 നായയെ വിട്ടുകിട്ടാൻ സ്റ്റേഷനു മുന്നിൽ സമരം

അമ്പലപ്പുഴ: മന്ത്രി ജി. സുധാകരന്റെ, തൂക്കുകുളത്തെ ഓഫീസിലേക്ക് ബി.ജെ.പി നേതൃത്വത്തിൽ നായയുമായി നടത്താനിരുന്ന ഡോഗ് മാർച്ചും പ്രതിരോധിക്കാൻ സി.പി.എം അമ്പലപ്പുഴ ഏരിയ കമ്മിറ്റി സംഘടിപ്പിച്ച മാർച്ചും പൊലീസ് തടഞ്ഞതോടെ സംഘട്ടനം ഒഴിവായെങ്കിലും ബി.ജെ.പി പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തുംതള്ളുമുണ്ടായി. അറസ്റ്റിലായി ജാമ്യത്തിൽ വിട്ടയയ്ക്കപ്പെട്ട പ്രവർത്തകർ 'കസ്റ്റഡി'യിലായ നായയെ വിട്ടുകിട്ടാൻ വേണ്ടി സൗത്ത് പൊലീസ് സ്റ്റേഷനുമുന്നിൽ സമരം നടത്തി.

ബി​.ജെ.പി​ അമ്പലപ്പുഴ, ആലപ്പുഴ മണ്ഡലം കമ്മി​റ്റി​കളുടെ നേതൃത്വത്തി​ലായി​രുന്നു മാർച്ച് തീരുമാനിച്ചിരുന്നത്. ഇന്നലെ രാവിലെ പതിനൊന്നോടെ പറവൂർ ജംഗ്ഷനിൽ നിന്ന് മന്ത്രിയുടെ ഓഫീസിലേക്ക് മാർച്ച് ആരംഭിച്ചപ്പോൾത്തന്നെ, ബി.ജെ.പി പറവൂർ ബൂത്ത് പ്രസിഡന്റ് വിനോദ് കൊണ്ടുവന്ന വളർത്തുനായയെ പൊലീസ് പി​ടി​കൂടി​ വാനിലേക്കു മാറ്റി. ഇതോടെയാണ് സംഘർഷമുണ്ടായത്. തുടർന്ന് ബി​.ജെ.പി​ പ്രവർത്തകർ ദേശീയപാതയിൽ കുത്തിയിരുന്നു. ഡിവൈ.എസ്.പി പി.വി. ബേബി, ആലപ്പുഴ സൗത്ത് സി.ഐ കെ.രാജേഷ്, എസ്.ഐ രാജേഷ്, പുന്നപ്ര എസ്.ഐ ജയമോഹൻ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സമരക്കാരെ അറസ്റ്റു ചെയ്ത് പുന്നപ്ര സ്റ്റേഷനിലെത്തിച്ചു. സ്റ്റേഷനു മുന്നിലും പ്രവർത്തകർ അയ്യപ്പനാമ ജപം തുടർന്നു. 64 പേർക്കെതിരെ കേസെടുത്തശേഷം ജാമ്യത്തി​ൽ വി​ട്ടയച്ചു. നായയെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് പ്രവർത്തകർ വീണ്ടും നാമജപം തുടർന്നു. ഇതിനിടെ ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് പി.എം.വേലായുധനുമെത്തി നാമജപത്തിൽ പങ്കുചേർന്നു. ആക്ടിവിസ്റ്റുകളെ മല ചവിട്ടാൻ സഹായിക്കുന്ന മന്ത്രി.ജി.സുധാകരൻ ഭാര്യയെ ശബരിമലയിലേക്കു കൊണ്ടുപോകാൻ തയ്യാറുണ്ടോ എന്ന് അദ്ദേഹം ചോദിച്ചു. ഒരു കാലത്ത് പാർട്ടിയുടെ കേന്ദ്രമായിരുന്നു പന്തളം കൊട്ടാരം. ഇപ്പോൾ കൊട്ടാരത്തെ അപകീർത്തിപ്പടുത്താനാണ് പാർട്ടി നേതാക്കൾ ശ്രമിക്കുന്നതെന്നും പി.എം. വേലായുധൻ പറഞ്ഞു. ഉച്ചയ്ക്ക് ഒന്നോടെ നായയെ വിട്ടുകിട്ടിയ ശേഷമാണ് പ്രവർത്തകർ പിരിഞ്ഞു പോയത്. ജില്ലാ പ്രസിഡന്റ് കെ.സോമൻ, വൈസ് പ്രസിഡന്റുമാരായ ഡി.പ്രദീപ്, കൊട്ടാരം ഉണ്ണിക്കൃഷ്ണൻ, എം.വി.ഗോപകുമാർ, പാലമുറ്റത്ത് വിജയകുമാർ, സെക്രട്ടറി എൽ.പി.ജയചന്ദ്രൻ, അമ്പലപ്പുഴ മണ്ഡലം പ്രസിഡന്റ് വി.ശ്രീജിത്ത് , കെ.അനിൽകുമാർ, അനിൽ പാഞ്ചജന്യം തുടങ്ങിയവരാണ് സമരത്തിന് നേതൃത്വം നൽകിയത്.

ബി.ജെ.പി പ്രവർത്തകരെ പൊലീസ് തടയുന്ന സമയത്ത് കളർകോട് ഭാഗത്ത് സി.പി.എം പ്രവർത്തകരും സംഘടിച്ചു. ഇവരെയും പൊലീസ് തടഞ്ഞു. അല്പനേരം ദേശീയ പാതയിൽ നിന്നു പ്രതിഷേധിച്ച ശേഷം പ്രവർത്തകർ പിരിഞ്ഞു പോയി. എച്ച്. സലാം, എ. ഓമനക്കുട്ടൻ, പി.ജി. സൈറസ്, ഏരിയ കമ്മിറ്റി അംഗങ്ങൾ ഉൾപ്പെടെ നൂറോളം പ്രവർത്തകർ പ്രതിഷേധ മാർച്ചിൽ പങ്കെടുത്തു. ശബരിമല വിഷയത്തിൽ മന്ത്രി ജി.സുധാകരനെ ബി.ജെ.പി നേതൃത്വം വ്യക്തിപരമായി അധിക്ഷേപിക്കുകയാണെന്ന് സി.പി.എം ജില്ലാ കമ്മിറ്റി ആരോപിച്ചു. മന്ത്രിയുടെ വീട്ടിലേക്ക് നായയുമായി പ്രകടനം നടത്താൻ ശ്രമിച്ചത് അങ്ങേയറ്റം പ്രാകൃതമാണ്. വിശ്വാസികളായ ജനങ്ങൾ ഇത്തരം പ്രചരണങ്ങൾക്കൊപ്പമല്ല എന്നതാണ് ബി.ജെ.പി.യുടെ പ്രകടനങ്ങൾ വ്യക്തമാക്കുന്നത്. ശബരിമല സ്ത്രീ പ്രവേശനം സംബന്ധിച്ച സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാരിനും ഇടത് മുന്നണിക്കുമെതിരായി സംഘപരിവാർ നടത്തുന്ന നീക്കത്തിനെതിരെ ജി.സുധാകരൻ നടത്തിയ ഇടപെടലുകളാണ് ബി.ജെ.പിയെ വിളറി പിടിപ്പിച്ചതെന്നും നാസർ പ്രസ്താവനയിൽ പറഞ്ഞു.