ആലപ്പുഴ: ആത്മീയ-വിദ്യാഭ്യാസ- സാംസ്കാരിക രംഗത്ത് ആലപ്പുഴയിലെ നിറസാന്നിദ്ധമായിരുന്നു ജെ.കൃഷ്ണൻ എന്ന കൃഷ്ണസ്വാമി. ആലപ്പുഴയിലെ വിദ്യാഭ്യാസ മുത്തശ്ശിയായ സനാതന ധർമ്മവിദ്യാശാലയുടെ ഭരണസമിതിയിൽ ദീർഘകാലം പ്രവർത്തിച്ചു . പത്തുവർഷം വിദ്യാശാലയുടെ പ്രസിഡന്റായും അത്രയും കാലം എസ്.ഡി.കോളേജിന്റെ മാനേജരായും സേവനം അനുഷ്ഠിച്ചു. കോളേജിന്റെ മാനേജരായിരുന്ന കാലത്താണ് എസ്.ഡി കോളേജിൽ സ്വാശ്രയ വിദ്യാലയത്തിന് തുടക്കം കുറിച്ചത്. കോളേജിൽ സമ്പൂർണസൗരോർജ്ജ പദ്ധതി നടപ്പാക്കിയപ്പോൾ എസ്.ഡി കോളേജിന് അൻപതിനായിരം രൂപയും പ്രശസ്തി പത്രവും സർക്കാർ നല്കി. കേരള ക്രിക്കറ്റ് അസോസിയേഷനുമായി സഹകരിച്ച് രഞ്ജി ട്രോഫി ഉൾപ്പെടെയുള്ള മത്സരവേദി ഒരുക്കാൻ ആലപ്പുഴയിൽ ക്രിക്കറ്റ് മൈതാനം എന്ന സ്വപ്നം യാഥാർത്ഥമാക്കുന്നതിനും ചുക്കാൻ പിടിച്ചു. കോളേജിന് നാക്കിന്റെ എപ്ളസ് ലഭിക്കുന്നതിന് അടിത്തറയിട്ടതും കൃഷ്ണസ്വാമിയായിരുന്നു. ആലപ്പുഴയിൽ എല്ലാ വർഷവും നടക്കുന്ന കാർഷിക വ്യവസായ പ്രദർശനത്തിന്റെ മുഖ്യസംഘടകനുമായിരുന്നു. സനാതനധർമ്മ വിദ്യാശാലയുടെ വളർച്ചയ്ക്ക് ശക്തമായ അടിത്തറ നൽകിയതിനൊപ്പം ആത്മീയ രംഗത്തും സജീവമായിരുന്നു. മുല്ലയ്ക്കൽ ക്ഷേത്രത്തിലെ ഭാഗവത സപ്താഹസത്രത്തിനും കോടിയർച്ചനയുടെയും മുന്നിൽ നിന്ന് പ്രവർത്തിച്ചു. ആലപ്പുഴ എസ്.ഡി.വി സ്കൂളിൽ വർഷങ്ങൾക്കുമുൻപ് നടന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിന് വിദ്യാശാലയുടെ മാനേജിംഗ് കമ്മിറ്റി അംഗമായിരുന്നു കൃഷ്ണസ്വാമി . ഡിസംബറിൽ സംസ്ഥാന സ്കൂൾ കലോത്സവത്തിന് ആലപ്പുഴ ഒരുങ്ങവേയാണ് കൃഷ്ണസ്വാമിയുടെ വിയോഗം

ഹരിപ്പാട് പേരാത്ത് മഠത്തിൽ എസ്.ജനാർദ്ദന അയ്യരുടെയും മങ്കൊമ്പ് കിഴക്കേമഠത്തിൽ എസ്.രുക്മിണി അമ്മാളിന്റെയും മകനായി 1932 ഫെബ്രുവരി 28ന് ജനിച്ചു. ആലപ്പുഴ സനാതനധർമ്മ വിദ്യാശാല മങ്കൊമ്പ് ഗവ.പ്രൈമറി സ്കൂൾ, ഹരിപ്പാട് ഗവ.മിഡിൽ സ്കൂൾ എന്നിവിടങ്ങളിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസവും കരുവാറ്റ എൻ.എസ്.എസിൽ നിന്ന് ഹൈസ്കൂൾ വിദ്യാഭ്യാസവും പൂർത്തീകരിച്ചു. ചങ്ങനാശേരി എസ്.ബി കോളേജിൽ നിന്ന് ഇന്റർമീഡിയറ്റും ആലപ്പുഴ എസ്.ഡി കോളേജിൽ നിന്ന് ഗണിതശാസ്ത്രത്തിൽ ബിരുദവും നേടി.

തുടർന്ന് കൊച്ചിയിലെ വർമ്മ ആൻഡ് വർമ്മയിൽ നിന്ന് ചാർട്ടേഡ് അക്കൗണ്ടന്റ് അപ്രന്റീസായി ഔദ്യോഗിക ജീവിതത്തിന് തുടക്കം. 1958ൽ കെ.വെങ്കിടചലം അയ്യർ ആൻഡ് കമ്പനിൽ പെയിഡ് അസിസ്റ്റായി.1959 സി.എ കോഴ്സ് പാസായി ഇതേ കമ്പനിയിൽ പാർട്ണറായി. 1965 ജൂൺ പത്തിന് ആലപ്പുഴയിൽ ജെ.ജയകൃഷ്ണൻ ആൻഡ് കമ്പനി എന്ന പേരിൽ ചാർട്ടേർഡ് അക്കൗണ്ടൻസ് സ്ഥാപനം തുടങ്ങി. 1979ൽ ജെ.ജയകൃഷ്ണൻ ആൻഡ് അസോസിയേറ്റ് എന്ന പേരിൽ ആലപ്പുഴ, എറണാകുളം, തിരുവനന്തപുരം, കൊല്ലം ശാഖകളോടെ പ്രവർത്തനം തുടങ്ങി.

സാമൂഹിക ആദ്ധ്യാത്മിക രംഗത്ത് നിരവധി വേദികളിൽ പ്രവർത്തിച്ചു. ലയൺസ് ക്ളബ് ആലപ്പിയുടെ പ്രസിഡന്റ്, സെക്രട്ടറി, ട്രാവൻകൂർ ചേംബർ ഒഫ് കൊമേഴ്സ് പ്രസിഡന്റ്, കേരള ബ്രാഹ്മണ സമൂഹം ജില്ലാ പ്രസിഡന്റ്, ആൾ ഇന്ത്യാ ബ്രഹ്മിൻ ദേശീയ വൈസ് പ്രസിഡന്റ്, അഖില ഭാരത അയ്യപ്പാ സത്ര സമിതി പ്രസിഡന്റ്, രക്ഷാധികാരി, ശ്രീശങ്കരാ കോളേജ് ഡയറക്ടർ, മങ്കൊമ്പ് അയ്യർ എഡ്യൂക്കേഷൻ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ്, മുല്ലയ്ക്കൽ ക്ഷേത്ര ഉപദേശക സമിതി, ശ്രീ ഉജ്ജയിനി സംഗീത സഭ, സ്വാതിതിരുനാൾ സംഗീതോത്സവ കമ്മിറ്റി എന്നിവയുടെ രക്ഷാധികാരിയായി പ്രവർത്തിച്ചു വരികയായിരുന്നു.