 എൽ.ഡി.എഫ് സ്ഥാനാർത്ഥിയുടെ വോട്ട് അസാധുവായി

ആലപ്പുഴ : ആലപ്പുഴ നഗരസഭ വൈസ് ചെയർപേഴ്സണായി കോൺഗ്രസിലെ സി.ജ്യോതിമോൾ തിരഞ്ഞെടുക്കപ്പെട്ടു. തിരുവമ്പാടി വാർഡ് കൗൺസിലറായ ജ്യോതിമോൾ എൽ.ഡി.എഫിലെ റമീസത്തിനെയാണ് പരാജയപ്പെടുത്തിയത്. ജ്യോതിമോൾക്ക് 25 ഉം റമീസത്തിന് 19 ഉം വോട്ടുകൾ ലഭിച്ചു. ബി.ജെ.പിയും പി.ഡി.പിയും വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. സ്ഥാനാർത്ഥി റമീസത്തിന്റെ വോട്ട് അസാധുവായത് എൽ.ഡി.എഫിന് നാണക്കേടായി. വോട്ട് ചെയ്തതിന് ശേഷം ഒപ്പിടാഞ്ഞത് മൂലമാണ് വോട്ട് അസാധുവായത്. ചാത്തനാട് വാർഡിലെ സി.പി.ഐ.അംഗമാണ് റമീസത്ത്. വോട്ട് അസാധുവായതിൽ സി.പി.ഐ ജില്ലാ നേതൃത്വം കൗൺസിലറെ ശാസിച്ചു.

യു.ഡി.എഫിലെ മുൻധാരണ പ്രകാരം മുസ്ലീംലീഗിലെ ബീന കൊച്ചുബാവ സ്ഥാനം ഒഴിഞ്ഞതിനെത്തുടർന്നാണ് തിരഞ്ഞെടുപ്പ് ന‌ടന്നത്. സബ് കളക്ടർ വി.ആർ.കൃഷ്ണതേജ വരണാധികാരിയായിരുന്നു. സ്ഥാനമേറ്റ ജ്യോതിമോൾക്ക് നഗരസഭാദ്ധ്യക്ഷൻ തോമസ് ജോസഫ് സത്യപ്രതിഞ്ജ ചൊല്ലിക്കൊടുത്തു.