ഹരിപ്പാട്: എം.സാൻഡ് കയറ്റി വന്ന ലോറി ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞു. ആർക്കും പരിക്കില്ല. ദേശീയപാതയിൽ ഹരിപ്പാട് കെ.എസ്.ആർ.ടി.സി ബസ് സ്റ്റാന്റിന് തെക്ക് വശത്ത് ഇന്നലെ വൈകിട്ട് 6.30 ഓടെയായിരുന്നു അപകടം. റാന്നിയിൽ നിന്നും എം.സാൻഡുമായി ഹരിപ്പാട് ഭാഗത്തേക്ക് വന്ന ലോറി വശത്തുകൂടി വന്ന കാറിൽ തട്ടാതിരിക്കാൻ വെട്ടിച്ചപ്പോൾ ഡിവൈഡറിൽ ഇടിച്ച് മറിയുകയായിരുന്നു. എം.സാൻഡ് റോഡിൽ നിരന്ന് ഗതാഗത തടസം ഉണ്ടായെങ്കിലും ഹൈവേ പൊലീസും, ഹരിപ്പാട് പൊലീസും, ഇ.ആർ.ടി അംഗങ്ങളും ചേർന്ന് ഗതാഗതം സുഗമമാക്കി. ലോറി മറിഞ്ഞെങ്കിലും ഡ്രൈവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. കെ.എസ്.ആർ.ടി.സി യുടെ ഭാഗത്ത് ഹൈമാസ്റ്റ് ലൈറ്റുകൾ ഉണ്ടെങ്കിലും ഇത് പ്രകാശിക്കാത്തത് വലിയ അപകടങ്ങൾക്ക് കാരണമാകുന്നുണ്ട്.