ആലപ്പുഴ: പ്രളയത്തിൽ പ്രതിസന്ധിയിലായ കർഷകർ വിഷമിക്കേണ്ട. പ്രതീക്ഷയുടെ പാടത്ത് ഇനി വിത്തെറിയാം. പ്രകൃതി ചതിച്ചില്ലെങ്കിൽ നൂറുമേനി കൊയ്യാം. സങ്കടങ്ങൾ പഴങ്കഥയാക്കാം.

നഷ്ടക്കണക്കുകളിൽ കുറച്ചെങ്കിലും തിരിച്ചു പിടിക്കാം എന്ന പ്രതീക്ഷയിൽ പ്രളയാനന്തരം കൃഷിയിറക്കിയ കർഷകർക്ക് മുന്നിലുണ്ടായിരുന്ന പ്രധാന വെല്ലുവിളി വിത്തിന്റെ ദൗർലഭ്യമായിരുന്നു. വെള്ളം വറ്റിച്ച് നിലം ഒരുക്കി കഴിഞ്ഞപ്പോൾ വിത്ത് കിട്ടാത്ത അവസ്ഥ. ഈ പ്രതിസന്ധിക്ക് പരിഹാരമായി സർക്കാർ കൃഷിക്കുള്ള വിത്ത് എത്തിച്ചു തുടങ്ങി. ജില്ലയിലേക്ക് ആവശ്യമായ വിത്ത് എത്തിയിട്ടുണ്ടെന്നാണ് കൃഷി വകുപ്പ് പറയുന്നത്. വിത്ത് ഗോഡൗണിൽ എത്തിച്ചെങ്കിലും പലേടത്തും കർഷകരുടെ കൈയിലേക്ക് അത് എത്തിയില്ലെന്ന് പരാതിയുണ്ട്.

പാലക്കാടുനിന്ന് ഉമ,ജ്യോതി എന്നീ ഇനങ്ങളിൽപ്പെട്ട നെൽവിത്തുകളാണ് എത്തുന്നത്. 31നകം വിത്ത് വിതരണം പൂർത്തീകരിച്ച് നവംബർ ആദ്യവാരത്തോടെ വിത തുടങ്ങാനാണ് കൃഷിവകുപ്പിന്റെ ലക്ഷ്യം. ജില്ലയിലെ കർഷകർക്ക് പ്രിയം 'ഉമ" വിത്താണെങ്കിലും ഇപ്പോൾ എത്തിയതിൽ കൂടുതലും 'ജ്യോതി"യാണ്. കുട്ടനാട് മേഖലയിൽ 'ഉമ"യാണ് കർഷകർ കൂടുതൽ വിതയ്ക്കുന്നത്. ചെങ്ങന്നൂർ താലൂക്കിലെ പാടശേഖരങ്ങളിലാണ് 'ജ്യോതി" ക്ക് പ്രിയം. കഴിഞ്ഞ രണ്ട് ദിവസങ്ങളായി 'ഉമ" എത്തിതുടങ്ങിയത് കർഷകർക്ക് പ്രതീക്ഷ നൽകുന്നു. പാലക്കാടുനിന്ന് 'ഉമ" എത്തുന്ന മുറയ്ക്ക് വിത്ത് വിതരണം പൂർത്തിയാക്കാമെന്നാണ് കൃഷി വകുപ്പ് അധികൃതർ പറയുന്നത്.

കുട്ടനാട്ടിൽ 13 പഞ്ചായത്തുകളിലായി മുന്നൂറോളം പാടശേഖരങ്ങളിലായി 30000 ഹെക്ടറിൽ പുഞ്ചകൃഷി റക്കാനുള്ള ശ്രമത്തിലാണ് കർഷകർ. കര-കായൽ പാടങ്ങളെല്ലാം കൃഷിക്കുവേണ്ടി ഒരുങ്ങുകയാണ്. നല്ല വിളവ് ഇൗ കൃഷിയിൽ ലഭിച്ചില്ലെങ്കിൽ മിക്ക കർഷകരുടെയും കടം പെരുകും.

