ആലപ്പുഴ: ഗുജറാത്തി പൈതൃക പദ്ധതി യാഥാർത്ഥ്യമാവാൻ വഴിതെളിഞ്ഞു. പദ്ധതി നടത്തിപ്പിനായി ഗുജറാത്തിലെ ഒരു എൻജിനിയർ സർക്കാരുമായി കരാർ ഒപ്പിടാൻ സമ്മതം അറിയിച്ച് രംഗത്ത് വന്നതാണ് പദ്ധതിക്ക് ആക്കം കൂട്ടുന്നത്. പത്ത് കിലോമീറ്റർ കനാലിലൂടെ ബോട്ടിൽ സഞ്ചരിച്ച് ആലപ്പുഴയുടെ സൗന്ദര്യം ആസ്വദിക്കുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.

ആലപ്പുഴയുടെ വാണിജ്യ-വ്യവസായ രംഗങ്ങളുമായി ബന്ധമുണ്ടായിരുന്ന ഗുജറാത്തി സമൂഹത്തിന്റെ പൈതൃക സംരക്ഷണം ലക്ഷ്യമിട്ട് ധനമന്ത്രി തോമസ് ഐസക്കിന്റെ നേതൃത്വത്തിലാണ് ഗുജറാത്തി പൈതൃക പദ്ധതി നടപ്പാക്കുന്നത്. കായൽ വിനോദ സഞ്ചാരത്തിനായി ആലപ്പുഴയിലെത്തുന്ന സഞ്ചാരികൾക്ക് ആസ്വദിക്കാൻ കഴിയുന്ന രീതിയിൽ ആലപ്പുഴ മെഗാ ടൂറിസം പദ്ധതിയുടെ ഭാഗമായാണ് ഗുജറാത്തി പൈതൃക പദ്ധതി.

ഗുജറാത്തി സമൂഹവുമായി ബന്ധപ്പെട്ട പഴയ കെട്ടിടങ്ങൾ അവരുടെ അനുവാദത്തോടെ സർക്കാർ ചെലവിൽ നവീകരിച്ച് സംരക്ഷിക്കും. പള്ളി, ഒഴിഞ്ഞ വീടുകൾ, ക്ഷേത്രങ്ങൾ ഉൾപ്പെടെ 25 ഓളം കെട്ടിടങ്ങൾ ഇതിനായി തിരഞ്ഞെടുത്തിട്ടുണ്ട്. വിനോദസഞ്ചാരികൾക്ക് ഇവ സന്ദർശിക്കാം. ഗുജറാത്തിൽ നിന്നുള്ള കൾച്ചറൽ പ്രവർത്തകരുടെ സഹകരണവും പുനരുദ്ധാരണ പ്രവര്‍ത്തനങ്ങൾക്ക് ലഭ്യമാക്കും. ആലപ്പുഴയിലെ കനാൽ തീരങ്ങളിലെ പൈതൃക കെട്ടിടങ്ങളുടെ നവീകരണവും ഇതിന്റെ ഭാഗമായി നടത്തും.