35,500 ഹെക്ടർ വിസ്തൃതിയുണ്ടായിരുന്ന വേമ്പനാട്ട് കായൽ 12,675 ആയി കുറഞ്ഞു
ആലപ്പുഴ: മത്സ്യസമ്പത്ത് കുറഞ്ഞതോടെ വേമ്പനാടുകായലിലെ മത്സ്യത്തൊഴിലാളികളുടെ ജീവിതം ആശങ്കയിൽ. പ്രളയത്തിനുശേഷം കായലിലെ ആവാസ വ്യവസ്ഥയിലുണ്ടായ മാറ്റങ്ങൾ മൂലം 14 ഇനം മത്സ്യങ്ങൾ ഇല്ലാതായിയെന്ന് കായൽ ഗവേഷക വിദഗ്ദ്ധർ. ഓരുജലത്തിന്റെ വരവ് കുറഞ്ഞതാണ് കാരണം.
പ്രളയത്തിൽ ഒഴുകിയെത്തിയ എക്കലും മാലിന്യങ്ങളും കായലിൽ നിറഞ്ഞുകിടപ്പാണ്. തണ്ണീർമുക്കം ബണ്ടിന്റെ വരവിന് മുമ്പ് 429 ടൺ ആറ്റു കൊഞ്ച് ലഭിച്ചിരുന്നു .ബണ്ട് വന്നതിനുശേഷം 17 ടണ്ണായി കുറഞ്ഞു.ഇപ്പോൾ 10 ടണ്ണും. നാടൻ മുഷികുഞ്ഞിക്കുങ്ങളെയും വംശനാശം നേരിടുന്ന മഞ്ഞക്കൂരിയെയും ഫിഷറീസ് വകുപ്പ് കൃത്രിമമായി ഉത്പാദിപ്പിച്ച് കായലിൽ നിക്ഷേപിക്കുന്നുണ്ട്. എന്നാൽ രാസജൈവ മാലിന്യങ്ങൾ നിറഞ്ഞ കായലിലെ ആവാസവ്യവസ്ഥ സ്വാഭാവിക പ്രജനനത്തിന് അനുയോജ്യമല്ലെന്നാണ് വിദഗ്ദ്ധരുടെ വിലയിരുത്തൽ.
കായൽ മലിനപ്പെട്ടതോടെ കാര ചെമ്മീൻ, നാരൻ ചെമ്മീൻ, ഞണ്ട് തുടങ്ങിയ പലവിധ മത്സ്യങ്ങളുടെയും ലഭ്യത കുറഞ്ഞു. കക്ക ഉത്പാദനവും നാമമാത്രമായി. കൊഞ്ചിൽ നിന്ന് മാത്രം 40 കോടി രൂപയാണ് പ്രതിവർഷം ലഭിച്ചിരുന്നത്. ഉത്പാദനം കുറഞ്ഞതോടെ ഏറെ പരിതാപകരമാണ് ഇൗ മേഖല. മണലും മറ്റ് മാലിന്യങ്ങളും അടിത്തട്ടിൽ അടിഞ്ഞതോടെ കക്ക മൂടിപ്പോയി. പാണാവള്ളി,മാക്കേക്കടവ്,പെരുമ്പളം തുടങ്ങിയ ഭാഗത്താണ് കക്ക ധാരാളമായി ലഭിച്ചിരുന്നത്. പുലർച്ചെ മുതൽ ഉച്ചവരെ ജോലി ചെയ്താൽ 20 കിലോ നേരത്തേ ലഭിച്ചിരുന്നത് പകുതി പോലുമില്ല. കക്കയിറച്ചി 75000 ടൺ എന്നത് 25000 ആയി. വിപണിയിൽ ഡിമാന്റുണ്ടെങ്കിലും കക്ക ഇല്ലാത്തതിനാൽ തൊഴിലാളികൾ മറ്റു ജോലി തേടുന്ന സാഹചര്യമാണ്. കുട്ടനാട്ടിൽ കൂരി,ചെമ്പല്ലി,വരാൽ,ചേറുമീൻ,പള്ളത്തി,കുറുവ പരൽ, കാരി എന്നിവ ഗണ്യമായി കുറയുന്നത് മത്സ്യത്തൊഴിലാളികളെയും കള്ളിഷാപ്പ് ഉടമകളെയും ആശങ്കപ്പെടുത്തുന്നു.
....................
1 പാടശേഖരങ്ങളിൽ തളിക്കുന്ന കീടനാശിനി മത്സ്യ സമ്പത്തിന് ദോഷകരം.
2 മാലിന്യങ്ങൾ തള്ളാൻ പീലിംഗ് ഷെഡുകളും ഹൗസ് ബോട്ടുകളും
3 വ്യവസായ കേന്ദ്രങ്ങളിൽ നിന്ന് രാസമാലിന്യം നിക്ഷേപിക്കുന്നു
............................................................
'കായൽ കനിഞ്ഞില്ലെങ്കിൽ കുടുംബം പട്ടിണിയാകും. കായലിനെ വിഭജിച്ച് തണ്ണീർമുക്കം ബണ്ട് വന്നതോടെ ഒരുഭാഗത്ത് കടലുമായുള്ള ബന്ധം വിച്ഛേദിക്കപ്പെട്ടു. അതോടെ വേലിയേറ്റവും വേലിയിറക്കവും മൂലം ഉണ്ടാകുന്ന സ്വാഭാവിക ശുചീകരണം നടക്കാതായി'
(തങ്കച്ചൻ, കായൽ മത്സ്യത്തൊഴിലാളി)
.......................................................
'കായലിന്റെ സ്വാഭാവിക ആവാസവ്യവസ്ഥയ്ക്ക് പ്രളയം വലിയ പോറൽ ഏൽപ്പിച്ചു. ശാസ്ത്രീയ രീതിയിൽ ഒാരുജലം കയറുന്നില്ല'
(ഡോ.കെ.ജി.പദ്മകുമാർ, കായൽ ഗവേഷണ വിദഗ്ദ്ധൻ)