കായംകുളം: നഗരത്തിൽ സ്വകാര്യ ബസ് സ്റ്റാൻഡിന് ഒടുവിൽ പച്ചക്കൊടി. ഇതിനായി നഗരസഭ ഏറ്റെടുവാൻ തീരുമാനിച്ചത് 85 സെന്റ് . എൽമെകസിന്റെ 65 സെന്റ് സ്ഥലം ഏറ്റെടുക്കുന്നതിൽ 35 സെന്റ് അവർ സൗജന്യമായാണ് നഗരസഭയ്ക്ക് കൈമാറുന്നത്. സമീപത്തെ എസ്.പി.എം.എസ് വക ഇരുപത് സെന്റ് കൂടി ഏറ്റെടുക്കും.രണ്ടാം ഘട്ടമായി ഇറിഗേഷൻ വകുപ്പിന്റെ 65 സെന്റ് കൂടി സർക്കാർ അനുമതിയോടെ ഏറ്റെടുക്കാൻ നിർദ്ദേശമുണ്ട്.
എൽമെക്സ് വക സ്ഥലത്ത് കൊമേഴ്സ്യൽ കോംപ്ളക്സ് നിർമ്മിക്കാൻ 2008 ലാണ് ഉടമ കെ.ഡി ഗോപാലകൃഷ്ണൻ നഗരസഭയ്ക്ക് അപേക്ഷ നൽകിയത്. ഇത് നിരസിച്ചതിനെ തുടർന്ന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള ട്രൈബ്യൂണലിനെ സമീപിച്ച് അനുകൂല വിധി സമ്പാദിച്ചു. ഇത് നഗരസഭ ഹൈക്കോടതിയിൽ ചോദ്യം ചെയ്തെങ്കിലും തള്ളി. അനുമതി ലഭിക്കാത്തതിനെ തുടർന്ന് ഉടമ 2016 ൽ വീണ്ടും ഹൈക്കോടതിയെ സമീപിക്കുകയും ഒരുമാസത്തിനകം തീർപ്പ് ഉണ്ടാവണമെന്ന വിധി സമ്പാദിക്കുകയും ചെയ്തു.
തുടർന്ന് നഗര ഭരണ നേതൃത്വം ഉടമയുമായി പല തവണ സംസാരിക്കുകയും 35 സെന്റ് വിലയ്ക്കും 30 സെന്റ് സൗജന്യമായും വിട്ടു നല്കാനും തീരുമാനിച്ചു. വികസന സ്റ്റാൻഡിംഗ് കമ്മിറ്റിയ്ക്ക് സമർപ്പിച്ച നിർദ്ദേശങ്ങൾ അവർ അംഗീകരിച്ച് കൗൺസിലിന്റെ അനുമതിക്ക് സമർപ്പിക്കുകയായിരുന്നു. അതിനാണ് കൗൺസിൽ യോഗം അനുമതി നൽകിയത്.