ആലപ്പുഴ: പുന്നപ്ര-വയലാർ സമരം സ്വാതന്ത്ര്യ സമരമല്ലെന്നുള്ള അഡ്വ.ഡി.സുഗതന്റെ വാദം ചരിത്രമറിയാത്തതു കൊണ്ടാണെന്ന് അഡ്വ.വി.മോഹൻദാസ് പ്രസ്താവനയിൽ പറഞ്ഞു.1946 സെപ്തംബർ രണ്ടിന് തൂപീകരിച്ച നെഹ്രുവിന്റെ നേതൃത്വത്തിലുള്ള സർക്കാർ ഇടക്കാല സർക്കാർ മാത്രമായിരുന്നു. ഭരണ നിയന്ത്രണം ബ്രിട്ടീഷുകാരുടെ കൈയിലായിരുന്നു. മഹാരാജാവിന്റെറയും ദിവാൻ സി.പി.രാമസ്വാമി അയ്യരുടേയും ഭരണത്തിലായിരുന്നു തിരുവിതാംകൂർ. ദിവാൻഭരണത്തിനെതിരെ സമരം ശക്തമാക്കാൻ കോൺഗ്രസുകാരനായ സി.കേശവൻ ആലപ്പുഴ ആലിശ്ശേരിയിൽ 1946 ഒക്ടോബറിൽ ആഹ്വാനം ചെയ്തത് , പുന്നപ്ര വയലാർ സമരത്തെ തമസ്ക്കരിക്കാനും താറടിക്കാനുമുള്ള ആവേശത്തിൽ സുഗതൻ മറന്ന് പോയതോ മനഃപൂർവ്വം മറന്നതോ ആണ്. 72 വർഷം മുമ്പ് നടന്ന സമരത്തിന്റെ പേരിൽ 75 വയസ്സുള്ളവർ പെൻഷൻ വാങ്ങുന്നെന്ന സുഗതെൻറ ആരോപണം ഏതെങ്കിലും കോൺഗ്രസുകാരെ ഉദ്ദേശിച്ചാണെങ്കിൽ അത് തുറന്ന് പറയണം. ജീവൻ പണയം വച്ച് പോരാടിയവരെ പരിഹസിക്കുകയും അപമാനിക്കുകയും ചെയ്യുന്നത് കോൺഗ്രസിനും സുഗതനും ചേർന്നതല്ലെന്നും മോഹൻദാസ് പറഞ്ഞു.