തുറവൂർ: നാലുവരി ദേശീയപാതയിലെ തുറവൂർ ജംഗ്ഷനിൽ കെ.സി. വേണുഗോപാൽ എം.പിയുടെ ഫണ്ടിൽ നിന്നുള്ള അഞ്ചുലക്ഷം വിനിയോഗിച്ച് നിർമ്മിച്ച എൽ.ഇ.ഡി ഹൈമാസ്റ്റ് ലൈറ്റ് കണ്ണടച്ചതോടെ പ്രദേശം ഇരുട്ടിലായിട്ട് ഒരാഴ്ചയോളമാവുന്നു.
താലൂക്ക് ആശുപത്രി, തുറവൂർ മഹാക്ഷേത്രം എന്നിവ കൂടാതെ മൂന്ന് ബസ് സ്റ്റോപ്പുകളും കാർ, ഓട്ടോ, ടാക്സി സ്റ്റാൻഡുകളും ബാങ്കുകളും ഉൾപ്പെടെ ജംഗ്ഷനിലുണ്ട്. 2014 ആഗസ്റ്റിലാണ് ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചത്. തിരക്കേറിയ കവലയിൽ ആകെയുണ്ടായിരുന്ന വെളിച്ചം ഈ ഹൈമാസ്റ്റിന്റേത് മാത്രമായിരുന്നു. പ്രാധാന്യം അറിയാമെങ്കിലും അറ്റകുറ്റപ്പണി നടത്തി പ്രവർത്തനക്ഷമമാക്കാൻ അധികൃതർക്കായിട്ടില്ല. കവലയിലെ ട്രാഫിക് സിഗ്നലിനോട് ചേർന്ന് മീഡിയനിലെ ഒരു ഡസനിലേറെ വഴിവിളക്കുകൾ കണ്ണടച്ചിട്ട് വർഷങ്ങളായി. കരാറുകാരൻ യഥാസമയം ബഹുവർണ പരസ്യബോർഡുകൾ ഇവകളിൽ സ്ഥാപിച്ച് വരുമാനം കൊയ്യുന്നുണ്ട്. പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്തു സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റും ചത്ത നിലയിലായിട്ട് വർഷങ്ങൾ പിന്നിടുന്നു.
തുറവൂർ, കുത്തിയതോട് ഗ്രാമപഞ്ചായത്തുകളുടെ പരിധിയിൽ വരുന്നതാണ് തുറവൂർ ജംഗ്ഷൻ. ദീർഘദൂര ബസുകളിൽ വന്നിറങ്ങുന്നവരും തുറവൂർ റെയിൽവേ സ്റ്റേഷനിൽ നിന്നുള്ള സ്ത്രീകളും കുട്ടികളുമടക്കമുള്ള യാത്രക്കാരും ഭീതിയോടെയാണ് കവലയിലൂടെ സഞ്ചരിക്കുന്നത്. ഇരുട്ടിൽ സാമൂഹ്യ വിരുദ്ധരുടെയും മദ്യപരുടേയും ശല്യവുമുണ്ട്. കവലയിൽ ഇരുട്ട് നിറഞ്ഞതിനാൽ കാൽനട യാത്രക്കാരും പത്ര ഏജന്റുമാരും ഏറെ ദുരിതമാണ് അനുഭവിക്കുന്നത്. റോഡ് കുറുകെ കടക്കാനും പ്രയാസമേറെയാണ്. പാതയോരത്തെ കച്ചവട സ്ഥാപനങ്ങൾ അടച്ചു കഴിഞ്ഞാൽ കവല പൂർണ്ണമായും ഇരുട്ടിലാവും. എത്രയും പെട്ടന്ന് നടപടി വേണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.