ജില്ലയിൽ പാഠപുസ്തക വിതരണം പൂർത്തിയായി
യൂണിഫോം വിതരണം തുടങ്ങാനായില്ല
ആലപ്പുഴ: സൗജന്യ യൂണിഫോം ഒരു വള്ളപ്പാട് അകലെയാണെങ്കിൽപ്പോലും പ്രളയത്തിൽ നഷ്ടപ്പെട്ട പാഠപുസ്തകങ്ങൾ തിരികെക്കിട്ടിയതിന്റെ ആഹ്ളാദത്തിലാണ് ജില്ലയിലെ സർക്കാർ- എയ്ഡഡ് സ്കൂളുകളിലെ കുട്ടികൾ. ഇതുവരെ മൊത്തം 1,78,840 പാഠപുസ്തകങ്ങളാണ് ജില്ലയിൽ വിതരണം ചെയ്തത്.
വീടും വീട്ടുപകരണങ്ങളും കവർന്ന പ്രളയം പഠനോപകരണങ്ങളും കൊണ്ടുപോയതോടെ എന്തു ചെയ്യുമെന്നറിയാതെ അങ്കലാപ്പിലായ മാതാപിതാക്കളെയും കുട്ടികളെയും സന്തോഷിപ്പിച്ചുകൊണ്ടാണ് പാഠപുസ്തക വിതരണം പൂർത്തിയായത്. വീട്ടിലെ കാര്യങ്ങൾ ഒന്നുമുതൽ തുടങ്ങേണ്ട അവസ്ഥയിലായതോടെ കുട്ടികളുടെ പഠനവിഷയങ്ങൾ മാതാപിതാക്കൾക്ക് വല്ലാത്ത അങ്കലാപ്പാണ് ഉണ്ടാക്കിയിരുന്നത്.
ഒന്നു മുതൽ 10 വരെയുള്ള എല്ലാ വിദ്യാർത്ഥികൾക്കും രണ്ടാം വാല്യം പാഠപുസ്തകങ്ങളോടൊപ്പം ഒന്നാം വാല്യം പുസ്തകങ്ങളും വിതരണം ചെയ്തു. ആലപ്പുഴ ഗവ.ഗേൾസ് സ്കൂളിൽ നിന്നാണ് അതത് വിദ്യാഭ്യാസ ഉപജില്ലയിലേക്ക് പാഠപുസ്തക വിതരണം നടത്തിയത്. സർക്കാരിനൊപ്പം മൂന്ന് സ്വകാര്യ സംഘടനകളും വിദ്യാർത്ഥികൾക്ക് നോട്ട്ബുക്ക് വിതരണത്തിന് കൈത്താങ്ങായി .
പാഠപുസ്തകങ്ങളുടെ വിതരണം പൂർത്തിയായെങ്കിലും സൗജന്യ യൂണിഫോം എത്തിയിട്ടില്ല. കൈത്തറി ഡയറക്ടറേറ്റ് മുഖേനെയാണ് യൂണിഫോം എത്തിക്കേണ്ടത്. ഉടുതുണിയും ജീവനുമല്ലാതെ മറ്റൊന്നും ഇല്ലാതെയാണ് വീടുകളിൽ നിന്ന് ഭൂരിഭാഗം പേരും രക്ഷപ്പെട്ടത്. ക്യാമ്പുകളിൽ നിന്ന് ലഭിച്ച വസ്ത്രങ്ങൾ ധരിച്ചാണ് മിക്ക കുട്ടികളും സ്കൂളിലെത്തുന്നത്. ദുരിതത്തിൽ നിന്ന് പൂർണമായും കരകയറാത്ത കുടുംബങ്ങൾ ഇപ്പോഴും കുട്ടനാട്ടിലും ചെങ്ങന്നൂരിലുമുണ്ട്.
കുട്ടനാട് വിദ്യാഭ്യാസ ഉപജില്ലയിലെ വെളിയനാട്,തലവടി,മങ്കൊമ്പ് എന്നിവിടങ്ങളിലെ പാഠപുസ്തകങ്ങൾ പൂർണമായും നശിച്ചിരുന്നു. കുട്ടനാട് വിദ്യാഭ്യാസ ഉപജില്ലയുടെ കീഴിലുള്ള 37 സ്കൂളിലേക്കുള്ള പുസ്തകങ്ങളാണ് ആദ്യം വിതരണം ചെയ്തത്. ജില്ലയിലാകെ 260 വിദ്യാഭ്യാസ സ്ഥാപനങ്ങളിലാണ് വെള്ളം കയറിയത്. ചേർത്തലയിൽ പ്രളയത്തിൽ വിദ്യാർത്ഥികൾക്ക് പാഠപുസ്തകങ്ങൾ നഷ്ടപ്പെട്ടില്ല.കോട്ടയത്തേക്കും ജില്ലയിൽ നിന്ന് പാഠപുസ്തകങ്ങൾ വിതരണം നടത്തിയിരുന്നു.
.........................
കണക്കെടുപ്പ് വൈകി
ജില്ലയിലെ 11 ഉപജില്ലയിലെ എ.ഇ.ഒമാരുടെ നേതൃത്വത്തിലായിരുന്നു പാഠപുസ്തകങ്ങളുടെ കണക്കെടുപ്പ്. പ്രളയം കഴിഞ്ഞ് രണ്ട് മാസത്തിനുശേഷമാണ് ജില്ലയിൽ പൂർണമായും പുസ്തകങ്ങൾ വിതരണം ചെയ്തത്. പലയിടത്തും സ്കൂൾ തുറന്നിട്ടും കുട്ടികൾ എത്താതിരുന്നതാണ് കണക്കെടുപ്പ് പൂർത്തീകരിക്കാൻ വൈകിയത്. ഇത് പാഠപുസ്തകങ്ങൾ എത്താൻ വൈകുന്നതിനും വഴിയൊരുക്കി.
........................
വിദ്യാഭ്യാസ ഉപജില്ലകളിൽ വിതരണം ചെയ്ത പുസ്തകങ്ങളുടെ വിവരം
# ആലപ്പുഴ: 3576
# അമ്പലപ്പുഴ: 1050
# ഹരിപ്പാട്: 2133
# കായംകുളം: 1655
# മാവേലിക്കര:1541
# മങ്കൊമ്പ്: 62259
# വെളിയനാട്: 29039
# തുറവൂർ: 282
# ചേർത്തല: 0
# തലവടി: 54299
# ചെങ്ങന്നൂർ: 23033
ആകെ:178840
............................
'ജില്ലയിലെ മുഴുവൻ വിദ്യാഭ്യാസ ഉപജില്ലയിലും പാഠപുസ്തക വിതരണം പൂർത്തിയായി. സ്കൂൾ യൂണിഫോം ഇതുവരെ എത്തിയിട്ടില്ല. ഉടൻ എത്തുമെന്നാണ് പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിൽ നിന്നുള്ള അറിയിപ്പ്. ലഭ്യമാകുന്ന മുറയ്ക്ക് യൂണിഫോമിന്റെ വിതരണം പൂർത്തീകരിക്കും. മൂന്ന് സ്വകാര്യ സംഘടനകൾ വിദ്യാർത്ഥികൾക്കുള്ള നോട്ട് ബുക്കുകൾ തന്ന് സഹായിച്ചിരുന്നു. കുട്ടനാട് മേഖലയിലാണ് കൂടുതൽ പാഠപുസ്കങ്ങൾ വിതരണം ചെയ്തത് '
(ജയകുമാർ, ജില്ല ഡി.ഡി.ഇ ഇൻചാർജ്)