ആലപ്പുഴ:ദേശീയ വിരവിമുക്ത ദിനമായ ഇന്ന് സംസ്ഥാനത്തെ ഒന്നുമുതൽ 19 വയസ് വരെയുള്ള എല്ലാ കുട്ടികൾക്കും വിര നശീകരണ ഗുളികകൾ അംഗനവാടികൾ, സ്‌കൂളുകൾ, കോളേജുകൾ എന്നിവയിലൂടെ സൗജന്യമായി വിതരണം ചെയ്യും. എല്ലാ വർഷവും ആഗസ്റ്റ് 10 ന് ആചരിച്ചിരുന്ന വിരവിമുക്ത ദിനം പ്രളയബാധയെതുടർന്ന് ഇന്നത്തേക്ക് മാറ്റുകയായിരുന്നു.
വിരബാധിതർ കൂടുതൽ വികസ്വര രാജ്യങ്ങളിൽ
ലോകത്ത് 150 കോടി ജനങ്ങൾക്ക് വിരബാധയുള്ളതായി ലോകാരോരോഗ്യ സംഘടനയുടെ കണക്കുകൾ സൂചിപ്പിക്കുന്നു. ലോക ജനസംഖ്യയുടെ 24 ശതമാനം വിരബാധിതരാണ്. 880 ദശലക്ഷം കുട്ടികളിലും വിരബാധയുള്ളതായി പഠനങ്ങൾ കാണിക്കുന്നു. വികസ്വര രാജ്യങ്ങളിലാണ് വികസിത രാജ്യങ്ങളേക്കാൾ വിരബാധിതർ കൂടുതൽ.
വിരബാധ ലക്ഷണങ്ങൾ
വിരബാധയുള്ള കുട്ടികൾ കഴിക്കുന്ന ആഹാരത്തിലെ പോഷകങ്ങൾ കുടലിനുള്ളിൽ എത്തുമ്പോൾ വിര ആഗിരണം ചെയ്ത് കുട്ടികൾക്ക് പോഷക വൈകല്യം ഉണ്ടാകുന്നു. ഇത് കുട്ടികളിൽ വിളർച്ച, ക്ഷീണം, വിശപ്പില്ലായ്മ എന്നിവയ്ക്ക് കാരണമാവുന്നു. പഠിത്തത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള കഴിവും കുറയുന്നു. വിരബാധയുടെ തോത് കൂടുതലുള്ള കുട്ടികൾക്ക് വയറിളക്കം, ഛർദ്ദി, വയറുവേദന എന്നീ ലക്ഷണങ്ങളും കാണാറുണ്ട്. വിരബാധ ശാരീരികവും മാനസികവുമായ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നു.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
1.പാദരക്ഷകൾ ശീലമാക്കുക
2.നഖം വെട്ടി കൈകൾ വൃത്തിയായി സൂക്ഷിക്കുക
3.ആഹാരത്തിനു മുമ്പും മലവിസർജ്യത്തിനുശേഷവും കൈ സോപ്പിട്ട്
കഴുകുക
4.പഴ വർഗങ്ങളും പച്ചക്കറികളും ശുദ്ധജലത്തിൽ നന്നായി കഴുകിയശേഷം
ഉപയോഗിക്കുക
5.തിളപ്പിച്ചാറിയ ശുദ്ധജലം മാത്രം കുടിക്കുക
6.തുറസായ സ്ഥലങ്ങളിൽ മലമൂത്രവിസർജനം നടത്താതിരിക്കുക
7.ഭക്ഷണം എപ്പോഴും മൂടിവച്ച് ചൂടോടെ ഉപയോഗിക്കുക.
ഗുളികകൾ കിട്ടുന്ന സ്ഥലങ്ങൾ
സർക്കാർ, എയ്ഡഡ് സ്‌കൂളുകളിലും കോളേജുകളിലും അംഗൻവാടികളിലും കിട്ടും. ഇന്ന് വിരവിമുക്ത ഗുളിക കഴിക്കാൻ സാധിക്കാത്ത കുട്ടികൾക്ക് നവംബർ ഒന്നിന് വീണ്ടും വിതരണം ചെയ്യും.