ആലപ്പുഴ : മലയാളികളുടെ ഇഷ്ടവിഭവങ്ങളിലൊന്നായ കോഴിയിറച്ചിക്ക് ഓരോ ദിനവും വില കൂടുന്നു. കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളിൽ 44 രൂപയുടെ വർദ്ധനയാണ് ഒരു കിലോ ചിക്കന്റെ വിലയിലുണ്ടായത്. ജി.എസ്.ടി ഏർപ്പെടുത്തിയ ശേഷം കോഴിയിറച്ചിക്ക് ഇത്രയും വില കൂടുന്നത് രണ്ടാം തവണയാണ്. 138 രൂപയാണ് ഇന്നലെ ഒരു കിലോ ചിക്കന്റെ വില. രണ്ടാഴ്ച മുമ്പ് 94 രൂപയായിരുന്നു.
ഇറച്ചിക്കോഴിയുടെ മുക്കാൽ പങ്കും എത്തുന്നത് തമിഴ്നാട്ടിൽ നിന്നാണ്. അവിടുന്നുള്ള ലഭ്യത കുറഞ്ഞതാണ് വിലക്കയറ്റത്തിന് കാരണമെന്ന് വ്യാപാരികൾ പറയുന്നു. പ്രളയംമൂലം കേരളത്തിൽ കൂടുതൽ കോഴി വിറ്റഴിക്കാനാകുമോ എന്ന സംശയത്തിൽ തമിഴ്നാട് ഉത്പാദനം കുറയ്ക്കുകയായിരുന്നു. വിലക്കയറ്റം ദിവസങ്ങളോളം തുടരുമെന്നാണ് വ്യാപാരികൾ പറയുന്നത്. വില കൂടിയതോടെ ഹോട്ടലുകളിൽ ചിക്കൻ വിഭവങ്ങൾക്കും വിലകൂട്ടി. ഓരോ ദിവസവും ഓരോ വിലയാകുന്ന സ്ഥിതിയായി.