36 പേർ പദ്ധതിയെ അനുകൂലിച്ചേക്കും
കായംകുളം: കായംകുളത്ത് സ്വകാര്യ ബസ് സ്റ്റാന്റ് നിർമ്മാണത്തിന് സ്വകാര്യ വ്യക്തിയുടെ 85 സെന്റ് ഭൂമി ഏറ്റെടുക്കുവാനുള്ള വികസന സ്റ്റാന്റിംഗ് കമ്മറ്റിയുടെ നിർദ്ദേശത്തിൽ ഇന്ന് ചേരുന്ന നഗരസഭ കൗൺസിൽ യോഗം ചർച്ച ചെയ്ത് തീരുമാനമെടുക്കും. 44 അംഗ കൗൺസിലിൽ 36 പേർ നിർദ്ദേശത്തോട് അനുകൂല നിലപാടെടുക്കുമെന്നാണറിയുന്നത്.
ഭരണപക്ഷമായ എൽ.ഡി.എഫിലെ 21 കൗൺസിലർമാരും ബി.ജെ.പിയിലെ ഏഴ് കൗൺസിലർമാരും, കോൺഗ്രസിലെ 11 പേരിൽ എട്ടുപേരും ഇതിനെ അനുകൂലിയ്ക്കുന്ന നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. എൽ.ഡി.എഫ് ,ബി.ജെ.പി പാർലമെന്ററി പാർട്ടി യോഗങ്ങൾ പൂർണ്ണ പിന്തുണയാണ് സ്വകാര്യ ബസ് സ്റ്റാന്റ് നിർമ്മാണത്തിന് നൽകുന്നത്. കഴിഞ്ഞ ദിവസം നടന്ന കോൺഗ്രസ് പാർലമെന്ററി പാർട്ടി യോഗത്തിൽ പ്രതിപക്ഷ നേതാവ് യു. മുഹമ്മദ് ഉൾപ്പെടെ മൂന്നുപേർ മാത്രമാണ് പദ്ധതിയെ എതിർത്തത്.
ലിങ്ക് റോഡിൽ എൽമെക്സ് ഗ്രൂപ്പിന്റെ ഒരേക്കർ എൺപത് സെന്റ് വസ്തുവിൽ നിന്നും സ്വകാര്യ ബസ് സ്റ്റാന്റിനായി 55 സെന്റ് സ്ഥലം വിലയ്ക്കും മുപ്പത് സെന്റ് വസ്തു സൗജന്യമായും ആണ് ഏറ്റെടുക്കുന്നത്. ഇത് സംബന്ധിച്ച് ഉടമയുമായി പ്രാഥമിക ചർച്ച നഗരസഭ നടത്തി. ബസ് സ്റ്റാന്റ് നിർമ്മിയ്ക്കാനുള്ള സ്ഥലം നിയമക്കുരുക്കിലായിരുന്നു.
ശമ്പളം കൊടുക്കാൻ ബുദ്ധുമുട്ടുന്ന നഗരസഭയ്ക്ക് ഭീമമായ ബാധ്യത ഉണ്ടാക്കുന്നതാണ് സ്ഥലം ഏറ്റെടുക്കൽ. എന്നാൽ സൗജന്യമായി മുപ്പത് സെന്റ് സ്ഥലം കിട്ടുന്നതോടെ കാര്യങ്ങൾ എളുപ്പമാകുകയും നിയമകുരുക്കുകൾ അഴിയുകയും ചെയ്യും.
ഒരേക്കർ എൺപത് സെന്റ് വസ്തു മുഴുവനായി ഏറ്റെടുക്കണമെന്നാണ് പദ്ധതിയെ എതിർക്കുന്നവരുടെ ആവശ്യം. പ്രതിപക്ഷ നേതാവായ യു. മുഹമ്മദും കോൺഗ്രസിലെ രണ്ടുപേരും ഈ അഭിപ്രായക്കാരാണ്. മുഴുവൻ വസ്തുവും ഏറ്റെടുക്കാതിരിയ്ക്കുന്നതിൽ അഴിമതി ഉണ്ടന്നാണ്അവരുടെ ആരോപണം. മുസ്ലിം ലീഗിലെ മൂന്നു പേരും പദ്ധതിയെ എതിർക്കുന്നു.
വികസ വിരോധികളാണ് പദ്ധതിയെ എതിർക്കുന്നതെന്ന് എൽ.ഡി.എഫ് പാർലമെന്ററി പാർട്ടി യോഗം ആരോപിച്ചു.. ആർ.ഗിരിജ,എസ്.കേശുനാഥ്, ആറ്റക്കുഞ്ഞ്,സുൾഫിക്കർ മയൂരി, സജ്ന ഷഹീർ,ഷാമില അനിമോൻ, കരിഷ്മ ഹാഷിം എന്നിവർ പങ്കെടുത്തു.
-----------------
സ്വകാര്യ ബസ്റ്റാന്റിനായി എൽമെക്സ് ഗ്രൂപ്പ് വക മുഴുവൻ വസ്തുവും ഏറ്റെടുക്കണം. അറുപത് സെന്റ് ഏറ്റെടുക്കുവാനുള്ള നിർദ്ദേശം ബാക്കിയുള്ള സ്ഥലത്ത് പ്രവാസി മുതലാളിക്ക് ഷോപ്പിംഗ് മാൾ പണിയാൻ അവസരമൊരുക്കാനാണ്
യു. മുഹമ്മദ് , യു.ഡി.എഫ് പാർലമെന്ററി പാർട്ടി നേതാവ്
--------------------------------------
'' കായംകുളം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാന്റ് ഒരേക്കർ ഇരുപത്തഞ്ച് സെന്റിലാണ് സ്ഥിതി ചെയ്യുന്നത്. തൃശൂർ ഉൾപ്പെടെയുള്ള പ്രധാന സ്ഥലങ്ങളിലും ഇരുപത്തഞ്ച് മുതൽ അൻപത് സെന്റ് വരെയുള്ള വസ്തുവിലാണ് സ്വകാര്യ ബസ് സ്റ്റാന്റുകളുള്ളത്. ഇവിടെ കൂടുതൽ വസ്തു ഏറ്റെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് വാശി പിടിയ്ക്കുന്നത് വസ്തു ഉടമയോടുള്ള വ്യക്തി വിരോധം കാരണമാണ്
എൻ.ശിവദാസൻ, നഗരസഭ ചെയർമാൻ
-----------------------------------------------