ചേര്‍ത്തല:തണ്ണീർമുക്കം ബണ്ട് മൂന്നാംഘട്ടത്തിന്റെ ഭാഗമായ മണൽ ചിറകളിലെ മണലിന്റെ പേരിലുയർന്ന അവകാശ തർക്കത്തിൽ സംസ്ഥാന സർക്കാർ ഇടപെടുന്നു.
ഹൈക്കോടതി വിഷയം ചീഫ് സെക്രട്ടറിയുടെ പരിഗണനക്കു വിട്ടിരുന്നു. ഇന്നലെ ചീഫ് സെക്രട്ടറി ടോംജോസിന്റെ സാന്നിധ്യത്തിൽ തിരുവനന്തപുരത്തായിരുന്നു ചർച്ച.
മണൽ നീക്കത്തിൽ തർക്കമുയർത്തിയ തണ്ണീർമുക്കം ഗ്രാമപഞ്ചായത്ത് പ്രതിനിധികൾ,കരാർ കമ്പനി പ്രതിനിധികൾ ,ഇറിഗേഷൻ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
വ്യവസ്ഥകൾ പ്രകാരം മണൽ തങ്ങള്‍ക്കവകാശപ്പെട്ടതാണെന്ന നിലപാടിലായിരുന്നു കരാർ കമ്പനി . മണലിന്റെ വില കമ്പനിയിൽ നിന്നും വ്യവസ്ഥകൾ പ്രകാരം ഈടാക്കിയിട്ടുണ്ടെന്നും ഇവർ യോഗത്തിൽ അറിയിച്ചു.
എന്നാല്‍ ഇതിനെതിരെ ശക്തമായ നിലാപാടാണ് തണ്ണീർമുക്കം ഗ്രാമപഞ്ചായത്ത് സ്വീകരിച്ചത്. കോടികൾ വിലവരുന്ന മണൽ തുച്ഛമായ പണം അടച്ചതിന്റെ പേരിൽ വിട്ടുകൊടുക്കാനാകില്ലെന്നും മണൽ സർക്കാർ ഏറ്റെടുത്ത് ഗ്രാമപഞ്ചായത്തിനു നൽ കണമെന്നും പഞ്ചായത്ത് പ്രസിഡന്റ് പി.എസ്.ജ്യോതിസ് പറഞ്ഞു..
ചർച്ചയുടെ അടിസ്ഥാനത്തിൽ ചീഫ് സെക്രട്ടറി തീരുമാനമെടുത്ത് സർക്കാരിനു സമർപ്പിക്കും.