ആലപ്പുഴ: സമരപോരാട്ടങ്ങളുടെ സ്മരണകൾ ഇരമ്പുന്ന, ചെങ്കൊടിച്ചോപ്പുള്ള വേദികളിലൊന്നും പ്രായം മേദിനിച്ചേച്ചിക്കൊരു പ്രതിബന്ധമല്ല. വയസ് 86 പിന്നിട്ടു തുടങ്ങിയെങ്കിലും വേദികളിൽ ചേച്ചിയുടെ പാട്ടില്ലെങ്കിൽ പഴയ ഓർമ്മകൾക്ക് പൂർണ്ണത ഉണ്ടാവില്ലെന്ന് പുതുതലമുറ സഖാക്കളും ശരിവയ്ക്കുന്നു.
പുന്നപ്ര-വയലാർ സമരപഥങ്ങളിൽ തളരാതെ മുന്നേറാൻ ധീരനായകന്മാർക്ക് ശക്തി പകർന്ന സ്വരമാധുര്യം. മനസുനന്നാവട്ടെ, റെഡ്‌സല്യൂട്ട് തുടങ്ങിയ ഗാനങ്ങളിലൂടെ പെയ്തിറങ്ങിയ ശബ്ദഗാംഭീര്യത്തിന് ഇന്നും പതിനെട്ടിന്റെ പ്രസരിപ്പ്. പുന്നപ്ര-വയലാർ സമരകാലം മുതൽ സമ്മേളനങ്ങളിൽ പാട്ടുപാടിത്തുടങ്ങിയ മേദിനിച്ചേച്ചി, ആ പോരാട്ടത്തിന്റെ 72-ാം വാർഷിക വേളയിലും ആവേശത്തോടെ വേദികളിൽ സജീവമാണ്.
നിരോധിക്കപ്പെട്ട ഗാനം പാടിയതിന് കോട്ടയത്തെ വേദിയിൽ വച്ച് പൊലീസ് അറസ്റ്റ് ചെയ്തു. അന്ന് പ്രായം പതിനേഴ്. ഒരു രാത്രി പൊലീസ് സ്റ്റേഷനിൽ കഴിയേണ്ടിവന്നു. പ്രായപൂർത്തിയാകാത്തതിനാൽ കോടതി ജാമ്യത്തിൽ വിട്ടു. എട്ടാം വയസിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഭാഗമായ മേദിനി ഇന്നും അവശതകൾ മറന്ന് സമ്മേളനവേദികളിലെത്തുന്നു. മനസുണ്ടെങ്കിലും ശരീരം എല്ലായിടത്തും ഓടിയെത്തുന്നില്ല. വിപ്ലവഗാനരംഗത്ത് ഒട്ടേറെ സഖാക്കൾ ഉണ്ടായിരുന്നെങ്കിലും മലയാളികൾ ആദ്യസ്ഥാനം നൽകി നെഞ്ചോട് ചേർത്തത് മേദിനിചേച്ചിയെ ആയിരുന്നു. പെട്ടി പണപ്പെട്ടി ഒട്ടിയ വയർതൻ വീര്യമെല്ലാംകണ്ട് ... എന്ന ഗാനം ഒരുകാലത്ത് ജനങ്ങളുടെ മനസിളക്കി. പണത്തിന്റെ പെരുമയും മർദ്ദിതന്റെ ശബ്ദവുമായിരുന്ന ഈ ഗാനത്തിന് ഇന്നും പ്രസക്തി ഏറെയുണ്ട്.
പാർട്ടി അംഗത്വം
തൊഴിലാളി കുടുംബത്തിൽ ജനിച്ച മേദിനി ഫീസ് കൊടുക്കാൻ നിർവാഹമില്ലാത്തതിനാൽ ആറാം ക്ലാസിൽ പഠനം ഉപേക്ഷിച്ചു. പിന്നീട് തിരുവിതാംകൂർ കയർഫാക്ടറി വർക്കേഴ്‌സ് യൂണിയന്റെ സാംസ്‌കാരിക കേന്ദ്രമാണ് മേദിനിയെന്ന പാട്ടുകാരിയെ വളർത്തിയത്.19-ാം വയസിൽ എൻ.കെ.രാഘവനാണ് മേദിനിക്ക് പാർട്ടി മെമ്പർഷിപ്പ് നൽകിയത്. വേദിയിൽ പഴയകാല നേതാക്കളെക്കുറിച്ച് ഓർക്കുമ്പോൾ കണ്ണുകൾ ഈറനണിയും. ഇതിനോടകം പതിനായിരത്തിലധികം വേദികൾ കീഴടക്കി. അനിൽ നഗേന്ദ്രൻ പി.കൃഷ്ണപിള്ളയുടെ ജീവചരിത്രം സിനിമയാക്കിയപ്പോൾ മലയാളത്തിലെ പ്രമുഖ സിനിമാതാരങ്ങൾക്കൊപ്പം അഭിനയിക്കാൻ കഴിഞ്ഞത് മറ്റൊരു അംഗീകാരമായി.
കേരളത്തിനു പുറത്ത്
പി.കെ. വാസുദേവൻ നായർ സി.പി.ഐ സംസ്ഥാന സെക്രട്ടറിയായിരുന്ന കാലത്ത് പഞ്ചാബിൽ നടന്ന പാർട്ടി ദേശീയ സമ്മേളനത്തിൽ പ്രതിനിധിയായത് മേദിനി ഇന്നും ആവേശത്തോടെ ഓർക്കുന്നു. മേദിനിയുടെ പാട്ട് കടൽ കടന്ന് ഷാർജയിലും എത്തി. മലയാളി അസോസിയേഷൻ ഒരുക്കിയ വേദിയിൽ മേദിനിയെ ആദരിച്ചു.