നീരൊഴുക്ക് ശക്തമാക്കാൻ 30 കോടിയുടെ പദ്ധതി സമർപ്പിച്ചു
ആലപ്പുഴ: തോട്ടപ്പള്ളി സ്പിൽവേ കനാലിൽ നീരൊഴുക്ക് ശക്തമാക്കാൻ മേജർ ഇറിഗേഷൻ, ഇറിഗേഷൻ മെക്കാനിക്കൽ വിഭാഗങ്ങൾ സംയുക്തമായി തയ്യാറാക്കിയ 30 കോടിയുടെ പദ്ധതി സർക്കാർ അനുമതിക്കായി സമർപ്പിച്ചു. വീയപുരം മുതൽ തോട്ടപ്പള്ളി വരെയുള്ള ലീഡിംഗ് ചാനലിന്റെ ആഴം വർദ്ധിപ്പിക്കുക, അഴിമുഖത്തിനും കടലിനും ഇടയിലുള്ള ജലാശയത്തിലെയും ദേശീയ ജലപാതയ്ക്കും സ്പിൽവേ പാലത്തിനും ഇടയിലുള്ള ചാലിന്റെയും ആഴം വദ്ധിപ്പിക്കൽ, സ്പിൽവേ പാലത്തിലെ റഗുലേറ്റിംഗ് സംവിധാനത്തിന്റെ അറ്റകുറ്റപ്പണികൾ എന്നിവയ്ക്കുള്ള എസ്റ്റിമേറ്റാണ് അംഗീകാരത്തിനായി സമർപ്പിച്ചത്.
ലീഡിംഗ് ചാനലിന്റെ ആഴവും വീതിയും വർദ്ധിപ്പിക്കാനുള്ള സാദ്ധ്യതാ പഠനം ഉടൻ ആരംഭിക്കും. പഠനം പൂർത്തിയാക്കി
പദ്ധതിക്ക് അംഗീകാരം ലഭിച്ചാൽ തുടർ പ്രവർത്തനത്തിന് കാലതാമസം വേണ്ടിവരും. സ്ഥലം ഏറ്റെടുക്കൽ, കുടുംബങ്ങളെ ഒഴിപ്പിക്കൽ ഉൾപ്പെടെ വേണം. കരുവാറ്റയിലെ റെയിൽവേ പാലത്തിന്റെ നീളം വർദ്ധിപ്പിക്കാൻ പുതിയ സ്പാനുകൾ നിർമ്മിക്കുന്നതിന് റെയിൽവേ മന്ത്രാലയത്തിന്റെ അനുമതി ലഭിക്കാനുള്ള കാലതാമസം വേറെയും. നിലവിലുള്ള പാത ഇരട്ടിപ്പിക്കുന്നതിന്റെ ഭാഗമായി വീണ്ടും നീരൊഴുക്ക് കുറയാനുള്ള സാദ്ധ്യത കണക്കിലെടുത്ത് സ്ഥിരം പദ്ധതിക്കു മാത്രമേ രൂപം നൽകുകയുള്ളൂവെന്ന് ജലസേചനവകുപ്പ് അധികൃതർ വ്യക്തമാക്കി. തുലാവർഷത്തിൽ കാര്യമായ വെള്ളപ്പൊക്കം ഉണ്ടാവില്ലെന്നും അധികജലം ഡാമുകളിൽ ശേഖരിക്കുമെന്നുമാണ് ഉദ്യോഗസ്ഥരുടെ കണക്കുകൂട്ടൽ. അടുത്ത കാലവർഷത്തിനു മുൻപേ മണൽ നീക്കം ചെയ്ത് ആഴം വർദ്ധിപ്പിച്ച് ഒഴുക്ക് ശക്തമാക്കാനാണ് തീരുമാനം.
പുത്തനാറ് പുതുക്കണം
ലീഡിംഗ് ചാനലിന്റെ (പുത്തനാറ്) ആഴവും വീതിയും വർദ്ധിപ്പിക്കുക എന്നതാണ് സ്ഥിരം പദ്ധതി. വീയപുരം, ചെറുതന, കരുവാറ്റ, പുറക്കാട് പഞ്ചായത്തുകളിലൂടെ 11കിലോമീറ്റർ നീളത്തിലും 70 മീറ്റർ വീതിയിലുമാണ് പുത്തനാർ ഒഴുകുന്നത്. വീതി 100 മീറ്ററാക്കുക, ആഴക്കുറവുള്ള ഭാഗം പൂർണ്ണമായും ഡ്രഡ്ജ് ചെയ്യുക, പായിപ്പാട് മുതൽ കരുവാറ്റ കുറിച്ചിക്കൽ റെയിൽവേ പാലത്തിന് കിഴക്കുഭാഗം വരെയുള്ള കൊടുംവളവ് നേരെയാക്കി വീതിയും ആഴവും വർദ്ധിപ്പിക്കുക എന്നിവയാണ് ലക്ഷ്യം.