ഹരിപ്പാട് :വീടുകളിൽ ഒരാവശ്യവുമില്ലാതെ കിടക്കുന്ന ഇ- മാലിന്യങ്ങൾ ഒഴിവാക്കാൻ മാർഗം വേണമെന്നാവശ്യം ശക്തം.ഉപേക്ഷിക്കപ്പെട്ട ഇലക് ട്രിക്കൽ, ഇലക് ട്രോണിക് ഉപകരണങ്ങളും ഉപകരണ ഭാഗങ്ങളുമാണ് ഇ- മാലിന്യം. ഉപയോഗശൂന്യമായ കമ്പ്യൂട്ടർ, ടിവി, ഫ്രിഡ്ജ്, മൊബൈൽ ഫോൺ, സി.എഫ്.എൽ, എഫ്.ടി. എൽ ബൾബുകൾ , ട്യൂബ് ലൈറ്റുകൾ എന്നിവയും ഉൾപ്പെടും. പഴകിയ ഇലക്ട്രോണിക് മാലിന്യം ഉപേക്ഷിക്കുമ്പോൾ അവ മണ്ണിൽ കിടന്ന് പുറത്തുവരുന്ന വെളുത്തീയം, കാരിയം, രസം, കാഡ്മിയം തുടങ്ങിയ വിഷപദാർത്ഥങ്ങൾ മേൽമണ്ണിനെ വിഷലിപത്മാക്കും. ഒരു ടിവിയിൽ നിന്ന് മണ്ണിൽ എത്തുന്നത് 2 കിലോ കാരിയം എന്ന വിഷപദാർത്ഥമാണ്.ടിവിക്ക് 10 വർഷവും കമ്പ്യൂട്ടറിന് 6 വർഷവും ശരാശരി ആയുസ്, ഇവ കൂട്ടിയിട്ട് കത്തിക്കുമ്പോൾ അന്തരീക്ഷത്തിലെത്തുന്ന പുക സാധാരണ മാലിന്യ പുകയുടെ ആറു മടങ്ങ് അപകടകരമാണ്. മൊബൈൽ ഫോണിന്റെ ഉപയോഗം കൂടി വരുന്നത് ഇ- മാലിന്യം വർദ്ധിക്കാൻ കാരണമാവുന്നു.സർക്കാർ ഉത്തരവ് അനുസരിച്ച് ഇലക്ട്രോണിക് ഉത്പന്ന നിർമ്മാതാക്കൾ ഉപയോഗശൂന്യമാവുന്ന ഉത്പന്നങ്ങൾ ഉപയോക്താക്കളിൽനിന്ന് നേരിട്ടോ എജന്റുമാർ മുഖേനയോ വില നല്കി മടക്കി വാങ്ങുകയോ ചെയ്യണമെന്നാണ് വ്യവസ്ഥ. ഇവ അംഗീകൃത പുനരുൽപാദകർക്ക് എത്തിച്ചു നല്കുകയും വേണം. ഇലക്ട്രിക്കൽ- ഇലക്ട്രോണിക് സാധനങ്ങൾ ഇ-മാലിന്യമാവുമ്പോൾ ഉപയോക്താക്കൾ അവ ഉത്പാദകർക്ക് തിരിച്ചു നല്കുകയോ തദ്ദേശ സ്ഥാപനങ്ങൾ ഏർപ്പെടുത്തുന്ന സംവിധാനം വഴി ഒഴിവാക്കുകയോ വേണം.

നഗരസഭ ശേഖരിക്കണം

നഗരസഭയിലെ മുഴുവൻ വീടുകളിലെയും സ്ഥാപനങ്ങളിലെയും ഇ- മാലിന്യം നഗരസഭ ശേഖരിക്കമെന്നാണ് ജനങ്ങളുടെ ആവസ്യം. ഒരോ വാർഡിൽനിന്നും കൗൺസിലർമാരുടെ നേതൃത്വത്തിൽ ശേഖരിച്ച് കെ.ഇ.എെ.എൽ എന്ന സ്ഥാപനത്തിന് കൈമാറണമെന്ന് അവർ ചൂണ്ടിക്കാട്ടുന്നു.