ചാരുംമൂട്: കമ്പത്തു നിന്ന് വാങ്ങി വിതരണം ചെയ്യാൻ കാറിൽ കടത്തവേ ഒന്നേകാൽ കിലോ കഞ്ചാവുമായി രണ്ട് പേർ അറസ്റ്റിൽ. അടൂർ പറക്കോട് കുഴിഞ്ഞയ്യത്ത് പുത്തൻവീട്ടൽ ബ്ളസൺ ബിജു (26) പഴകുളം വലിയവിളയിൽ ഷാജഹാൻ (25) എന്നിവരാണ് നൂറനാട് റേഞ്ച് എക്സൈസ് സംഘത്തിന്റെ പിടിയിലായത്. വെള്ളിയാഴ്ച രാത്രി 10.30ന് കെ.പി.റോഡിലെ നൂറനാട് ആദിക്കാട്ടുകുളങ്ങര അമ്മൻകോവിൽ ജംഗ്ഷനിൽ വാഹന പരിശോധനയ്ക്കിടെയാണ് മാരുതി വാഗണർ കാറിൽ കായംകുളം ഭാഗത്തേക്ക് വന്ന ഇവർ പിടിയിലായത്. പല കവറുകളിലായാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. കാറും കസ്റ്റയിലെടുത്തിട്ടുണ്ട് .സ്വന്തം ഉപയോഗത്തിനും വില്പനയ്ക്കുമാണ് കഞ്ചാവ് എത്തിച്ചതെന്ന് പ്രതികൾ പറഞ്ഞതായി എക്സൈസ് അധികൃതർ അറിയിച്ചു. ബ്ളസൺ ബിജു മുൻപ് കഞ്ചാവ് കടത്തിയതിന് അടൂർ പൊലീസിന്റെ പിടിയിലായിട്ടുണ്ട്. എക്സൈസ് ഇൻസ്പക്ടർ വി.രാധാകൃഷ്ണപിള്ള, പ്രിവന്റീവ് ഓഫീസർമാരായ കെ.പി.പ്രമോദ്, എം.കെ.ശ്രീകുമാർ ,സി.ഇ. ഓ.മാരായ പ്രകാശ്, വി.അരുൺ, ബി.പ്രവീൺ, ബിജു, ഡ്രൈവർ റെമീസ് എന്നിവരുടെ നേതൃത്വത്തിലാണ് പിടികൂടിയത്.