വള്ളികുന്നം : വൃദ്ധനെ അടിച്ച് അവശനാക്കിയശേഷം ആശുപത്രിയിലുപേക്ഷിച്ച് അക്രമിസംഘം കടന്നു. ഇന്നലെ രാത്രി ഒൻപതോടെ ചൂനാട് തെക്കേ ജംഗ്‌ഷനു സമീപമാണ് വള്ളികുന്നം കടുവുങ്കൽ ആശാൻ വയലിൽ ചെല്ലപ്പനെ (75) മദ്യപിച്ച് ബൈക്കിലെത്തിയ മൂന്നംഗ സംഘം അടിച്ചു വീഴ്ത്തിയത്.

പരിക്കേറ്റ ചെല്ലപ്പനെ കായം ഗവ. ആശുപത്രിയിൽ എത്തിച്ചശേഷമാണ് അക്രമിസംഘം കടന്നത്. തലയ്ക്കു ഗുരുതര പരിക്കായതിനാൽ ചെല്ലപ്പനെ പിന്നീട് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. ചെല്ലപ്പന്റെ സൈക്കിളിൽ ബൈക്ക് തട്ടിയതിനെ തുടർന്നുണ്ടായ വാക്കുതർക്കമാണ് ആക്രമണത്തിനു കാരണം. വള്ളികുന്നം പൊലീസിൽ പരാതി നൽകി.