എൽമെക്സ് വക സ്ഥലത്ത് സ്വകാര്യ ബസ് സ്റ്റാൻഡും വ്യാപാര സമുച്ചയവും ഉയരും
കായംകുളം: നഗരം ആസ്ഥാനമായി ഒരു താലൂക്കും നല്ലൊരു സിനിമ തിയേറ്ററുമെന്ന സ്വപ്നം അന്യംനിൽക്കുന്ന കായംകുളത്തുകാർക്ക് ഗമയോടെ പറയാൻ നഗര കേന്ദ്രീകൃതമായിത്തന്നെ വരുന്നു, ആധുനിക സൗകര്യങ്ങളുള്ള സ്വകാര്യ ബസ് സ്റ്റാൻഡും മുന്നൂറു കോടിയോളം മുടക്കുമുതലുള്ള വ്യാപാര സമുച്ചയവും. നഗരത്തിലെ ലിങ്ക് റോഡിൽ എൽമെക്സ് വ്യവസായ സ്ഥാപനങ്ങളുടെ ഉടമ സൗജന്യമായി നൽകുന്ന 30 സെന്റും വിലയ്ക്ക് നൽകുന്ന 30 സെന്റും വിനിയോഗിച്ചാണ് സ്വകാര്യ ബസ് സ്റ്റാൻഡ് നിർമ്മിക്കുന്നത്. എൽമെക്സ് ഉടമസ്ഥതയിലുള്ള 1.80 ഏക്കറിൽ നിന്നാണ് ഇത്രയും സ്ഥലം വിട്ടുനൽകുന്നത്. ബാക്കി സ്ഥലത്ത് വ്യാപാര സമുച്ചയം ഉയരും.
പദ്ധതി സംബന്ധിച്ച് പ്രാഥമിക ചർച്ചകൾ നഗരസഭ നടത്തിക്കഴിഞ്ഞു. അന്തിമ തീരുമാനം നഗരസഭ കൗൺസിലിനു വിടാൻ കഴിഞ്ഞ ദിവസം നടന്ന നഗരസഭ വികസന സ്റ്റാൻഡിംഗ് കമ്മറ്റി യോഗം തീരുമാനിച്ചു. സ്വകാര്യ ബസ് സ്റ്റാൻഡ് നിർമ്മിക്കാനുള്ള സ്ഥലം നിയമക്കുരുക്കിലായിരുന്നു. സ്ഥലം മുഴുവൻ ബസ് സ്റ്റാൻഡിനു വേണ്ടി ഏറ്റെടുക്കുമെന്ന് ഭീഷണിപ്പെടുത്തി, നഗരസഭ ഭരണാധികാരികൾ വസ്തു ഉടമയെ ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ടിരുന്ന 'കീഴ്വഴക്ക'ത്തിനും ഇതോടെ വിരാമമാകും. നിയമക്കുരുക്കിലൂടെ മുഴുവൻ സ്ഥലവും ഏറ്റെടുത്ത് ബിസിസന് ഗ്രൂപ്പിനെ കെട്ടുകെട്ടിക്കാനുള്ള പദ്ധതികളാണ് അണിയറയിൽ ഇത്രയും കാലം തിളച്ചുകൊണ്ടിരുന്നത്
ശമ്പളം കൊടുക്കാൻ ബുദ്ധിമുട്ടുന്ന നഗരസഭയ്ക്ക് ഭീമമായ ബാദ്ധ്യത ഉണ്ടാക്കുന്നതാണ് സ്ഥലം ഏറ്റെടുക്കൽ. എന്നാൽ സൗജന്യമായി പാതി സ്ഥലം കിട്ടുന്നതോടെ കാര്യങ്ങൾ എളുപ്പമാവും, നിയമക്കുരുക്കുകൾ അഴിയുകയും ചെയ്യും.
...............................................
# സ്വകാര്യ ബസ് സ്റ്റാൻഡ് വന്നാൽ
നഗരത്തിലെ ഗതാഗതക്കുരുക്കിനു പരിഹാരം
നഗരസഭയ്ക്ക് അധിക സാമ്പത്തിക ബാദ്ധ്യതയില്ല
അനാവശ്യ വിവാദങ്ങൾക്കും വിലപേശലുകൾക്കും വിട
വ്യക്തിഗത നേട്ടം ഉണ്ടാക്കിയിരുന്നവർക്ക് തിരിച്ചടി
.....................................................
''കായംകുളം പട്ടണത്തിന്റെ ചിരകാല സ്വപ്നമായ സെൻട്രൽ പ്രൈവറ്റ് ബസ് സ്റ്റാൻഡ് യാഥാർത്ഥ്യമാക്കും. ഇതിന്റെ പേരിൽ വിലപേശാനും ലാഭമുണ്ടാക്കാനും ആര് ശ്രമിച്ചാലും നടക്കില്ല. ഉറച്ച തീരുമാനമെടുത്ത് നഗരസഭ മുന്നോട്ടു പോകും. എൽമെക്സ് ഉടമ നിർദിഷ്ട സ്ഥലം വിലയ്ക്ക് വാങ്ങിയ 2006 ൽ അന്നത്തെ ഭരണനേതൃത്വമാണ് മാസ്റ്റർ പ്ലാനിൽ നിന്ന് ഈ സ്ഥലത്തെ ഒഴിവാക്കിയത്. ഏകപക്ഷീയമായ ഈ തീരുമാനത്തിനെതിരെ കോടതി ഉത്തരവിനെ തുടർന്നാണ് വീണ്ടും എൽമെക്സ് വക സ്ഥലം മാസ്റ്റർ പ്ലാനിൽ ഉൾപ്പെടുത്തിയത്. 2016 മാർച്ചിൽ ഇപ്പോഴുള്ള നഗരഭരണമാണ് സ്ഥലം എറ്റെടുക്കാനുള്ള അനുമതിക്കായി സർക്കാരിനെ സമീപിച്ചത്. ഇതിനുവേണ്ടി കഴിഞ്ഞ മൂന്നു വർഷവും ഒരു കോടി രൂപ വീതം നീക്കിവെച്ചിരുന്നു.നഗരസഭ കൗൺസിലിന്റെ തീരുമാനപ്രകാരമാണ് ബസ് സ്റ്റാൻഡ് വിഷയത്തിൽ ഉടമയുമായി സംസാരിച്ച് ഇപ്പോൾ പറയുന്ന നിർദ്ദേശങ്ങൾ പരിഗണനയ്ക്ക് കൊണ്ടുവന്നത്'
(എൻ.ശിവദാസൻ, ചെയർമാൻ, നഗരസഭ)