കുട്ടനാട്ടിൽ നെടുമുടിയിലെ പാടശേഖരങ്ങളിൽ മാത്രമേ നെൽവിത്ത് വിതരണം നടന്നിട്ടുള്ളൂ. കളർകോട്ടുള്ള കൃഷി വകുപ്പ് ഗോഡൗണിൽ രണ്ട് ദിവസങ്ങളിലായി 100 ടണ്ണോളം ഉമ വിത്താണ് എത്തിയത്. .തുടർദിവസങ്ങളിലായി കൈനകരി, ചമ്പക്കുളം, കാവാലം, എടത്വ പാടശേഖരങ്ങളിലേക്ക് വിത്തുകൾ എത്തിക്കും. നാഷ്ണൽ സീഡ് കോർപറേഷൻ, സംസ്ഥാന വിത്ത് വികസന അതോറിട്ടി,കർണാടക സീഡ് കോർപറേഷൻ എന്നിവ മുഖേനെയാണ് വിത്ത് ജില്ലയിലേക്ക് എത്തിക്കുന്നത്.

# ജില്ലയിലേയ്ക്ക് ആവശ്യമായ നെൽവിത്ത്

ഉമ.........3718 ടൺ

ജ്യോതി ....... 260 ടൺ

 വിത്തുകൾ വിതരണം ചെയ്തത്

ആലപ്പുഴ നഗരസഭയിലെ പാടശേഖരങ്ങൾ (ചുങ്കം,പള്ളാത്തുരുത്തി),പുന്നപ്ര നോർത്ത്, പുന്നപ്ര സൗത്ത്,തകഴി, കരുവാറ്റ,നെടുമുടി,മാന്നാർ,ചെന്നിത്തല,ചെങ്ങന്നൂർ എന്നിവിടങ്ങളിൽ വിത്ത് വിതരണം പൂർത്തീകരിച്ചു. അപേക്ഷയുടെ മുറയ്ക്കാണ് വിത്തുകൾ ലഭ്യമാക്കിയത്.

.............................

 സംഭരിച്ച് വയ്ക്കാൻ ഇടമില്ല

ഒരു ലോറിയിൽ 10 ടൺ വിത്താണ് എത്തുന്നത്. ജില്ലയ്ക്ക് ആവശ്യമായ വിത്തുകൾ ഒന്നിച്ച് സംഭരിക്കാനുള്ള സൗകര്യം കളർകോട്ടെ കൃഷി വകുപ്പ് ഗോഡൗണിൽ ഇല്ല. അതുകൊണ്ട് വിത്തുകൾ ഘട്ടം ഘട്ടമായാണ് എത്തുന്നത്.

.....................

'' ജില്ലയിലേക്ക് ആവശ്യമുള്ള വിത്തുകൾ എത്തിതുടങ്ങി. ഉമ വിത്താണ് കർഷകർ കൂടുതൽ ആവശ്യപ്പെടുന്നത് . ഇൗ മാസം അവസാനത്തോടെ കർഷകർക്ക് ആവശ്യമുള്ള വിത്തുകൾ നൽകാമെന്നാണ് പ്രതീക്ഷിക്കുന്നത്. എല്ലാ കർഷകർക്കും സൗജന്യമായാണ് വിത്തുകൾ നൽകുന്നത്. കർഷകർ മറ്റ് എവിടെ നിന്നെങ്കിലും വിത്ത് വാങ്ങിക്കുകയാണെങ്കിൽ ആ പണം കർഷകർക്ക് നൽകും. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇൗ വർഷം നേരത്തെയാണ് വിത്ത് വിതരണം.

ബീന നടേശൻ,

പ്രിൻസിപ്പൽ കൃഷി ഒാഫീസർ