ആലപ്പുഴ: പായുന്ന വാഹനങ്ങൾക്കിയിലൂടെ നഗരത്തിൽ റോഡ് മുറിച്ചു കടക്കുന്നത് യാത്രക്കാർക്ക് ഭീഷണിയാകുന്നു. റോഡിലൂടെ തിങ്ങിനീങ്ങുന്ന വാഹനങ്ങൾ നിയന്ത്രിക്കാൻ പല ജംഗ്ഷനിലും പൊലീസ് ഇല്ലാത്തതും അപകട സാദ്ധ്യത വർദ്ധിപ്പിക്കുകയാണ്.
റോഡ് മുറിച്ച് കടക്കാനായി യാത്രക്കാർ തന്നെ 'പൊലീസാ"കേണ്ട ഗതികേടാണിപ്പോൾ. കൈ കാണിച്ച് വാഹനങ്ങൾ നിറുത്തിച്ച ശേഷം റോഡ് മുറിച്ചു കടക്കാനായി ഓടി നീങ്ങുകയാണ് യാത്രക്കാർ. . ഇതിനിടയിൽ അപകടത്തിൽപ്പെട്ടില്ലെങ്കിൽ ഭാഗ്യം. നഗരം നിത്യവും അനുഭവിക്കുന്ന ദുരിതക്കാഴ്ചയാണിത്. പക്ഷേ, കാണേണ്ടവർ കാണുന്നില്ല.
ജനത്തിരക്കേറിയ നഗരവും ഇടുങ്ങിയ റോഡുമാണ് ആലപ്പുഴയിലേത്. ഒരു റോഡിനും ആവശ്യത്തിന് വീതിയില്ല. ചങ്ങനാശേരിമുക്ക് മുതൽ കൊമ്മാടി ജംഗ്ഷൻ വരെയാണ് നഗരത്തിൽ ഗതാഗത കുരുക്ക് അനുഭവപ്പെടുന്നത്. തിരുവമ്പാടി, ചുടുകാട് ജംഗ്ഷൻ, കളക്ട്രേറ്റ് ജംഗ്ഷൻ, ശവക്കോട്ടപാലം, പിച്ചു അയ്യർ ജംഗ്ഷൻ, വൈഎം.സി.എ, ജില്ലാ കോടതിപ്പാലം, കൺട്രോൾ റൂം, കല്ലുപാലം, കൊട്ടാരം ജംഗ്ഷൻ എന്നിവടങ്ങളിലാണ് പ്രധാനമായും പൊലീസിന്റെ സാന്നിദ്ധ്യം അനിവാര്യമായിട്ടുള്ളത്. ചിലയിടങ്ങളിൽ സിഗ്നൽ ലൈറ്റുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും പലപ്പോഴും ഇവ മിഴി തുറക്കാറില്ല. വാഹനങ്ങൾ ഡ്രൈവർമാർ തോന്നിയ പോലെ ഇതുവഴി നീങ്ങുന്നത് ട്രാഫിക് ബ്ളോക്ക് ഉണ്ടാക്കുന്നു.
ജില്ലാ കോടതി പാലത്തിന് സമീപം മാത്രമാണ് ഇപ്പോൾ സ്ഥിരമായി ട്രാഫിക് പൊലീസിന്റെ സേവനമുള്ളത്. ഇവിടെ സിഗ്നൽ ലൈറ്റ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും പ്രവർത്തന സജ്ജമല്ല.
കുരുക്കഴിക്കുന്നത് ഡ്രൈവർമാർ
തിരുവമ്പാടി ജംഗ്ഷൻ, ജനറൽ ആശുപത്രി ജംഗ്ഷൻ എന്നിവിടങ്ങളിൽ വാഹന ബ്ളോക്ക് ഉണ്ടാകുമ്പോൾ ഗതാഗത നിയന്ത്രണ ചുമതല ആട്ടോ ഡ്രൈവർമാർ ഏറ്റെടുക്കുകയാണ് പതിവ്. രാത്രി കാലത്ത് മിക്കദിവസങ്ങളിലും ജനറൽ ആശുപത്രി ജംഗ്ഷനിൽ ഡ്രൈവർമാരാണ് വാഹനങ്ങൾ നിയന്ത്രിക്കുന്നത്.
''സിഗ്നൽ ലൈറ്റ് ഇല്ലാത്ത സ്ഥലത്ത് പൊലീസിന്റെ സേവനം ഉറപ്പാക്കിയിട്ടുണ്ട്. ജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാകത്ത തരത്തിലാണ് ഗതാഗത പരിഷ്കാരം .
ട്രാഫിക് പൊലീസ് ,ആലപ്പുഴ