ആലപ്പുഴ: കേരള ബ്രാഹ്മണസഭ മുൻ സംസ്ഥാന അദ്ധ്യക്ഷനും സനാതന ധർമ്മ വിദ്യാശാല മാനേജിംഗ് കമ്മിറ്റി മുൻ പ്രസിഡന്റുമായിരുന്ന ആലപ്പുഴ മുല്ലയ്ക്കൽ അമ്മൻകോവിൽ സ്ട്രീറ്റ് നിർമ്മലിൽ ജെ.കൃഷ്ണൻ (കൃഷ്ണസ്വാമി -86) അന്തരിച്ചു.വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് ചെന്നൈയിലെ രാമചന്ദ്രാ മെഡിക്കൽ മിഷനിൽ ഇന്നലെ പുലർച്ചെ 4.20നായിരുന്നു അന്ത്യം. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് ചെന്നൈയിൽ മകൾ സുധാബാലകൃഷ്ണന്റെ വീട്ടുവളപ്പിൽ നടക്കും. ഭാര്യ: ശങ്കരി കൃഷ്ണൻ. മകൻ: ജനാർദ്ദന മോഹൻ. മരുമക്കൾ: വിദ്യ,ബാലകൃഷ്ണൻ.
ആലപ്പുഴ എസ്.ഡി കോളേജ്, എസ്.ഡി.വി കോളേജ്, എസ്.ഡി.വി ഇംഗ്ളീഷ് മീഡിയം സെൻട്രൽ സ്‌കൂൾ തുടങ്ങിയ സ്ഥാപനങ്ങളുടെ മാനേജരായി പ്രവർത്തിച്ചു. ചാർട്ടേഡ് അക്കൗണ്ടന്റായിരുന്ന ജെ.കൃഷ്ണൻ ചിന്മയാ മിഷൻ രക്ഷാധികാരി, ആലപ്പുഴ അഗ്രി ഹോർട്ടി സൊസൈറ്റി അദ്ധ്യക്ഷൻ, ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ചാർട്ടേഡ് അക്കൗണ്ടൻസ് ഒഫ് ഇന്ത്യ ആലപ്പുഴ ബ്രാഞ്ച് ചെയർമാൻ, ധനലക്ഷ്മി ബാങ്ക് ഡയറക്ടർ ബോർഡ് അംഗം, കാലടി ആദിശങ്കരാ ട്രസ്റ്റി എന്നീ നിലകളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ലയൺസ് ക്ളബ്, മേസോണിക് ലോഡ്‌ജ്, തിയോസഫിക്കൽ സൊസൈറ്റി എന്നിവയിൽ സജീവ അംഗമായിരുന്നു.സൗഹൃദ സാംസ്കാരിക വേദി, പി.വേണുഗോപാൽ ഫൗണ്ടേഷൻ, ആലപ്പുഴ ബ്രഹ്മണ സമൂഹമഠം, ഡോ.കെ.കെ.ഹരിദാസ് ഫൗണ്ടേഷൻ എന്നിവയുടെ രക്ഷാധികാരിയായി പ്രവർത്തിച്ചു വരികയായിരുന്നു.സനാതന ധർമ്മ വിദ്യാശാലയുടെ മുഴുവൻ വിദ്യാലയങ്ങൾക്കും ഇന്ന് അവധിയായിരിക്കും. സർവകലാശാല പരീക്ഷകൾക്ക് മാറ്റം ഉണ്ടാവില്ലെന്ന് മാനേജർ അറിയിച്ചു.