ആലപ്പുഴ:പല്ലന മഹാകവി കുമാരനാശാൻ സ്മാരക സംഘം ഏർപ്പെടുത്തിയ പ്രഥമ ശ്രേഷ്ഠസേവാ പുരസ്കാര സമർപ്പണം 25ന് നടക്കും. രാവിലെ 11ന് പല്ലന മഹാകവി കുമാരനാശാൻ മെമ്മോറിയിൽ ഹയർ സെക്കൻഡറി സ്കൂളിലെ തച്ചടി പ്രഭാകരൻ സ്മാരക ആഡിറ്റോറിയത്തിൽ നടക്കുന്ന പുരസ്കാര സമർപ്പണവും സമ്മേളനോദ്ഘാടനവും ജസ്റ്റിസ് ബി.കമാൽപാഷ നിർവഹിക്കും. മുൻ എം.എൽ.എ ടി.കെ.ദേവകുമാർ അദ്ധ്യക്ഷതവഹിക്കും. പരിപാടിയുടെ ഒരുക്കങ്ങൾ പൂർത്തിയായതായി സ്കൂൾ മാനേജർ ഇടശ്ശേരി രവി, സംഘം സെക്രട്ടറി പി.പങ്കജാക്ഷൻ എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ആദ്യ മാനേജർ തച്ചടിപ്രഭാകരന്റെ ഭാര്യയും സ്കൂളിലെ പ്രഥമ അദ്ധ്യാപികയായിരുന്ന എൻ.കെ.സരോജിനിയമ്മക്ക് മരണാനന്തര ബഹുമതിയായും അരനൂറ്റാണ്ട് കാലമായി ആതുരസേവന രംഗത്ത് പ്രവർത്തിക്കുന്ന റിട്ട.ഡെപ്യൂട്ടി ഡി.എം.ഒ ഡോ. ഐ.എം.ഇസ്ളാഹ്, സ്കൂളിലെ പ്രഥമ അദ്ധ്യാപകരായിരുന്ന പി.ആർ.സുരേന്ദ്രൻ, പി.എസ്.സുരേന്ദ്രനാഥ് എന്നിവർക്കുമാണ് പുരസ്കാരം നൽകുന്നത്. 'കരുതൽ നല്ല നാളേയ്ക്കും തലമുറക്കും" എന്ന പുസ്തകത്തിന്റെ രചയിതാവും പൂർവവിദ്യാർത്ഥിയുമായ സി.എച്ച്.അലി അക്ബറിനെ ചടങ്ങിൽ ആദരിക്കും.
മഹാകവിയുടെ അനുസ്മരണം സംഘടിപ്പിക്കുന്നതിനായി 1952ൽ കുമാരനാശാന്റെ ഭാര്യ ഭാനുമതി അമ്മയുടെ നേതൃത്വത്തിൽ പ്രവർത്തനം ആരംഭിച്ച കുമാരനാശൻ സ്മാരക സംഘം 1972ൽ കലവറ കൃഷ്ണൻ നായരുടെ നേതൃത്വത്തിൽ രജിസ്റ്റർ ചെയ്തു. 1976ൽ തച്ചടി പ്രഭാകരൻ സംഘം പ്രസിഡന്റായപ്പോൾ പല്ലനയിൽ മഹാകവിയുടെ പേരിൽ ഹൈസ്ക്കൂൾ തുടങ്ങി. സമൂഹത്തിൽ വിവിധ രംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിക്കുന്നവർക്കാണ് ശ്രേഷ്ഠസേവാ പുരസ്കാരം നൽകുന്നത്. അടുത്ത വർഷം മുതൽ സംസ്ഥാന തലത്തിലായിരിക്കും പുരസ്കാര ജേതാക്കളെ തിരഞ്ഞെടുക്കുക.
സമ്മേളനത്തിൽ തൃക്കുന്നപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അമ്മിണിടീച്ചർ, സ്കൂളിന്റെ മുൻമാനേജർ ബിനു തച്ചടി, പ്രിൻസിപ്പൽ എം.എം.ജ്യോതി, ആശാൻ സ്മാരക കൗൺസിൽ അംഗങ്ങളായ ഡോ. എം.ആർ.രവീന്ദ്രൻ,കെ.രാമകൃഷ്ണൻ,എൻ.മോഹനൻ, പി.ടി.എ പ്രസിഡന്റ് സി.എച്ച്.സാലി, സീനിയർ അസിസ്റ്റന്റ് ഡി.വേണു, സ്റ്റാഫ് സെക്രട്ടറി ബി.ബിജു, എച്ച്.എസ്.എസ്.ടി കെ.പി. ശ്രീലേഖ എന്നിവർ സംസാരിക്കും. കുമാരനാശാൻ സ്മാരക സംഘം പ്രസിഡന്റും സ്കൂൾ മാനേജരുമായ ഇടശ്ശേരി രവി സ്വാഗതവും സെക്രട്ടറി പി.പങ്കജാക്ഷൻ നന്ദിയും പറയും.