 കനാൽ വശങ്ങളിലായി ഇരുപതോളം മ്യൂസിയങ്ങൾ

ആലപ്പുഴ: പൈതൃക മന്ദിരങ്ങളെയും മറ്റ് പഴയകാല കാഴ്ചകളെയും ബന്ധിപ്പിച്ചുള്ള ആലപ്പുഴ പൈതൃക പദ്ധതിയുടെ പ്രവർത്തനങ്ങൾ സജീവമായി.

ആലപ്പുഴ നഗരത്തിലെ കനാലുകളിലെ മാലിന്യങ്ങൾ നീക്കം ചെയ്ത് ഉപ്പുവെള്ളം കയറ്റി ശുദ്ധീകരിച്ച ശേഷം ഇരുവശത്തുമായി ഇരുപതോളം മ്യൂസിയങ്ങൾ സ്ഥാപിക്കും. കനാലിലൂടെ ഒരുദിവസം സഞ്ചരിച്ച് മ്യൂസിയങ്ങൾ മുഴുവൻ കണ്ടുതീർക്കാൻ സഞ്ചാരികൾക്ക് അവസരമൊരുക്കുന്ന പദ്ധതിയുടെ ഭാഗമായി ആലപ്പുഴ കടൽപാലത്തിന്റെ നവീകരണ പ്രവർത്തനങ്ങളുടെയും പോർട്ട് മ്യൂസിയത്തിന്റെയും പുനർനിർമ്മാണത്തിനുള്ള പ്രാരംഭ പരിശോധനകൾ ആരംഭിച്ചു. ഇന്നലെ സർക്കാർ ഏജൻസിയുടെ നേതൃത്വത്തിൽ കടൽപാലത്തിന്റെ ഭാഗത്ത് മുങ്ങൽ വിദഗ്ദ്ധർ എത്തി കടലിന്റെ അടിത്തട്ടിലുള്ള ഫോട്ടോകളും വീഡിയോയും പകർത്തി. മത്സ്യത്താെഴിലാളികളുടെ ബോട്ടിലാണ് മൂന്നംഗ സംഘം പരിശോധന നടത്തിയത്. കടൽ പാലത്തിലുണ്ടായിരുന്ന രണ്ട് ക്രെയിനുകൾ കാലപ്പഴക്കത്തിൽ കടലിൽ വീണിരുന്നു. ഇത് അടിത്തട്ടിൽ ഉണ്ടോയെന്ന് പരിശോധിക്കാനാണ് ചിത്രങ്ങൾ എടുത്തത്. റിപ്പോർട്ട് കൈമാറിയിട്ടില്ലാത്തതിനാൽ എന്തൊക്കെ അടിത്തട്ടിലുണ്ടെന്ന് വ്യക്തമല്ല. വേലിയേറ്റം ശക്തമായി വെള്ളം കലങ്ങിയതിനാൽ ചിത്രങ്ങൾ ഒന്നുകൂടി എടുക്കേണ്ടി വരുമെന്ന് അധികൃതർ വ്യക്തമാക്കി. ക്രയിനുകൾ കടലിൽ നിന്ന് കിട്ടിയാൽ പൈതൃക സ്വത്തായി സംരക്ഷിക്കാനാണ് ലക്ഷ്യം.
കടൽപ്പാല പുനർ നിർമ്മാണത്തോടൊപ്പം കടൽ തീരത്ത് പോർട്ട് മ്യൂസിയവും നിർമ്മിക്കാനായി 28ന് പോർട്ട് ഓഫീസിൽ നടക്കുന്ന ഏകദിന സെമിനാറിൽ മന്ത്രിമാരായ ഡോ. ടി.എം.തോമസ് ഐസക്ക്, കടന്നപ്പള്ളി രാമചന്ദ്രൻ എന്നിവർ പങ്കെടുക്കും.
ഹൗസ്ബോട്ടിൽ ചുറ്റിയടിക്കുക എന്ന ലക്ഷ്യത്തോടെ മാത്രം പട്ടണത്തിലെത്തുന്ന വിനോദസഞ്ചാരികളെ ഇവിടെ തങ്ങാൻ പ്രേരിപ്പിക്കുന്ന വിധത്തിലാണ് മ്യൂസിയം സജ്ജീകരിക്കുന്നത്. കൊമേഴ്സ്യൽ കനാലിന്റെ വടക്കുവശത്ത് അവശേഷിക്കുന്ന നാല് പാശ്ചാത്യ കമ്പനികളായ ആസ്പിൻവാൾ, ബോംബെ കമ്പനി, വോൾകാട്ട് ബ്രദേഴ്സ്, ഡാറാസ് മെയിൽ സ്ഥാപനങ്ങളുടെ സമുച്ചയങ്ങളാണ് ഇതിനായി ഉപയോഗിക്കുക. ആലപ്പുഴ നഗരത്തിൽ പത്ത് കിലോമീറ്റർ ദൂരത്തിൽ ബോട്ടിംഗ് സംവിധാനം ഉപ്പാക്കുകയാണ് പദ്ധതി കൊണ്ട് ലക്ഷ്യമിട്ടിട്ടുള്ളത്.