പൂച്ചാക്കൽ : പ്രളയം തിരിച്ചടിയായെങ്കിലും പാൽ ഉൽപാദനത്തിൽ സംസ്ഥാനം സ്വയം പര്യാപ്തതയിലേക്ക് എത്തുമെന്ന് മന്ത്രി കെ.രാജു പറഞ്ഞു. പാണാവള്ളി ഗ്രാമപഞ്ചായത്തിൽ പുതിയതായി നിർമ്മിച്ച മൃഗാശുപത്രി കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഡിസംബറോടെ പാൽ ഉത്പാദനം സ്വയം പര്യാപ്തതയിൽ എത്തുമെന്നാണ് പ്രതീക്ഷിച്ചതെങ്കിലും അടുത്ത മാർച്ചോടെയേ ഇത് യാഥാർത്ഥ്യമാവുകയുള്ളൂ. പ്രളയ നഷ്ട പരിഹാരത്തിന് ആനുപാതികമായി വളർത്തുമൃഗങ്ങൾ നഷ്ടപ്പെട്ടവർക്കും സഹായധനം നൽകം. എ.എം ആരിഫ് എം.എൽ.എയുടെയും പഞ്ചായത്ത് പ്രസിഡന്റിന്റെയും ആവശ്യപ്രകാരം വനിതാ ഗ്രാമം പദ്ധതി നടപ്പാക്കുന്നതിന് 15 ലക്ഷം രൂപ മന്ത്രി ചടങ്ങിൽ പ്രഖ്യാപിച്ചു. കോഴിത്തീറ്റ ഉൾപ്പെടെ പത്ത് കോഴി വീതം 1000 വനിതകൾക്ക് നൽകുന്ന പദ്ധതിയാണിത്. ചടങ്ങിൽ എ.എം ആരിഫ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രാജേഷ് വിവേകാനന്ദ, തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നിർമ്മലാശെൽവരാജ്, ജില്ലാ പഞ്ചായത്തംഗം പി.എം.പ്രമോദ്, മൃഗ സംരക്ഷണ വകുപ്പ് ഡയറക്ടർ ഡോ. പി.ജി.വത്സല, വെറ്ററിനറി സർജൻ ഡോ: മനു ജയൻ, എം കെ ഉത്തമൻ ,ഡോ :പി .സി .സുനിൽകുമാർ, ഷീബ സത്യൻ, പ്രദീപ് കൂടക്കൽ, പ്രേംലാൽ, പി.കെ.സുശീലൻ, ഷീലാ കാർത്തികേയൻ, ഡോ. മേരി ജെയിംസ്, സഫിയാ ഇസ്ഹാഖ്, കെ.കെ.പ്രഭാകരൻ, ബി. ബാലാനന്ദ് തുടങ്ങിയവർ സംസാരിച്ചു.