ആലപ്പുഴ/ന്യൂഡൽഹി: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പൊലീസിന് മൊഴി നൽകിയ ഫാ. കുര്യാക്കോസ് കാട്ടുതറയെ (61) ജലന്ധർ രൂപതയ്ക്ക് കീഴിലുള്ള ദൗസയിലെ സെന്റ് പോൾ കോൺവെന്റ് സ്കൂൾ കാമ്പസിലെ അടച്ചിട്ട മുറിയിൽ ഇന്നലെ രാവിലെ മരിച്ചനിലയിൽ കണ്ടെത്തി. കട്ടിലിൽ കമിഴ്ന്ന് കിടന്ന് ചോര ചർദ്ദിച്ച നിലയിലായിരുന്നു. ദൗസ സിവിൽ ആശുപത്രിയിലെത്തിച്ചപ്പോൾ മരണം സ്ഥിരീകരിച്ചു. മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ആലപ്പുഴ പൂച്ചാക്കൽ പള്ളിപ്പുറം സ്വദേശിയാണ്. പീഡനക്കേസിൽ മുഖ്യസാക്ഷിയാണ് ഫാ. കുര്യാക്കോസ്. മരണത്തിൽ ദുരൂഹതയുണ്ടെന്നും ഫ്രാങ്കോയ്ക്കെതിരെ മൊഴി നൽകിയതിനെ തുടർന്ന് ഗുണ്ടകളുടെ ഭീഷണിയുണ്ടായിരുന്നെന്നും ബന്ധുക്കൾ ആരോപിച്ചു. ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മാേർട്ടം നടത്തണമെന്ന് ആവശ്യപ്പെട്ട് സഹോദരൻ ആലപ്പുഴ ജില്ലാ പൊലീസ് ചീഫിന് പരാതി നൽകുകയും ചെയ്തു. ഞായറാഴ്ച ഉച്ച ഭക്ഷണത്തിന് ശേഷം ഫാ. കുര്യാക്കോസ് പുറത്തു പോയിട്ടില്ല. ഇന്നലെ രാവിലെ സഹായി വിളിച്ചെങ്കിലും മുറി തുറന്നില്ല. തുടർന്ന് വാതിൽ പൊളിച്ച് അകത്തു കയറിയപ്പോഴാണ് മൃതദേഹം കണ്ടത്. കന്യാസ്ത്രീക്ക് അനുകൂലമായ നിലപാടെടുത്തതിനു പിന്നാലെ കഴിഞ്ഞ മേയിൽ ഫാ. കുര്യാക്കോസിനെ ജലന്ധർ രൂപത കൗൺസിൽ റസിഡന്റ് പ്രീസ്റ്റായി തരംതാഴ്ത്തി സ്ഥലം മാറ്റിയിരുന്നു. ദൗസ പള്ളിയിലെ പ്രാർത്ഥനയുടെ ചുമതല മാത്രമായിരുന്നു അദ്ദേഹത്തിന്. മുൻപ് കന്യാസ്ത്രീകളുടെ വൊക്കേഷണൽ ട്രെയിനറായിരുന്നു. അതേസമയം, മരണകാരണം ഹൃദയാഘാതമാണെന്നാണ് പഞ്ചാബ് പാെലീസ് പറയുന്നത്. മുറിവുകളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് ഹോഷിയാപുർ ഡി.എസ്.പി ദൽജിത്ത് സിംഗ് ഖാൻ പറഞ്ഞു. രക്തസമ്മർദ്ദത്തിനുള്ള മരുന്നുകൾ സമീപത്ത് നിന്ന് കിട്ടി. പോസ്റ്റ്മോർട്ടത്തിന് ശേഷമേ കൂടുതൽ പറയാനാകൂ.
മുട്ടി വിളിച്ചപ്പോൾ തുറന്നില്ല
ജലന്ധർ രൂപത നൽകുന്ന വിശദീകരണം ഇങ്ങനെ: മരണത്തിൽ അസ്വാഭാവികതയില്ല. ബന്ധുക്കളുമായി ആലോചിച്ചശേഷമേ മറ്റു നടപടികളിലേക്ക് കടക്കൂ.
ഞായറാഴ്ച കുർബാനയ്ക്ക് ശേഷം ഫാ. കുര്യാക്കോസ് ഉച്ചഭക്ഷണം കഴിച്ച് തന്റെ മുറിയിലേക്ക് പോയി. വിശ്രമിക്കാൻ പോകുകയാണെന്നും വിളിക്കേണ്ടെന്നും പാചകക്കാരനോട് പറഞ്ഞിരുന്നു. ഇന്നലെ പ്രഭാതഭക്ഷണം കഴിക്കാൻ പാചകക്കാരൻ വാതിലിൽ മുട്ടി വിളിച്ചപ്പോൾ തുറന്നില്ല. 9 മണിയായിട്ടും കാണാത്തതിനാൽ അദ്ദേഹത്തിന്റെ ഡ്രൈവർ അന്വേഷിച്ചപ്പോൾ വിളിച്ചിട്ടും പ്രതികരണമുണ്ടായില്ലെന്ന് പാചകക്കാരൻ അറിയിച്ചു. തുടർന്ന് കാമ്പസിലുള്ള കന്യാസ്ത്രീമാരെ ഡ്രൈവർ വിവരമറിയിച്ചു. സിസ്റ്റർമാർ വിളിച്ചിട്ടും വാതിൽ തുറക്കാത്തതിനാൽ പ്രീസ്റ്റ് ഇൻ ചാർജിനെയും അടുത്തുള്ള മറ്റ് അച്ചൻമാരെയും അറിയിച്ചു. 10 മണിയോടെ ഫാ. ലിബിൻ കോലഞ്ചേരിയെത്തി വാതിൽ തകർത്ത് അകത്ത് കയറുകയായിരുന്നു. അബോധാവസ്ഥയിൽ കണ്ട ഫാദറിനെ ആശുപത്രിയിലെത്തിച്ചപ്പോൾ മരണം സ്ഥിരീകരിച്ചു.
വധശ്രമം നടന്നു: സഹോദരൻ
ഫാദറിന്റെ ജീവന് ഭീഷണിയുണ്ടായിരുന്നതായി സഹോദരൻ ചേർത്തല കാട്ടുതറ വീട്ടിൽ ജോസ് കുര്യൻ പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. പഞ്ചാബ് സർക്കാരുമായി ഇടപെട്ട് മൃതദേഹം കേരളത്തിൽ കൊണ്ടുവരണം. ഫ്രാങ്കോയ്ക്കെതിരെ മൊഴി നൽകുന്നതിന് മുമ്പും ശേഷവും പലതവണ വധശ്രമം നടന്നിട്ടുണ്ട്.
'വൈദികന്റെ മരണത്തിൽ ബിഷപ്പ് ഫ്രാങ്കോയ്ക്ക് പങ്കുണ്ടെന്ന് സംശയിക്കുന്നു. ഫാ. കുര്യാക്കോസിനൊപ്പമുണ്ടായിരുന്ന വൈദികൻ ബിഷപ്പ് ഫ്രാങ്കോയുടെ വലംകൈയായിരുന്നു. കേസിലെ മുഖ്യസാക്ഷിയായ ഫാ. കാര്യാക്കോസിനെ ഇല്ലാതാക്കിയതാണെന്ന് സംശയിക്കുന്നു".
- സിസ്റ്റർ അനുപമ