽ, കെ.ടി. മാത്യു, സുമ തുടങ്ങിയവർ പങ്കെടുത്തു.