ആലപ്പുഴ: മന്ത്രി ജി.സുധാകരന്റെ ഓഫീസിലേക്ക് പൂട്ടിട്ട നായുമായി സമരം നടത്താൻ അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് ബി.ജെ.പി ഇന്ന് ജില്ലയിൽ കരിദിനം ആചരിക്കുമെന്ന് ജില്ലാ പ്രസിഡന്റ് കെ.സോമൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഒൻപത് മണ്ഡലം കമ്മറ്റികളുടെയും നേതൃത്വത്തിൽ പ്രവർത്തകർ കറുത്ത തുണികൊണ്ട് വായ് മൂടി കെട്ടി മന്ത്രി ജി.സുധാകരന്റെ കോലം കത്തിക്കും. ശബരിമല സമരത്തിന് പട്ടിയുടെ പിന്തുണ പോലും ഇല്ലെന്ന് പറഞ്ഞ മന്ത്രി സുധാകരൻ ബി.ജെ.പിയുടെ സമരത്തെ നേരിടാൻ അക്രമികളെ മുൻകൂട്ടി തയ്യാറാക്കി നിറുത്തി. അക്രമികൾക്ക് എതിരെ നടപടി സ്വീകരിക്കാത്ത പൊലീസ്, ശരണമന്ത്രം ഉരുവിട്ട പ്രതിഷേധക്കാരെയും പൂട്ടിയിട്ട നായയെയും അറസ്റ്റു ചെയ്തത് ജനാധിപത്യത്തെ ഭയക്കുന്നത് കൊണ്ടാണെന്നും സോമൻ ആരോപിച്ചു.
പന്തളം രാജ കുടുബത്തെയും കൊട്ടാരത്തെയും അധിഷേപിക്കുന്ന സുധാകരന്റെ നടപടി ലജ്ജാകരമാണെന്ന് ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് പി.എം.വേലായുധൻ പറഞ്ഞു. ഇ.എം.എസ് മുതൽ കെ.പി.പത്രോസ് വരെയുള്ള കമ്മ്യൂണിസ്റ്റ് നേതാക്കൾ ഒളിവിൽ പാർത്തത് പന്തളം കൊട്ടാരത്തിലാണ്. പൊലീസ് യൂണിഫോം ധരിച്ച് ശബരിമലദർശനത്തിന് ശ്രമിച്ച് ആൾമാറട്ടം നടത്തിയ സംഭവം അന്വേഷിക്കണമെന്നും പി.എം.വേലായുധൻ ആവശ്യപ്പെട്ടു. ബി.ജെ.പി ജില്ലാ ജനറൽ സെക്രട്ടറി എം.വി.ഗോപകുമാറും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.