ആലപ്പുഴ : പടക്കങ്ങൾ നിരോധിക്കണമെന്ന ഹർജി സുപ്രീം കോടതി തള്ളിയതിന്റെ ആശ്വാസത്തിലാണ് ജില്ലയിലെ പടക്ക വില്പനശാലയുടമകളും തൊഴിലാളികളും.നിയന്ത്രണങ്ങളോടെ പടക്കം പൊട്ടിക്കാമെന്ന കോടതി വിധിയോടെ, ദീപാവലി കച്ചവടം കൊഴുപ്പിക്കാനൊരുങ്ങുകയാണ് പടക്കവില്പനശാലകൾ.
ദീപാവലി, ക്രിസ്‌മസ്, പുതുവത്സരം, വിഷു എന്നീ ദിവസങ്ങളിലാണ് കൂടുതൽ പടക്ക വില്പന നടക്കുന്നത്. അടിക്കടിയുള്ള ദുരന്തങ്ങളും കോടതിയുടെ ഇടപെടലും പടക്ക നിർമ്മാണമേഖലയ്ക്ക് തിരിച്ചടിയായിരുന്നു. ചേർത്തല, ആലപ്പുഴ എന്നിവിടങ്ങളിലാണ് ജില്ലയിൽ ഓലപ്പടക്കത്തിന്റെ മൊത്ത വ്യാപാരികൾ പ്രവർത്തിക്കുന്നത്. ഇപ്പോൾ ശിവകാശിയിൽ നിന്നാണ് ജില്ലയിലേക്ക് പ്രധാനമായും പടക്കം എത്തുന്നത്. ആലപ്പുഴ നഗരത്തിൽ മൂന്ന് പടക്ക മൊത്ത വ്യാപാര സ്ഥാപനങ്ങളുണ്ട്. ചേർത്തല മാർക്കറ്റിൽ അഞ്ചും ആലപ്പുഴ നഗരത്തിൽ മൂന്നും കടകൾക്കാണ് അംഗീകാരമുള്ളത്. കൊട്ടാരപ്പാലം, പഴവീട്, നഗരസഭാ ഓഫീസ് എന്നിവിടങ്ങളിലാണ് ആലപ്പുഴ നഗരത്തിൽ അംഗീകൃത പടക്കവ്യാപാരശാലകൾ . ഉത്സവ സീസണിനു പുറമേ പാടശേഖരത്ത് വിളവ് ഇറക്കുമ്പോഴും പടക്കവില്പന നടക്കുമായിരുന്നു. ഇക്കുറി പ്രളയംമൂലം വിളവ് ഇറക്കാൻ കഴിയാതെ വന്നതും പടക്ക വില്പനയെ ബാധിച്ചു. ദീപാവലി വിനണിയിലാണ് ഇപ്പോഴത്തെ പ്രതീക്ഷ.
ശിവകാശി പടക്കത്തിന് പ്രിയം
ശിവകാശിയിൽ നിർമ്മിക്കുന്ന വിവിധയിനം വർണ്ണങ്ങൾ വിരിയിക്കുനന് പടക്കമാണ് കൂടുതൽ വിൽക്കുന്നത്. കമ്പിത്തിരികൾ, ശക്തികുറഞ്ഞ പടക്കങ്ങൾ തുടങ്ങിയവയാണ് ജനകീയ ബ്രാൻഡുകൾ. ശക്തി കൂടിയ ഓലപ്പടക്കത്തിനായിരുന്നു പ്രിയം കൂടുതൽ. എന്നാൽ, നാടൻ ഓലപ്പടക്കത്തിന് കോടതി നിരോധനം ഏർപ്പെടുത്തിയത് തിരിച്ചടിയായി.
നിയന്ത്രണം പാരയായി
ഗ്രാമീണ മേഖലയിലെ പടക്ക നിർമ്മാണ നിയന്ത്രണംമൂലം ആയിരക്കണക്കിന് തൊഴിലാളികൾക്ക് ജോലി നഷ്ടമായി. സുരക്ഷയില്ലാതെയുള്ള നിർമ്മാണ രീതിയാണ് അപകടങ്ങൾക്കും ദുരന്തങ്ങൾക്കും കാരണം. തുറവൂർ, വളമംഗലം, മുട്ടം എന്നിവിടങ്ങളിലാണ് ജില്ലയിൽ പടക്ക നിർമ്മാണ ശാലകൾ കുടിൽ വ്യവസായം പോലെ പ്രവർത്തിക്കുന്നത്. ഇവിടെ നിർമ്മിക്കുന്ന ഓലപ്പടക്കത്തിന് ചെലവ് കുറവും ശക്തി കൂടിയതുമായിരുന്നു. വ്യാപാരികൾക്ക് കൂടുതൽ ലാഭവും ലഭിക്കുമായിരുന്നു. എന്നാൽ നിരോധനം ഇതിന് തിരിച്ചടിയായി. ചിലയിനം രാസവസ്തുക്കളുടെ വില്പന നിരോധിച്ചതും ഗ്രാമീണ പടക്ക നിർമ്മാണ മേഖലയെ ബാധിച്ചു.
റോഡരികിൽ കച്ചവടം
ഉത്സവ സീസണുകളിൽ ജില്ലയിലെ റോഡുകൾക്കരികിൽ പോലും താത്കാലിക പടക്ക വില്പന നടക്കാറുണ്ട്. ആഘോഷ ദിവസത്തോടനുബന്ധിച്ചുള്ള രണ്ടുനാളുകളിലാണ് കച്ചവടം. പടക്ക നിർമാണത്തിനും വിൽപനക്കും പ്രത്യേക ലൈസൻസ് വേണമെന്നിരിക്കെ യാതൊരുവിധ സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെ ചില താത്കാലിക കച്ചവടശാലകൾ തലപൊക്കുന്നത് അംഗീകൃത കച്ചവടക്കാർക്ക് വിനയാണ്.
''കൃത്യസമയത്തിനുള്ളിൽ പടക്കം പൂർണ്ണമായി വിറ്റു പോയില്ലെങ്കിൽ വലിയ സാമ്പത്തിക പ്രതിസന്ധിയുണ്ടാകും.ശിവകാശിയിൽ നിന്ന് വാങ്ങുന്ന പടക്കം രണ്ട് മാസത്തിനുള്ളിൽ വിറ്റ് തീർന്നില്ലെങ്കിൽ ഈർപ്പം പിടിച്ച് കേടാവും. പടക്കം പൊട്ടിക്കുന്നതിലെ സമയ നിയന്ത്രണം കച്ചവടത്തെ ബാധിച്ചേക്കും
വേലായുധൻ,
പടക്ക വ്യാപാരി, ആലപ്പുഴ.